Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനു മടങ്ങുന്നു; ഹോണ്ട ഇന്ത്യയെ നയിക്കാൻ ഊനൊ എത്തുന്നു

yoichiro-ueno Yoichiro Ueno

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യയെ നയിക്കാൻ യോയ്ചിരൊ ഊനൊ എത്തുന്നു. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രഖ്യാപിച്ച മാനേജ്മെന്റ് പുനഃസംഘടന പ്രകാരം ഏപ്രിൽ ഒന്നിനാണ് ഊനൊ ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ചുമതലയേൽക്കുക. നിലവിൽ ഹോണ്ട കാഴ്സ് ഇന്ത്യയെ നയിക്കുന്ന കട്സുഷി ഇനുവിനു മാതൃസ്ഥാപനമായ ഹോണ്ട മോട്ടോർ കമ്പനിയിൽ ഓപ്പറേറ്റിങ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചു. യൂറോപ്യൻ മേഖലയുടെ ചുതമലയുള്ള ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിട്ടാണ് ഇനുവിന്റെ പുതിയ നിയമനം.

ഉപയോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കാനും ഡീലർഷിപ് തലത്തിലെ കാര്യക്ഷമത ഉയർത്താനും ഡിജിറ്റൽ മേഖലയിൽ വിവിധ പരിഷ്കാരങ്ങളാണ് ഇനുവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ മൂന്നാം തലമുറയെ വിജയകരമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിനു നേതൃത്വം നൽകിയതും ഇനുവാണ്. രാജ്യത്തെ വിപണന ശൃംഖലയിൽ ഗണ്യമായ വിപുലീകരണം സാധ്യമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയിലെ കാലാവധി പൂർത്തിയാക്കി ജപ്പാനിലെ കമ്പനി ആസ്ഥാനത്തേക്കു മടങ്ങുന്ന ഇനുവിന്റെ പുതിയ നിയമനം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, റീജണൽ ഓപ്പറേഷൻസ് (യൂറോപ്പ് റീജിയൻ), ഹോണ്ട മോട്ടോർ യൂറോപ്പ് പ്രസിഡന്റും ഡയറക്ടറും എന്നീ നിലകളിലാണ്.

ഇനുവിന്റെ പിൻഗാമിയാവാൻ ഊനൊ എത്തുന്നത് മലേഷ്യയിൽ നിന്നാണ്; 2011 ജനുവരി മുതൽ ഹോണ്ട മലേഷ്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമാണ് ഊനൊ. ഇതിനു മുമ്പ് അമേരിക്കൻ ഹോണ്ടയിൽ ഓട്ടമൊബീൽ സെയിൽസ് വിഭാഗം അസിസ്റ്റൻ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. അന്നു യു എസ് വിപണിയിലെ വാഹന വിൽപ്പനയുടെ ആസൂത്രണവും ഏകോപനവും ഊനൊയുടെ ചുമതലയായിരുന്നു.മൂന്നു പതിറ്റാണ്ടിലേറെയായി ഹോണ്ട മോട്ടോറിനൊപ്പം ഊനൊയ്ക്ക് വാഹന വ്യവസായ മേഖലയിൽ അതിലുമേറെ കാലത്തെ പ്രവർത്തന പരിചയമുണ്ട്. ജപ്പാനു പുറത്ത് ന്യൂസീലൻഡ്, തായ്ലൻഡ്, ഏഷ്യ — ഓഷ്യാനിയ, ചൈന, നോർത്ത് അമേരിക്ക തുടങ്ങിയ വിപണികളിലെ പ്രവർത്തന പരിചയവും ഊനൊയ്ക്കു സ്വന്തമാണ്.

Your Rating: