Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളൊരു മോശം ഡ്രൈവറാണോ ?

driving-manners

നടുറോഡിലുടെ മന്ദം മന്ദം നീങ്ങുന്ന ഓട്ടോറിക്ഷ, നാലുവരിപാതയിലെ സ്പീഡ് ട്രാക്കിലൂടെ പതിയെപ്പോകുന്ന ലോറി, വാഹനങ്ങളുടെ ഇടയിലൂടെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്ന ബൈക്കുകള്‍, റോഡില്‍ പാര്‍ക്ക് ചെയ്തിട്ടുപോകുന്ന കാറുകള്‍. ഒരു പക്ഷേ നാം നിരന്തരം കാണുന്ന ട്രാഫിക് നിയമലംഘനങ്ങളാണ് ഇവയെല്ലാം. റോഡില്‍കൂടി വാഹനമോടിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന നിയമ ലംഘനങ്ങള്‍. ചെറുതാണെന്ന് തോന്നാമെങ്കില്‍കൂടി ഈ ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്.

പലരും 'നല്ല ട്രാഫിക് സംസ്‌കാരം' പാലിക്കാത്തവരായി മാറിക്കഴിഞ്ഞു. യാത്ര ചെയ്യുന്ന ഓരോരുത്തരെയും കാത്ത് ഒരു കുടുംബം ഉണ്ട് എന്നതു വാഹനവുമായി പുറത്തിറങ്ങുന്നവര്‍ മറക്കരുത്. ഒരു മിനിറ്റിനെ ഓടി തോല്‍പിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം ഇല്ലാതാക്കുന്നത് പല ജീവനുകളുമാണ്, പല ജീവിതങ്ങളുമാണ്. നിങ്ങളൊരു മോശം ഡ്രൈവറാണോ അതോ മികച്ച ഡ്രൈവറാണോ എന്ന് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി തീരുമാനിക്കാം. മോശം ഡ്രൈവർ എന്നാണ് ഉത്തരമെങ്കില്‍ ഓര്‍ക്കുക, റോഡിലെ അടുത്ത ഇര നിങ്ങളാകാം.

∙ റോഡിലെ മറ്റെല്ലാ വാഹനങ്ങളോടും മത്സരിക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ?

∙ രാത്രിയില്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യുന്നില്ലേ ?

∙ അതിവേഗം വണ്ടിയോടിച്ച് ആളുകളെ ഞെട്ടിക്കണമെന്ന തോന്നുണ്ടോ ?

∙ മദ്യപിച്ചാലും വണ്ടി ഓടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടോ ?

∙ കാറിന്റെ പിന്‍സീറ്റിലേക്കു തിരിഞ്ഞ് അനാവശ്യമായി സംസാരിക്കാറുണ്ടോ ?

∙ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് എന്ന തോന്നാറുണ്ടോ ?

∙ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കാറുണ്ടോ ?

∙ വാഹനമോടിക്കുന്നതിനിടെ ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കാറുണ്ടോ ?

∙ റോഡില്‍ നമ്മുടെ സൗകര്യത്തിനായി മറ്റുള്ളവര്‍ ഒഴിഞ്ഞു തരണമെന്ന തോന്നലുണ്ടോ ?

∙ കാല്‍നടയാത്രക്കാരോടുള്ള പുച്ഛം !

ഇനി സ്വയം ചോദിച്ചോളൂ, നിങ്ങള്‍ റോഡില്‍ വാഹനമോടിക്കാന്‍ യോഗ്യനാണോ എന്ന് 

വേണം, റോഡ് സംസ്‌കാരം

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതാണു റോഡിലിറങ്ങുമ്പോള്‍ െ്രെഡവര്‍മാരുടെ സ്വഭാവം. ജീവിതത്തിലെയും ഓഫിസിലെയും സമ്മര്‍ദം മുഴുവന്‍ കാണിക്കുന്നത് റോഡിലിറങ്ങുന്നവരോടാണ്. അനാവശ്യമായി ഹോണടിച്ചും തെറിവിളിച്ചും ഒട്ടും സംസ്‌കാരമില്ലാത്തവരായി നമ്മള്‍ അധഃപതിക്കുന്നത് എന്തിനാണ്?

ഈ പെരുമാറ്റത്തിനു നൂറു കാരണങ്ങള്‍ പറയാനുണ്ടാകാം. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍, സ്വഭാവം, പ്രായം, അധികൃതരുടെ ഉത്തരവാദിത്വക്കുറവ്, റോഡിലെ മറ്റുള്ളവരുടെ പെരുമാറ്റം തുടങ്ങി അനേകം കാരണങ്ങളുണ്ട്. എന്നാല്‍ ഏതു കാരണത്തേക്കാളും വലുത് െ്രെഡവര്‍മാരുടെ അക്ഷമയും അശ്രദ്ധയും തന്നെയാണ്.

ഒരു ഡ്രൈവര്‍ റോഡില്‍ ചെയ്യുന്ന തെറ്റിന്റെ ആഘാതം വളരെ വലുതാണ്. അയാളുടെ ഇരയാകുന്ന ഓരോ മനുഷ്യനും കുടുംബമുണ്ട് എന്നതു മറക്കരുത്. റോഡിലിറങ്ങുമ്പോള്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന അനേകം സാഹചര്യങ്ങളുണ്ടാകും. അതിനെ മറികടക്കാനാകുന്നില്ലെങ്കില്‍ അക്ഷമയെ വഴി തിരിച്ചുവിടാനെങ്കിലും കഴിയണം.

റോഡില്‍ അക്ഷമയോടെ പെരുമാറുന്നവര്‍ ഒന്ന് ഓര്‍ക്കുക, നിരന്തരമായ നിങ്ങളുടെ അക്ഷമ നിങ്ങളറിയാതെ തന്നെ ജീവിതത്തില്‍ പിന്തുടരും. സ്ഥിരമായി ഇങ്ങനെ പെരുമാറി നിങ്ങളുടെ സ്വഭാവം തന്നെ സംസ്‌കാരമില്ലാത്തതായി മാറാനും സാധ്യതയേറെയാണ്.ചെറുപ്പക്കാരോട് ഒരു വാക്ക്, നിങ്ങളുടെ അമിതവേഗവും റോഡിലെ കസര്‍ത്തും കൊണ്ട് ആളുകളെ വശീകരിക്കാനാവില്ല.