വാഹനം വെയിലേറ്റു വാടാതിരിക്കാൻ

summer-care
SHARE

മാറിവരുന്ന കാലാവസ്ഥ വാഹനങ്ങളേയും ബാധിക്കാറുണ്ട്. എല്ലാകാലത്തും വാഹനങ്ങൾക്ക് സംരക്ഷണം ആവശ്യമാണ്. മഴക്കാലങ്ങളിൽ‌ വാഹനത്തിന് തുരുമ്പെടുക്കാതിരിക്കാനും മറ്റുമാണ് ശ്രദ്ധിക്കേണ്ടതെങ്കിൽ ചൂടുകാലങ്ങളിൽ എസിക്കും എൻജിൻ ഘടകങ്ങൾക്കും ശ്രദ്ധ ആവശ്യമാണ്. ചൂടില്‍ നിന്നും പൊടിയില്‍നിന്നും രക്ഷനേടാന്‍ ചില പൊടിക്കൈകള്‍.

കാറിനകത്തെ ചൂടു കുറയ്ക്കാന്‍

വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ ക്യാബിന്‍ ഊഷ്മാവ് വളരെ കൂടുതലായിരിക്കും. ഇത് കാറിനുള്ളില്‍ ആരോഗ്യത്തിനു ഹാനികരമായ വാതകങ്ങള്‍ ഉണ്ടാക്കുന്നതിനു കാരണമാകും. ചൂടുവായു എളുപ്പം പുറത്തുകളയുന്നതിനു കാറിന്റെ ഒരുവശത്തെ വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിടുക. എന്നിട്ട് മറുവശത്തെ !ഡോര്‍ അഞ്ചാറു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ചൂടുവായു തുറന്നിട്ട വിന്‍ഡോയിലൂടെ പുറത്തേക്കു പോകുകയും ഫ്രഷ് എയര്‍ അകത്തെത്തുകയും ചെയ്യും .കാറിനുള്ളിലെ ചൂടിനു തെല്ല് ആശ്വാസമാകും. മേല്‍പറഞ്ഞതുപോലെ ചെയ്യുമ്പോള്‍ പിന്‍ വിന്‍ഡോകള്‍ തുറന്നിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫലം കുറയും.

കടുത്ത ചൂടില്‍ എസി ഓണ്‍ ചെയ്യുമ്പോള്‍

വേനലില്‍ എസി ഇല്ലാതെ യാത്രകള്‍ ചിന്തിക്കാന്‍ പോലുമാകില്ല. കടുത്ത ചൂടില്‍ എസി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി സ്വിച്ച് ഓണ്‍ ചെയ്യുക. ഒപ്പം ബ്ലോവര്‍ സ്വിച്ച് ഓണ്‍ ചെയ്തു കൂട്ടി വയ്ക്കുക. അപ്പോള്‍ ചൂടുള്ള വായു തണുക്കും.

ഇടയ്ക്കിടെ എസി റീസര്‍ക്കുലേഷന്‍ മോഡ് മാറ്റി ഫ്രഷ് എയര്‍ മോഡില്‍ ഇടുക. റീസര്‍ക്കുലേഷന്‍ മോഡില്‍ സ്ഥിരമായി ഇടുന്നത് ആരോഗ്യത്തിനു നന്നല്ല. കാരണം, ഈ മോഡില്‍ അകത്തെ വായു തന്നെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. കാറിനുള്ളിലെ വായുവിനു പുറമേയുള്ള വായുവുമായി സമ്പര്‍ക്കം ഉണ്ടാകുന്നില്ല. അതിനാല്‍ വായുവില്‍ ഓക്‌സിജന്റെ അളവ് കുറവായിരിക്കും. ഇടയ്ക്കിടെ ഫ്രഷ് എയര്‍ മോഡിലേക്കിടുന്നത് കാറിനകത്തെ ഓക്‌സിജന്‍ ലെവല്‍ കുറയാതിരിക്കാന്‍ സഹായിക്കും. എസി രണ്ടുവിധമുണ്ട്.

ഓട്ടോമാറ്റിക് എസിയും മാനുവല്‍ എസിയും. ഓട്ടോമാറ്റിക് എസി ആണെങ്കില്‍ കാറിനകത്തെ ഊഷ്മാവിന്റെ വൃതിയാനം അനുസരിച്ച് സ്വയം മോഡ് മാറിക്കോളും. മാനുവല്‍ എസി ആണെങ്കില്‍ മോഡ് തിരിച്ചു വയ്‌ക്കേണ്ടിവരും. കാര്‍ സര്‍വീസിനു നല്‍കുമ്പോള്‍ എസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം.

എസി കൂളിങ് കുറയുന്നതെന്തുകൊണ്ട്?

എസി മോഡ് സെറ്റ് ചെയ്തിരിക്കുന്നതു ശ്രദ്ധിക്കുക. ഫ്രഷ് എയര്‍ മോഡ് ആണെങ്കില്‍ കൂളിങ് കുറയും. പുറത്തെ വായു ഉള്ളിലേക്കെടുത്തു തണുത്തു വരാന്‍ സമയം എടുക്കും. ഹീറ്റര്‍ ഓപ്ഷന്‍ ഓണ്‍ അല്ലെന്ന് ഉറപ്പുവരുത്തണം. എന്നിട്ടും തണുപ്പു കുറവാണെങ്കില്‍ എസി ഗ്യാസ് ലീക്ക് ഉണ്ടോ എന്നു നോക്കണം. എന്‍ജിന്‍ പരിധിയില്‍ കൂടുതല്‍ ചൂടായിരിക്കുകയാണെങ്കിലും കൂളിങ് കുറയും. കണ്‍സോളിലെ ടെംപറേച്ചര്‍ ഗേജ് ശ്രദ്ധിക്കുക. എന്‍ജിന്റെ ഊഷ്മാവ് കൂടുതലാണെങ്കില്‍ ഓട്ടാമാറ്റിക് ആയി എസിയുെട പ്രവര്‍ത്തനം നിലയ്ക്കും. എസി പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ജിന്‍ ലോഡ് കൂടുതലായിരിക്കും. അതോടൊപ്പം ബാറ്ററിക്കും ഇലക്ട്രിക്കല്‍ വിഭാഗത്തിനും ലോഡ് ഉണ്ടാകും. അതിനാല്‍ കാര്‍ കൃത്യമായി സര്‍വീസ് നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണം.

എസി ഇവാപ്പറേറ്റര്‍ (കൂളിങ് കോയില്‍) ബ്ലോക്ക് ആയിട്ടുണ്ടോ എന്നു പരിശോധിക്കുക. പൊടി കൂടുതല്‍ അടിഞ്ഞാല്‍ ഇത് ബ്ലോക്ക് ആകും. കൂളിങ് കുറയാം. അതുപോലെതന്നെ ഓവര്‍ കൂളിങ് നടന്ന് ഈര്‍പ്പം ഉറഞ്ഞ്‌ െഎസ് ആയും ഇവാപ്പറേറ്റര്‍ ബ്ലോക്ക് ആകാം. എസി ഫില്‍റ്റര്‍ ബ്ലോത്ത് ആയാലും കൂളിങ്ങിനെ ബാധിക്കും ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക. എസി സര്‍വീസ് ഏകദേശം 2500 രൂപ വരെ ചെലവു വരും( മോഡല്‍ അനുസരിച്ചു വിലയില്‍ മാറ്റം ഉണ്ടാകും).

പൊടിവില്ലനായല്‍

ഇന്റീരിയര്‍ എപ്പോഴും ക്ലീന്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം. പൊടിയും മറ്റും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ എസി ഓണ്‍ ചെയ്യുമ്പോള്‍ ഈ പൊടിയും എസി വെന്റിലേക്ക് ആഗീരണം ചെയ്യപ്പെടും. പൊടി കേറിയാല്‍ ഇവാപ്പറേഷന്‍ യൂണിറ്റ് അടഞ്ഞുപോകും. എസി ഫില്‍റ്റര്‍ ഉപയോഗിക്കുന്നത് ഒരുപരിധിവരെ പൊടി അടിയുന്നതു തടയും.! പൊടി കൂടാതെ എസി വെന്റില്‍ ഈര്‍പ്പം ഉള്ളതിനാല്‍ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളും ഇന്റീരിയറില്‍ ഉണ്ടാകും . ഇവ പലവിധ അസുഖങ്ങള്‍ക്കും അലര്‍ജി, വിട്ടുമാറാത്ത തുമ്മല്‍ എന്നിവയ്ക്കും കാരണമായേക്കാം. ഈര്‍പ്പം, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നീക്കംചെയ്യാന്‍ സാനിറ്റൈസര്‍ ചെയ്യുന്നതു നല്ലതാണ്. 1200 രൂപ ചെലവു വരും.

നിറം മങ്ങാതിരിക്കാന്‍

ദീര്‍ഘനേരം കാര്‍ പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ കാര്‍ മൂടിയിടുക. ഇതെപ്പോഴും പ്രായോഗികമാകണമെന്നില്ല. എവിടെയെങ്കിലും നിര്‍തതിയിടുന്ന അവരസങ്ങളില്‍ തുരുമ്പു കലര്‍ന്ന െവളളം, പക്ഷി കാഷ്ഠം, കറ, പൊടി, ആസിഡ് തുടങ്ങിയവ ബോഡിയില്‍ വീണാല്‍ പെയിന്റിനു ദോഷം വരാം. ടെഫ്‌ളോണ്‍ കോട്ടിങ്, പോളിമര്‍ കോട്ടിങ് തുടങ്ങിയവ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയും. ഡീലര്‍ഷിപ്പുകളിലോ അല്ലെങ്കില്‍ ഇതു ചെയ്യുന്ന പ്രത്യേക ഷോപ്പുകളിലോ മാത്രം ചെയ്യിക്കുക. നല്ല ഗുണനിലവാരം ഉറപ്പുവരുത്തണം. പൊടിപിടിച്ച കാര്‍ അതോടുകൂടി തുടയ്ക്കുന്നത് പെയിന്റിനു ഡാമേജ് വരുത്തും. ചെറിയ പോറല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ കാര്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കുക. പൊടി വെള്ളമൊഴിച്ചു കളഞ്ഞതിനുശേഷം സോപ്പ് സോലൂഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ൈവപ്പര്‍ സംരക്ഷണം

വിന്‍ഡ് ഷീല്‍ഡില്‍ പൊടി പറ്റിയിരിക്കുമ്പോള്‍ നേരിട്ട് വൈപ്പര്‍ ഉപയോഗിക്കാതിരിക്കുക. ദീര്‍ഘനേരം പാര്‍ക്ക് ചെയ്യേണ്ടിവരുകയാണെങ്കില്‍ വൈപ്പര്‍ പൊക്കിവയ്ക്കുക. വൈപ്പറിലെ റബര്‍ ഘടകം വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുമായി സമ്പര്‍ക്കം വരുമ്പോള്‍ ദൃഢമാകും. പിന്നീട് വൈപ്പര്‍ പ്രവര്‍ത്തിരപ്പിക്കുമ്പോള്‍ ഗ്ലാസില്‍ ഉരഞ്ഞ് പാടുകള്‍ വരും. വിന്‍ഡ് ഷീല്‍ഡ് ഗ്ലാസില്‍ പൊടിയുണ്ടെങ്കില്‍ ആദ്യം ഒരു കുപ്പി വെള്ളം ഒഴിച്ച് പൊടി നീക്കംചെയ്ത ശേഷം മാത്രം വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുക. എപ്പോഴും വിന്‍ഡ്ഷീല്‍ഡ് സൊലൂഷന്‍ നിറച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

പെര്‍ഫ്യൂം കുഴപ്പക്കാരനോ?

കാറിനു?ള്ളില്‍ സ,ുഗന്ധം നിറയ്ക്കുന്ന എയര്‍ ഫ്രഷ്‌നറുകള്‍ വിപണിയില്‍ ധാരാണം ലാഭ്യമാണ്.എന്നാല്‍ ഇവ ചൂടുകാലത്ത് മുട്ടന്‍ പണി തരാനും സാധ്യതയുണ്ട്. ഡാഷില്‍ ഒട്ടിച്ചുവയ്ക്കാനാവുന്ന ജെല്ലി , വാക്‌സ് ടൈപ്പിലുള്ള എയര്‍ ഫ്രഷ്‌നര്‍ കാര്‍ വെയിലത്ത് നിര്‍ത്തിയിടുമ്പോള്‍ ചൂടു കൂടി ഉരുകിയൊലിച്ച് ഡാഷ്‌ബോര്‍ഡില്‍ ഡാമേജ് ഉണ്ടാകും. ഇതു വൃത്തിയാക്കുന്നത് എളുപ്പമല്ല. െമഴുകു പദാര്‍ഥങ്ങള്‍ സ്റ്റിയറിങ്ങിലോ മറ്റോ പറ്റിപ്പിടിച്ചു ഡാമേജ് വരാനും സാധ്യതയുണ്ട്. ഗ്യാസ്, സ്പ്രെ പെര്‍ഫ്യൂം സിലിണ്ടറുകള്‍ കടുത്ത ചൂടില്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

കെയര്‍ഫുള്‍ എബൗട്ട് ടയര്‍

മഴക്കാലത്ത് മൊട്ട ടയറുകള്‍ പണിതരുമെങ്കില്‍ വേനലില്‍ ചൂടുകൂടി ഉരഞ്ഞ് പൊട്ടിപ്പോകുന്നതാണു പ്രശ്‌നം. കാര്‍ നിര്‍മാതാക്കള്‍ പറയുന്ന ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കുക. ട്യൂബ്‌ലെസ് ടയറുകളാണു നല്ലത്. ടയറില്‍ നൈട്രജന്‍ ഗ്യാസ് നിറയ്ക്കുന്നതാണു കൂടുതല്‍ ഗുണകരം. സാധാരണ വായുവില്‍ എല്ലാത്തരം വാതകങ്ങളും ഈര്‍പ്പവും പൊടിയുമെല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്നു ചൂടാകും. ഭാരവും കൂടുതലാണ്. നൈട്രജനു ഭാരം കുറവാണ്. പെട്ടെന്നു പ്രതികരിക്കുന്ന (ഇനര്‍ട്ട് ഗ്യാസ്) വാതകമല്ല. ഓക്‌സീകരണം സംഭവിക്കില്ല. ഈര്‍പ്പം ഉണ്ടാകില്ല. അതിനാല്‍ത്തന്നെ ദീര്‍ഘകാലം നിലനില്‍ക്കും.

മുന്നറിയിപ്പ്

വഴിയോരങ്ങളില്‍ പാര്‍ക്കു ചെയ്തു കാത്തിരിക്കേണ്ട അവസരങ്ങളില്‍ എന്‍ജിന്‍ ഓഫ് ചെയ്യാതെ എസി ഓണ്‍ ചെയ്തിരിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. കുട്ടികളെയോ പ്രായമായവരെയൊ കാറിനുള്ളില്‍ തനിച്ചിരുത്തി എസി ഓണ്‍ ചെയ്തു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്‍ജിന്‍ ഓണായിരിക്കുന്ന അവസരത്തില്‍ അറിയാതെ ഹാന്‍ഡ്‌ബ്രേക്ക് അമരുകയോ, ഗീയര്‍ മാറുകയോ ചെയ്താല്‍, കാര്‍ നീങ്ങി അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ പുല്ല് നിറഞ്ഞ പ്രദേശങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഉണങ്ങിയ പുല്ല് കാറിന്റെ ചുട്ടു പഴുത്ത സൈലന്‍സറുമായി സമ്പര്‍ക്കം വരാനിടയായാല്‍ തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. വെയിലത്തു നിര്‍ത്തിയിടുമ്പോള്‍ കാറിനകത്തു ഭക്ഷണ സാധനങ്ങളോ ഔഷധങ്ങളോ വയ്ക്കാതിരിക്കുക. ഊഷ്മാവിലെ വ്യതിയാനം മൂലം ഇവ ഉപയോഗശൂന്യമായി പോകാന്‍ സാധ്യതയുണ്ട്.

നൈട്രജന്‍ ഫില്‍ ചെയ്യുമ്പോള്‍

നൈട്രജന്‍ നിറയ്ക്കുമ്പോള്‍ ടയറിലെ അന്തരീക്ഷ വായു പൂര്‍ണമായും നീക്കം ചെയ്തശേഷം നൈട്രജന്‍ ഫില്ലിങ് മെഷീന്‍ ഉപയോഗിച്ച് ഗ്യാസ് നിറയ്ക്കുക. മാസത്തില്‍ ഒരിക്കല്‍ ചെക്ക് ചെയ്താല്‍ മതി. ഗ്യാസ് ലീക്ക് ആകാനും സാധ്യത വളരെ കുറവാണ്. ഒരിക്കലും സാധാരണ വായുവുമായി നൈട്രജന്‍ മിക്‌സ് ചെയ്തു നിറയ്ക്കരുത് അങ്ങനെ ചെയ്താല്‍ നൈട്രജന്‍ നിറയ്ക്കുന്നതിന്റെ ഗുണം ലഭിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA