പഴയ ബൈക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കൂ

bike
SHARE

ഒരു വാഹനം ആയുഷ്കാലം മുഴുവൻ കൊണ്ടുനടക്കുന്ന ശീലം മലയാളി ഉപേക്ഷിച്ചുകഴിഞ്ഞു. വാഹനത്തിന്റെ പരിപ്പിളകുന്നതുവരെ ഓടിച്ചിട്ടു കിട്ടുന്ന വിലയ്ക്കു വിൽക്കുന്ന രീതി മാറി. അഞ്ചു വർഷം ഏറിയാൽ ഏഴ്. അതിനപ്പുറം ഇന്ന് ഒരു വാഹനവും അധികമാരും ഉപയോഗിക്കാറില്ല. അതു കൊണ്ടുതന്നെ വാഹന വിൽപനയും കൂടി. എന്നാൽ പഴയ വാഹനങ്ങൾ മൺമറഞ്ഞു പോകുന്നില്ല എന്നതാണു വാസ്തവം. അതെത്തിപ്പെടുന്നതു യൂസ്ഡ് വാഹന വിപണിയിലാണ്. യൂസ്ഡ് കാർ വിപണിപോലെ സജീവമാണ് യൂസ്ഡ് ബൈക്ക് വിപണിയും.

പുതിയ വാഹനത്തിന്റെ പകുതി വിലയ്ക്കു നല്ല കണ്ടീഷനായ സെക്കൻഡ് ഹാൻഡ് ബൈക്ക് കിട്ടും എന്നതാണ് ഈ വിപണി ഉണരാൻ കാരണം. ഇതാ ഒരു ഉദാഹരണം. ബജാജ് ആർഎസ് 200 ന്റെ ഷോറൂം വില ഒരു ലക്ഷത്തി അറുപത്തിമൂവായിരം രൂപ. 14000 കിലോമീറ്റർ മാത്രം ഓടിയ 2016 മോഡൽ ആർഎസ് 200 വിറ്റതെത്രയ്ക്കാണെന്നോ, തൊണ്ണൂറായിരം രൂപയ്ക്ക്! ലാഭം മുക്കാൽ ലക്ഷത്തിനടുത്ത്. ഇനി പറയൂ... പുതിയതു വാങ്ങണോ അതോ പഴയതു മതിയോ?

∙ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?

അധികം പഴക്കമുള്ള വണ്ടികളുടെ കണ്ടീഷൻ അത്ര നല്ലതാകില്ല. കൃത്യമായി സർവീസ് നടത്തിയിട്ടുണ്ടാവില്ല. കഴിവതും ഏഴു വർഷത്തിനുമുകളിൽ പഴക്കമുള്ള മോഡലുകൾ ഒഴിവാക്കുക. പാർട്സ് കിട്ടില്ല എന്നതാണു പ്രധാന കാരണം. മിക്ക മോഡലുകളും കമ്പനി നിർത്തിയിട്ടുണ്ടാകും.

ബോഡി

വാഹനം മൊത്തത്തിൽ നോക്കുക. ബോഡി പാനലുകൾ പൊട്ടിയതോ അയഞ്ഞതോ ആകരുത്. സീറ്റിന്റെ കണ്ടീഷൻ നോക്കാൻ മറക്കരുത്. 1000 രൂപയോളമാകും പുതിയ സീറ്റിന്. ടാങ്ക് ക്യാപ് ഉയർത്തി ടാങ്കിന്റെ ഉൾഭാഗത്തു തുരുമ്പുണ്ടോ എന്നു നോക്കണം. ടാങ്കിനു ചളുക്കമുണ്ടോ എന്നറിയാൻ കൈകൊണ്ട് ഒന്നോടിച്ചു നോക്കാം. പുതിയ ടാങ്കിനു 4500 രൂപയോളമാകും. ഫൈബർ പാർട്ടുകൾ പൊട്ടിയിട്ടുണ്ടോ? ഉരഞ്ഞിട്ടുണ്ടോ? നിറം മങ്ങൽ, തുരുമ്പ് എന്നിവയൊക്കെ കാര്യമായിത്തന്നെ നോക്കി വിലയിരുത്തണം. പഴയ വാഹനങ്ങളുടെ ഫ്രെയ്മിൽ തുരുമ്പു കാണാനിടയുണ്ട്. പ്രത്യേകിച്ച് തീരദേശ മേഖലയിലെ വാഹനങ്ങളുടെ. ഹാൻഡിലിന്റെയും ബ്രേക്ക്–ക്ലച്ച് ലിവറിന്റെയും  അറ്റത്തെ പരുക്കുകൾ വാഹനം മറിഞ്ഞതിന്റെയും മറ്റും ലക്ഷണങ്ങളാണ്.

എൻജിൻ

സ്റ്റാർട്ട് ചെയ്ത് എൻജിൻ ശബ്ദം കേൾക്കുക. അപശബ്ദങ്ങൾ ക്രാങ്കിന്റെ തകരാറാണു സൂചിപ്പിക്കുന്നത്. 5000 രൂപയോളം വരും ഇതു ശരിയാക്കാൻ. എൻജിനിൽനിന്ന് ഓയിൽ ലീക്ക് ഉണ്ടോ?. ഉണ്ടെങ്കിൽ എൻജിൻ കെയ്സിൽ എവിടെയെങ്കിലും പൊട്ടലുണ്ടോ എന്നു നോക്കുക. ഇതു മാറണമെങ്കിൽ 7000 രൂപയോളം ചെലവു വരും. ആക്സിലറേറ്റർ കൊടുക്കുമ്പോൾ സൈലൻസറിൽനിന്നു വെളുത്ത പുക വരുന്നുണ്ടെങ്കിൽ പ്രശ്നമാണ്. എൻജിൻ ഓയിൽ കത്തുന്നതുകൊണ്ടാണിത്.  സിലിണ്ടറിനു തകരാർ സംഭവിച്ചതിന്റെ ലക്ഷണമാണ്. സിലിണ്ടർ കിറ്റ് മാറണമെങ്കിൽ 4000 രൂപയോളം ചെലവു വരും. 

ഗീയർ ബോക്സ്

കുറഞ്ഞതു  രണ്ടു കിലോമീറ്ററെങ്കിലും വാഹനം ഓടിക്കണം. എല്ലാ ഗീയറുകളും ഇട്ടു നോക്കണം. ചില ഗീയറുകളിൽ ശബ്ദം, വീഴാൻ താമസം, കടുപ്പം എന്നിവ ഗീയർ വീലിനു തകരാൻ ഉണ്ടെന്നാണു സൂചിപ്പിക്കുന്നത്. ഇതു പരിഹരിക്കാൻ എൻജിൻ അഴിച്ചു പണിയേണ്ടിവരും. 4000 രൂപയോളമാകും. 

ക്ലച്ച്

ക്ലച്ചിനു തകരാറുണ്ടെങ്കിൽ വാഹനം റെയ്സ് ആയി നിൽക്കും. വലിവുകുറവും ഉണ്ടാകും. 1000 രൂപയോളം വരും നന്നാക്കാൻ. 

സസ്പെൻഷൻ

മിക്കവരും കാര്യമായി പരിപാലിക്കാത്ത ഭാഗമാണ് സസ്പെൻഷൻ. വിശദമായി ഈ ഭാഗം പരിശോധിക്കണം. മുൻ ഫോർക്കുകൾക്കു വളവുണ്ടോ എന്നു നോക്കണം.  ഫോർക്ക് ട്യൂബിൽ ഓയിലിന്റെ അംശവും പാടുകളും തകരാർ സൂചനയാണ്.ട്യൂബിനു സ്ക്രാച്ച് ഉണ്ടെങ്കിൽ മാറേണ്ടി വരും. ഒരു ട്യൂബിന് ആയിരം രൂപയോളം വിലയുണ്ട്. പതിനയ്യായിരം കിലോമീറ്ററിൽ ഫോർക്ക് ഓയിൽ മാറേണ്ടതാണ്. ഓയിൽ, ഓയിൽ സീൽ എന്നിവയെല്ലാം കൂടി 400 രൂപയാകും. 

പിൻ സസ്പെൻഷൻ ഫ്രീയായി താഴുന്നതാകണം. കൂടുതൽ അയവ്, കടുപ്പക്കൂടുതൽ എന്നിവ തകരാർ ലക്ഷണമാണ്. ഗ്യാസ്ഫിൽഡ് സസ്പെൻഷനുകൾക്കു വളരെ വിരളമായേ തകരാർ സംഭവിക്കാറുള്ളൂ. വാഹനം ഓടിക്കുമ്പോൾ ഒരു വശത്തേക്കു വലിവുണ്ടെങ്കിൽ അതു സസ്പെൻഷന്റെ തകരാർ കൊണ്ടും ഷാസി വളവുകൊണ്ടുമാകാം. ഷാസി നമ്പറിൽ വ്യത്യാസമുണ്ടെങ്കിൽ അതു വാഹനം ഇടിച്ചതുമൂലം മാറിയതാകാം. 

ബാറ്ററി, ഇലക്ട്രിക്കൽ ഘടകങ്ങൾ‌

ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, കൺസോളിലെ മീറ്ററുകൾ, ലൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സെൽഫ് സ്റ്റാർട്ട് ചെയ്യുമ്പോൾ ചെറിയ പമ്മലുണ്ടെങ്കിൽ അതു ബാറ്ററിയുടെ തകരാറാണു സൂചിപ്പിക്കുന്നത്. ബാറ്ററിയുടെ വാറന്റി കാർഡ് വാങ്ങാൻ മറക്കരുത്. കൂടുതലായി ലൈറ്റുകളോ ഹോണോ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ബാറ്ററിക്കു പണി കിട്ടാൻ സാധ്യത കൂടുതലാണ്. മാത്രമല്ല, വയറിങ്ങിലും എർത്തിലും പ്രശ്നമുണ്ടാകാൻ ഇടയുണ്ട്. 

ആർടി ഓഫിസും നടപടിക്രമങ്ങളും

ഇരുചക്ര വാഹനവിൽപനയിൽ  മിക്കതിന്റെയും ഉടമസ്ഥാവകാശം പുതിയ ആളിന്റെ പേരിൽ മാറ്റാറില്ല എന്നതാണു വസ്തുത. ഇതിന്റെ അപകടം ഇപ്പോഴും മിക്കവർക്കും അറിയില്ല. പേരു മാറിയില്ലെങ്കിൽ ആ വാഹനവുമായി ബന്ധപ്പെട്ട സകല കേസുകളും പഴയ ഉടമസ്ഥന്റെ പേരിലാകും എത്തുക. വാഹനം വാങ്ങാൻ ഉറപ്പിക്കുന്നതിനു മുൻപ് ആ വാഹനത്തിനു ലോൺ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ലോൺ അടച്ചു തീർത്തു ഹൈപ്പോത്തിക്കേഷൻ (ഉടമസ്ഥാവകാശം) ആർസിബുക്കിൽ മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കണം. പേരു മാറാൻ ആർടി ഓഫിസിൽ വാഹനത്തിന്റെ ഒറിജിനൽ ആർസി, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, അറ്റസ്റ്റ് ചെയ്ത തിരിച്ചറിയൽ രേഖ, ഫോം 29, 30 എന്നിവ നൽകണം. 175 രൂപ ഫീസാകും. അപേക്ഷ നൽകി അഞ്ചു പ്രവൃത്തിദിവസത്തിനുള്ളിൽ പേരു മാറ്റിക്കിട്ടുമെന്നാണു ചട്ടം.

വിൽപനക്കരാർ

പേരു മാറാം എന്നു പറഞ്ഞ് വാഹന വിൽപനക്കരാർ ഉടമ്പടി തയാറാക്കി രണ്ടു കക്ഷികളും ഒപ്പിട്ടു ‍കൈകൊടുത്തു പിരിയാറാണു പതിവ്. മിക്കവരും ഈ ഉടമ്പടിക്കരാറാണ് അവസാന രേഖയായി കരുതുന്നത്. എന്നാൽ ഇതിനു നിയമസാധുതയില്ല എന്നോർക്കുക. വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം ആർടി ഓഫിസ് രേഖകളിൽ മാറ്റിയിട്ടില്ലെങ്കിൽ, ആ വാഹനം അപകടത്തിൽ പെട്ടു കേസ് വന്നാൽ മുൻ ഉടമ കുടുങ്ങും. ഇതു ഞാൻ വിറ്റതാണെന്നു തെളിയിക്കാൻ കോടതി കയറിയിറങ്ങേണ്ടിവരും. യൂസ്ഡ് കാറുകളുടേതുപോലെ അംഗീകൃത സെക്കൻഡ് ഹാൻഡ് ടൂ വീലർ ഷോറൂമിൽനിന്നു വാഹനം വാങ്ങുന്നതാണ് ഉത്തമം. കാരണം, വാഹനത്തിന്റെ രേഖകളും മറ്റും കൃത്യമായിരിക്കും. മാത്രമല്ല, വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളും സത്യസന്ധമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA