വാഹനമോടിക്കുമ്പോൾ ഈ ശീലങ്ങൾ നന്നല്ല

gear-lever
SHARE

നമ്മുടെ നിരത്തിലൂടെ ഓരോ മിനിറ്റിലും ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അതില്‍ കാറുകള്‍, ബൈക്കുകള്‍, ലോറികള്‍ തുടങ്ങി നിരവധി തരത്തിലുള്ള വാഹനങ്ങളുണ്ട്. ഈ വാഹനങ്ങളെല്ലാം ഓടിക്കുന്ന ആളുകളുടേ രീതികളും വ്യത്യസ്തമാണ്. ചിലര്‍ റാഷ് ‍ഡ്രൈവിങ്ങിന്റെ ആളുകളാണെങ്കില്‍ മാന്യമായി വാഹനം ഓടിക്കുന്നവരായിരിക്കും മറ്റു ചിലര്‍. എന്നാല്‍ ഇവരെല്ലാം ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഗുരുതരമല്ലെങ്കിലും വാഹനത്തിന് കുഴപ്പങ്ങള്‍ സംഭവിച്ചേക്കാവുന്ന ആ തെറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കൈകള്‍ക്കു വിശ്രമം ഗിയര്‍ലിവറില്‍

പലപ്പോഴും ഒറ്റക്കൈയില്‍ വാഹനമോടിക്കാന്‍ താല്‍പര്യമുള്ളവരാണ് ഡ്രൈവര്‍മാര്‍. പുതിയ വാഹനങ്ങള്‍ ഒറ്റക്കൈകൊണ്ട് നിയന്ത്രിക്കുന്നത് അത്ര കുഴപ്പം പിടിച്ച കാര്യമല്ലെങ്കിലും ഗിയര്‍ലിവറില്‍ എപ്പോഴും കൈവെയ്ക്കുന്നത് അത്ര നല്ല ശീലമല്ല. ഉപയോഗിക്കുമ്പോഴല്ലാതെ ഗിയര്‍ ലിവറില്‍ കൈവെച്ച് വാഹനമോടിക്കുന്നത് കൈകള്‍ക്ക് ആയാസം നല്‍കുമെങ്കിലും അപകടകരമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ രണ്ടു തരം അപകടമാണുണ്ടാവുക. ഒന്നാമതായി സ്റ്റിയറിങ്ങിലെ നിയന്ത്രണം കുറയുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഒറ്റക്കൈ നിയന്ത്രണം അപകടം വിളിച്ചുവരുത്തിയേക്കാം. രണ്ടാമതായി ഗിയര്‍ ലിവറുകള്‍ക്ക് തേയ്മാനം സംഭവിക്കാനും ഇടയുണ്ട്.

കാര്‍ ഗിയറില്‍ നിര്‍ത്തുന്നത്

ട്രാഫിക് സിഗ്‌നലുകളില്‍ ക്ലച്ച് അമര്‍ത്തി ഫസ്റ്റ് ഗിയറില്‍ വാഹനം നിര്‍ത്തുന്നവരാണ് അധികവും. എളുപ്പത്തില്‍ വാഹനമെടുത്തു പോകാന്‍ ഇതു സഹായിക്കുമെന്നതു ശരിയാണ്. പക്ഷേ ഇതോടൊപ്പം അപകടസാധ്യതയും കൂടുതലാണ്. അറിയാതെ പോലും ക്ലച്ചില്‍ നിന്നു കാലെടുത്താല്‍ അപകടമുണ്ടാകാമെന്നോര്‍ക്കുക. വാഹനം നിര്‍ത്തിയാല്‍ ന്യൂട്രല്‍ തിരഞ്ഞെടുത്ത് ഹാന്‍ഡ് ബ്രേക്ക് വലിയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത ഒഴിവാക്കാനാകും.

ഹാഫ് ക്ലച്ച് ഉപയോഗിക്കുക

കയറ്റം കയറുമ്പോള്‍ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് ഫീച്ചര്‍ ഇല്ലെങ്കില്‍ ക്ലച്ചുപയോഗിച്ചു കാര്‍ പിന്നോട്ടുരുളാതെ നിയന്ത്രിക്കാനാകും. ഡ്രൈവിങ്ങില്‍ ദീര്‍ഘകാല പരിചയസമ്പത്തുള്ളവര്‍ക്കു മാത്രമേ ഇതു സാധിക്കു. ചെറിയൊരു കൈയബദ്ധം അപകടം ക്ഷണിച്ചു വരുത്തിയേക്കാം. അതേസമയം ഹാഫ് ക്ലച്ചില്‍ വാഹനം സ്ഥിരമായി നിര്‍ത്തുന്നത് വാഹനത്തിനു കേടുപാടുകള്‍ വരുത്തും. അതിനാല്‍ കയറ്റങ്ങളില്‍ വാഹനം നിയന്ത്രിക്കുന്നതിന് ഹാന്‍ഡ് ബ്രേക്ക് പകരമായി ഉപയോഗിക്കുന്നത് അപകടസാധ്യതയും വാഹനത്തിനുണ്ടാകാവുന്ന കേടുപാടുകളും കുറയ്ക്കും.

കൂടുതല്‍ കരുത്ത് ആവശ്യമുള്ളപ്പോള്‍ ഗിയര്‍ താഴ്ത്തുക

മികച്ച ഇന്ധനക്ഷമതയും വേഗതയും ലഭിക്കുന്നത് വാഹനം ടോപ് ഗിയറില്‍ ഓടിക്കുമ്പോഴാണ്. ടോപ് ഗിയറില്‍ എന്‍ജിന്‍ അധികമായി ചൂടാകുന്നില്ലെന്നതും ശരിയാണ്. എന്നിരുന്നാലും എപ്പോഴും ടോപ് ഗിയര്‍ ഉപയോഗിക്കാനാവില്ല അല്ലെങ്കില്‍ ഉപയോഗിക്കുന്നത് നന്നല്ല. കുറഞ്ഞ ആര്‍പിഎമ്മിലും മികച്ച ടോര്‍ക്ക് നല്‍കുന്നവയാണ് പ്രത്യേകിച്ചും ഡീസല്‍ എന്‍ജിനുകള്‍. ഡൗണ്‍ ഗിയറുകളില്‍ ആക്‌സിലറേറ്ററില്‍ അധികം കാലമര്‍ത്താതെ വാഹനം സുരക്ഷിതമായി ഓടിക്കാനാകും. അധികമായി കാലമര്‍ത്തുന്നതും പെട്ടെന്ന് ഗിയര്‍ മാറ്റുന്നതും വാഹനത്തിന് ഗുണം ചെയ്യില്ലെന്നു ചുരുക്കം.

ക്ലച്ച് പെഡലില്‍ കാല്‍ വയ്ക്കരുത്

ക്ലച്ചില്‍ കാല്‍ വച്ച് വാഹനമോടിക്കുന്നവര്‍ കുറവല്ല. അനാവശ്യമായി ക്ലച്ച് പെഡലില്‍ കാല്‍ വയ്ക്കുന്നത് ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് അറിയാതെ ക്ലച്ചമര്‍ത്തുന്നതിനു കാരണമായേക്കാം. ഇത് ക്ലച്ചിനും ക്ലച്ച് ത്രോഔട്ട് ബെയറിങ്ങിനും തേയ്മാനം വരുത്തിയേക്കാം. കൂടാതെ ക്ലച്ച് ഡിസ്‌ക്കും പെട്ടന്നു തകരാറിലായേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA