കാറിന്റെ ഇന്റീരിയർ നിങ്ങളെ രോഗിയാക്കും... വലിയ രോഗി

Car Interior Cleaning
SHARE

കാർ ഇന്റീരിയറും ആരോഗ്യവും തമ്മിൽ എന്താ ബന്ധം എന്നു സംശയിക്കുന്നുണ്ടാകും അല്ലേ? സംശയിക്കേണ്ട സൂക്ഷിച്ചില്ലെങ്കിൽ കാറിന്റെ ഇന്റീരിയർ നിങ്ങളെ രോഗിയാക്കും എങ്ങനെയെന്നല്ലേ?

പുത്തൻ മണം

പുതിയ ബുക്കിന്റെ മണം പോലെ പുത്തൻ കാറിനുള്ളിൽ കയറുമ്പോൾ ഒരു മണമില്ലേ... പുത്തൻ മണം എന്നുപറ‌‌‍ഞ്ഞ് ഇത് ആസ്വദിക്കുന്നത് ആരോഗ്യത്തിന് അത്യധികം ഹാനികരമാണ്. പുതിയ വാഹനത്തിന്റെ ഉള്ളിൽ വിഷമയമായ ഒട്ടേറെ രാസപദാർഥങ്ങൾ ഉണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. ഇന്റീരിയർ നിർമിക്കാനുപയോഗിക്കുന്ന  ഘടകങ്ങളിൽ നിന്നാണ് ഈ രാസപദാർത്ഥങ്ങൾ കാറിനുള്ളിൽ നിറയുന്നത്. ലെഡ്, കാഡ്മിയം, ക്ലോറിൻ, ആഴ്സെനിക്, മെർക്കുറി എന്നിങ്ങനെയുള്ള രാസപദാർഥങ്ങളാണ് പുത്തൻ മണത്തിനു കാരണം. നാലു മാസത്തോളമെടുക്കും ഇതു കാറിനുള്ളിൽനിന്നു മാറാൻ എന്നാണു പഠനങ്ങൾ പറയുന്നത്.

ഫോർമാൽഡിഹൈഡ് പോലുള്ള ബാഷ്പീകരിക്കുന്ന ജൈവസംയുക്തങ്ങൾ പുതിയ കാറിനുള്ളിൽ കൂടുതലാണ്. പുതിയ വാഹനത്തിൽ അധികനേരം അടച്ചിരുന്നു യാത്ര ചെയ്താൽ അലർജി, ശ്വാസം മുട്ടൽ എന്നിവയുണ്ടാകാം. ആസ്മയുള്ളവർക്കു അതു കൂടാനും സാധ്യതയുണ്ട്. ലെഡ് പോലുള്ള ഖനലോഹങ്ങൾ‌ അധിക നാൾ ശ്വസിച്ചാൽ നാഡീ സംബന്ധമായ രോഗങ്ങളും കാൻസർ പോലുള്ള മാരക രോഗങ്ങളും വരാൻ ഇടയാക്കും. പ്രായമായവർക്കും കുട്ടികൾക്കുമാണ് ഈ രാസപദാർഥങ്ങൾ കൂടുതൽ ഹാനികരം. പ്രതിവിധി ഒന്നേയുള്ളൂ. രാവിലെ വാഹനം എടുക്കുന്നതിനു മുൻപ് ഡോറുകൾ എല്ലാം ഏറെ നേരം തുറന്നിടുക. അധികനേരം എസി റീ സർക്കുലേറ്റർ മോഡിലിട്ടു ഓടിക്കാതിരിക്കുക. ഇടയ്ക്കിടയ്ക്കു പുറത്തു നിന്നുള്ള എയർ എടുക്കുന്ന മോഡിലേക്കു മാറ്റുക. 

പ്ലാസ്റ്റിക് എന്ന കൊലകൊല്ലി

പുത്തൻ കാർ വാങ്ങിയിട്ടു സീറ്റിലെയും സൺ ബ്ലൈൻഡറിലെയും പ്ലാസ്റ്റിക് കവറുകളും മറ്റും മാറ്റാതെ കൊണ്ടുനടക്കുന്നവരെ കണ്ടിട്ടില്ലേ. സീറ്റിൽ ചെളി പിടിക്കരുത് എന്നു കരുതിയാകും ഇവ മാറാത്തത്. ഈ കാർ വെയിലത്തു പാർക്ക് ചെയ്താൽ സംഭവിക്കുന്നത് നാം പ്രതീക്ഷിക്കാത്തതാണ്. കാരണം ദീർഘനേരം വെയിലത്തു പാർക്ക് ചെയ്ത കാറിനുള്ളിലെ ചൂട് എൺപതു ഡിഗ്രിക്കു മുകളിലേക്ക് ഉയരും. ഈ ചൂടിൽ പ്ലാസ്റ്റിക് വസ്തുക്കളിലെ രാസപദാർഥങ്ങൾ വിഘടിച്ച് ശരീരത്തിനു ഹാനികരമായ വാതകങ്ങൾ കാറിനുള്ളിൽ നിറയും. ഇതു ശ്വസിക്കുന്നതു ഹാനികരമാണ്. വെയിലത്തു പാർക്ക് ചെയ്ത കാറിനുള്ളിൽ കയറിയ ഉടനെ എസി ഇട്ടു യാത്രചെയ്യരുത്. കാറിന്റെ നാലു ഡോറും തുറന്നിട്ട് അൽപനേരം കഴിഞ്ഞു മാത്രം അകത്തു കയറുക. നാലു വിൻഡോ ഗ്ലാസും താഴ്ത്തി എയർ സർക്കുലേഷൻ ഫ്രഷ്മോഡിലിട്ടു ബ്ലോവർ മാക്സിമം സ്പീഡിൽ ഇടുക. രണ്ടു മൂന്നു മിനിറ്റിനു ശേഷം എയർ സർക്കുലേഷൻ റീസർക്കുലേറ്റഡ് മോഡിലിട്ട് എസി ഓൺചെയ്യുക. ഒപ്പം വിൻഡോഗ്ലാസ് നാലും ഉയർത്തുക. അൽപനേരത്തിനുശേഷം ബ്ലോവർ സ്പീഡ് ആവശ്യത്തിനു ക്രമീകരിക്കുക.

വൃത്തിയില്ലേ എങ്കിൽ കാര്യം പോക്കാ

വീടിനകം വൃത്തിയായി സൂക്ഷിക്കുന്നതുപോലെതന്നെ കാറിനകവും നോക്കണം. കാറിന്റെ ഫ്ലോർ, ഡാഷ് ബോർഡ്, എസി വെന്റുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകളും ഫംഗസുകളുമുള്ളത്. ഈർപ്പവും പൊടിയുമാണ് പ്രധാന വില്ലൻ. അലർജിയും മറ്റു ശ്വാസകോശരോഗങ്ങളും ഉണ്ടാകാൻ ഇതു മതി.. മാസത്തിലൊരിക്കലെങ്കിലും ഇന്റീരിയർ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. എസിയുടെ എയർ ഫിൽറ്റർ കൃത്യമായ ഇടവേളകളിൽ മാറുക. ഒപ്പം എസി വെന്റ് വൃത്തിയാക്കുകയും വേണം.

കാറിനുള്ളിൽ ഇവ സൂക്ഷിക്കരുത്

എല്ലാം സുരക്ഷിതമായി വയ്ക്കാവുന്ന ഇടമായി കാറിനെ കാണരുത്. കുടിവെള്ളം, മരുന്നുകൾ, ഭക്ഷണപദാർഥങ്ങൾ, പാനീയങ്ങൾ എന്നിവ ഒരിക്കലും വെയിലത്തു പാർക്ക് ചെയ്ത വാഹനത്തിൽ വയ്ക്കരുത്. കാറിനുള്ളിൽ ചൂട് കൂടി ഇവ കേടുവരാം, വിഷമയമാകാം. മിനറൽ വാട്ടറും മറ്റു പാനീയങ്ങളും കാറിനുള്ളിലെ അമിത ചൂടിൽ കേടാകും. രുചിവ്യത്യാസം, നിറം മാറൽ എന്നിവയിലൂടെ ഇതു പെട്ടെന്നു തിരിച്ചറിയാൻ കഴിയും.

മണമുണ്ട് ഗുണമോ? 

കാറിനുള്ളിൽ പെർഫ്യൂം ഉപയോഗിക്കാത്തവർ വിരളമാണ്. കാറിനുള്ളിൽ പരിമളം പരക്കുമ്പേൾ അതു ശരീരത്തിനു ഹാനികരമാണെന്നുകൂടി ഓർക്കണം. കാരണം, ഭൂരിപക്ഷം കാർ പെർഫ്യൂമുകളിലും ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അലർജി, ആസ്മ എന്നിവയുണ്ടാകാൻ ഇത്തരം പെർഫ്യൂമുകൾ ധാരാളം മതി. പുൽത്തൈലം പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ശരീരത്തിനു നല്ലത്. 

അകലം പാലിക്കുക.

വാഹനപുകയിൽ അപകടകാരികളായ ഒട്ടേറെ രാസപദാർഥങ്ങളുണ്ട്. കാറിനുള്ളിലേക്ക് ഇവ അടിച്ചു കയറിയാൽ അകത്തിരിക്കുന്നവർ ശ്വസിക്കുക ഈ വിഷവാതകമായിരിക്കും.അതുകൊണ്ട് നഗരയാത്രയിൽ കഴിവതും എസി ഓൺ ആക്കി യാത്ര ചെയ്യുക. വലിയ വാഹനങ്ങൾ പുറംതള്ളുന്ന പുക ഒരിക്കലും കാറിനുള്ളിൽ അധികം തങ്ങി നിൽക്കാൻ ഇടകൊടുക്കരുത്. ഇത്തരം വാഹനങ്ങളോട് കഴിവതും അകലം പാലിച്ചു പോകുക. 

സിക്ക് കാർ സിൻഡ്രോം

അടച്ചിട്ട മുറിക്കുള്ളിൽ അധികനേരം ഇരിക്കുമ്പോൾ ഉണ്ടാകാറുള്ള സിക്ക് റൂം സിൻഡ്രോം പോലെ കാറിനുള്ളിൽ അധികനേരം ഇരുന്നാൽ തലവേദന, ചുമ, ക്ഷീണം എന്നിവ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് ദീർഘദൂരയാത്രയിൽ ഇടയ്ക്കു നിർത്തി ഒന്നു പുറത്തിറങ്ങിയിട്ട് അൽപനേരം കഴിഞ്ഞു യാത്ര ചെയ്യുന്നതാണ് ഉചിതം. കാറിനുള്ളിലെ ബാക്ടീരിയകളും വൈറസുകളുമാണ് സിക്ക് കാർ സിൻഡ്രോമിനു കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA