മോടി കുറയ്ക്കാം, ഇന്ധനം ലാഭിക്കാം; 10 വഴികള്‍

mileage-tips-9
SHARE

പെട്രോൾ, ഡീസൽ വില സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു കുതിച്ചുകയറുകയാണ്. വില കൂടുന്നതും കുറയുന്നതുമെല്ലാം സർക്കാരിന്റെ നയതീരുമാനങ്ങളനുസരിച്ചാണെങ്കിലും വാഹനം ഓടിക്കുന്ന ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ കുറച്ച് ഇന്ധനം നമുക്കു പഴ്സനലായി ലാഭിക്കാം. പത്തു പോയിന്റുകൾ ഇതിനായി മനസ്സിൽ വയ്ക്കാം.

1. ചറപറാ പറക്കേണ്ട

mileage-tips-7

വേഗം വർധിക്കുന്തോറും വാഹനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന വായുപ്രതിരോധവും വർധിക്കും. 40 കി.മീ. മുതൽ 50 കി.മീ. വരെ വേഗത്തിൽ പോകുന്നതാണ് ഇന്ധനക്ഷമതയ്ക്കു നല്ലത് (അപകടങ്ങളൊഴിവാക്കാനും ഇതു സഹായിക്കും).

2. കൂള്‍ ഇറ്റ് ഡിയര്‍

mileage-tips-6

ബ്ലോക്കിലോ സിഗ്‌നലിലോ 10 സെക്കൻഡുകളിലധികം നിർത്തിയിടേണ്ടി വരുന്നുണ്ടെങ്കിൽ എഞ്ചിൻ ഓഫാക്കുന്നതാണു നല്ലത്. എസിയും ഓഫാകും എന്നതാണ് ഇതിന്റെ ദോഷം. എസി വേണമെന്നുണ്ടെങ്കിൽ എഞ്ചിൻ ഓഫാക്കാതെ ന്യൂട്രൽ ഗിയറിലേക്കു മാറ്റുക. 

3. ക്ലച്ച് വിട്ടുപിടി

mileage-tips-5

എഞ്ചിനും ഗിയർബോക്സുമായുള്ള ബന്ധം വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനുമാണ് ക്ലച്ച് ഉപയോഗിക്കുന്നത്. ക്ലച്ച് പെഡൽ ചെറുതായെങ്കിലും അമർന്നിട്ടുണ്ടെങ്കിൽ എഞ്ചിന്റെ കാര്യക്ഷമതയെ ബാധിക്കും. ഓട്ടമറ്റിക് കാറുകളിൽ ബ്രേക്കിൽ കാലമർത്താനാണു സാധ്യത. അതും ഒഴിവാക്കുക.  

4. ഇരപ്പിക്കല്‍ വേണ്ട

mileage-tips-4

പെട്ടെന്നുള്ള ആക്സിലറേഷനു വലിയ തോതിൽ ഇന്ധനം ആവശ്യമാണ്. ബൈക്കുകളിലും കാറുകളിലും ഇന്ധനക്ഷമത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെ. 

5. കാറ്റടിക്കാന്‍ മറക്കേണ്ട

mileage-tips-3

ടയറിൽ നിശ്ചിത മർദത്തിൽ കാറ്റില്ലെങ്കിൽ ഇന്ധനക്ഷമതയെ സാരമായി ബാധിക്കും. ആഴ്ചയിലൊരിക്കൽ ടയറുകളിലെ കാറ്റ് പരിശോധിക്കണം. വാഹനം നിശ്ചിത ഇടവേളകളിൽ സർവീസ് ചെയ്യുക. 

6. എസിയിട്ട് പോയാലും മെച്ചം

mileage-tips-2

ദേശീയപാതകളിലും മറ്റും ഉയർന്ന വേഗത്തിൽ പോകുമ്പോൾ എസിയിട്ടു ജനൽഗ്ലാസുകൾ അടച്ചു പോകുന്നതാണ് ഇന്ധനക്ഷമതയ്ക്കു നല്ലത്. എയ്റോഡയ്നാമിക്സ് പ്രത്യേകതയാണ് ഇതിനു കാരണം. 

7. ഗിയറിനെ പ്രണയിക്കുക

mileage-tips-1

മാനുവൽ ഗിയർ ഷിഫ്റ്റാണെങ്കിൽ കൃത്യസമയത്തു സാവധാനം ഗിയർ മാറ്റുക. ടാക്കോമീറ്ററിൽ ഒരു കണ്ണു വേണം. എ​ഞ്ചിൻ ആർപിഎം അധികം വർധിക്കാതെ ശ്രദ്ധിക്കുക. ഓട്ടമാറ്റിക് കാറുകളിൽ ചില സമയത്ത് (ഉദാ. ഇറക്കം ഇറങ്ങുമ്പോൾ) താഴ്ന്ന ഗിയറിൽ പോകുന്നതായി അനുഭവപ്പെടാം. ആ സമയത്ത് പാഡിൽ ഷിഫ്റ്റ് (മാനുവൽ ഷിഫ്റ്റ്) ഉപയോഗിച്ചു ഗിയർ മാറാം. 

8. ഓവര്‍ലോഡ് കയറ്റല്ലേ

mileage-tips

കാറിലായാലും ബൈക്കിലായാലും അധികം ഭാരം കയറുന്തോറും എ‍ഞ്ചിൻ കൂടുതൽ പണിയെടുക്കേണ്ടതായി വരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ ഇന്ധനവും വേണ്ടിവരും.

9. അടിച്ചുപൊളിക്കാം

mileage-tips-8

ഒരേ സ്ഥലത്തേക്കു പോകേണ്ട ഒന്നിലധികം ആളുകളുണ്ടെങ്കിൽ പൂളിങ് സംവിധാനത്തിൽ അടിച്ചുപൊളിച്ചു പോകാം. ഒരു വാഹനമെടുത്ത് ഇന്ധനച്ചെലവ് തുല്യമായി വീതിക്കാം. കൂടെ വരുന്ന ആളുകൾക്കും വാഹനങ്ങളുണ്ടെങ്കിൽ ഓരോ ആഴ്ചയും ഓരോരുത്തരും വാഹനങ്ങളെടുക്കട്ടെ. 

10. പാര്‍ക്കിങ് പാരയാകരുത്

കടയിലോ ഷോപ്പിങ് മാളിലോ പോകുമ്പോൾ സൗകര്യപ്രദമായ സ്ഥലത്തു പാർക്ക് ചെയ്യാം. പോകേണ്ട സ്ഥലത്തിനടുത്തേ പാർക്ക് ചെയ്യൂ എന്നു വാശി പിടിക്കാതിരിക്കുക. അൽപം ദൂരെയാണെങ്കിലും പെട്ടെന്ന് എടുത്തുകൊണ്ടു പോകാവുന്ന വിധം പാർക്ക് ചെയ്താല്‍ തിരക്കില്‍പ്പെട്ടുള്ള ഇന്ധനനഷ്ടം ഒഴിവാക്കാം.-

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA