Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലയൻസ് ടയർ ഗ്രൂപ്പിനെ സ്വന്തമാക്കാൻ യോകൊഹാമ

Yokohama Tyres

ടയർ നിർമാണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടയർ നിർമാതാക്കളായ അലയൻസ് ടയർ ഗ്രൂപ്പി(എ ടി ജി)നെ ടോക്കിയോ ആസ്ഥാനമായ യോകൊഹാമ റബർ കമ്പനി ഏറ്റെടുക്കുന്നു. നെതർലൻഡ്സ് ആസ്ഥാനമായ എ ടി ജിയുടെ 100% ഓഹരിയും സ്വന്തമാക്കാൻ ധാരണയായെന്ന് ജാപ്പനീസ് ടയർ നിർമാതാക്കളായ യോകൊഹാമ വെളിപ്പെടുത്തി. ആഗോള നിക്ഷേപക സ്ഥാപനമായ കെ കെ ആർ ആണു മഹാൻസരിയ കുടുംബവുമായുള്ള ഓഹരി കൈമാറ്റ നടപടികളിൽ സഹകരിക്കുന്നത്. മൊത്തം 117.9 കോടി ഡോളർ(ഏകദേശം 7865.70 കോടി രൂപ) മുടക്കിയാണ് എ ടി ജി ഓഹരികൾ സ്വന്തമാക്കുന്നതെന്നും യോകൊഹാമ വെളിപ്പെടുത്തി. ആവശ്യമായ അനുമതികൾ സ്വന്തമാക്കി ജൂലൈ ഒന്നോടെ ഓഹരി കൈമാറ്റം പൂർത്തിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു. 52.9 കോടി ഡോളർ(ഏകദേശം 3529.22 കോടി രൂപ) വാർഷിക വിറ്റുവരവുള്ള എ ടി ജിയുടെ പ്രവർത്തന ലാഭം 9.5 കോടി ഡോളർ(ഏകദേശം 633.79 കോടി രൂപ) ആണ്.

നൂറ്റി ഇരുപതോളം രാജ്യങ്ങളിൽ റേഡിയൽ, ബയസ് ടയറുകൾ വിൽക്കുന്ന എ ടി ജിയുടെ പ്രധാന വിപണി വടക്കേ അമേരിക്കയും യൂറോപ്പുമാണ്. ഇന്ത്യ, ഇസ്രയേൽ തുടങ്ങിയ വിപണികളിലു എ ടി ജിക്കു നിർമാണശാലകളുണ്ട്. കൃഷി, വ്യവസായ, നിർമാണ, വന മേഖലകൾക്കുള്ള പ്രത്യേക യന്ത്രസാമഗ്രികൾക്ക് ആവശ്യമായ ടയറുകളുടെ നിർമാണത്തിലും എ ടി ജിക്കു പ്രത്യേക വൈഭവമുണ്ട്. അതേസമയം, കൃഷി, വന മേഖലകളിൽ ഉപയോഗത്തിനുള്ള യന്ത്രങ്ങൾക്ക് ആവശ്യമായ ടയർ നിർമാണത്തിൽ യോകോഹാമ റബേഴ്സിനു നിലവിൽ വൈദഗ്ധ്യമില്ല. എ ടി ജിയെ സ്വന്തമാക്കുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ടയർ നിർമാണത്തിലും യോകോഹാമയ്ക്കു മേൽക്കൈ നേടാനാവും. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കും എ ടി ജി ഏറ്റെടുക്കൽ ഗുണകരമാവുമെന്നാണു യോകൊഹാമ ഗ്രൂപ്പിന്റെ പ്രതീക്ഷ.കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വ്യാപകമാവുന്ന സാഹചര്യത്തിൽ ഈ വിഭാഗം ടയറുകൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുമെന്നു യോകൊഹാമ കരുതുന്നു. ആഗോളതലത്തിൽ ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കണമെങ്കിൽ കൃഷിയിടങ്ങളിലെ കാര്യക്ഷമതയും യന്ത്രവൽക്കരണവും ഇനിയും ഉയരണമെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

Your Rating: