ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ ആദ്യ പാഠങ്ങൾ

x-default
SHARE

ഓരോ ഡ്രൈവർക്കും ഓരോ രീതിയാണ്, അതെല്ലാം എപ്പോഴും ശരിയായിരിക്കണമെന്നില്ല. സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിങ്ങാണ് ഏറ്റവും മികച്ചത്. ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് മുന്നോട്ടുപോകാം എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ ആദ്യ പാഠം. മറ്റുള്ളവരുടെ തെറ്റായ ഡ്രൈവിങ് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങളെ മുൻകൂട്ടിക്കണ്ട് അതിൽനിന്ന് ഒഴിഞ്ഞു മാറി വാഹനമോടിക്കുന്ന രീതിയാണ് ഡിഫൻസീവ് ഡ്രൈവിങ്. ഒരാൾ മുന്നിലെ വാഹനത്തിന്റെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തു എന്നു വിചാരിക്കുക. നീണ്ട ക്യൂവിനെ വേഗം മറികടക്കാനായി കാണിക്കുന്ന ആ ട്രാഫിക് നിയമലംഘനം അനുകരിക്കാൻ മറ്റു ഡ്രൈവർമാർക്കും പ്രേരണ തോന്നിയേക്കാം. എന്നാൽ ആ തോന്നലിനെ അതിജീവിച്ച് ‘ഞാൻ അങ്ങനെ ചെയ്യേണ്ടതില്ല’ എന്നു തീരുമാനിച്ച് ഡ്രൈവ് ചെയ്യുന്നതും ഡിഫൻസീവ് ഡ്രൈവിങ്ങാണ്.

റോഡിൽ ഇത്തരത്തിലുള്ള ധാരാളം തെറ്റുകള്‍ കണ്ടേക്കാം. അതെല്ലാം ചെയ്യാം എന്നു ധരിക്കരുത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനം കാണുമ്പോൾ, തങ്ങളുടെ വാഹനം കടന്നു പോകുന്നതു വരെ അതവിടെത്തന്നെ പാർക്കു ചെയ്യും എന്നും കരുതരുത്. അതുപോലെ. തന്റെ മുന്നിൽ പോകുന്ന വാഹനം അതേ ട്രാഫിക് ലെയിനിൽത്തന്നെ പോകും എന്നും മറ്റുള്ളവർ തനിക്കുവേണ്ടി നിർത്തിത്തരും എന്നും അനുമാനിക്കരുത്. നിങ്ങൾ പ്രതീക്ഷിക്കുന്നതിനു വിരുദ്ധമായി അവർ പ്രവർത്തിച്ചാൽ അപകടമുണ്ടാകും. മറ്റു ഡ്രൈവര്‍മാർ തെറ്റു ചെയ്യും എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം.

∙ ദൂരേക്കു നോക്കുക

ശരിയായ രീതിയിൽ വാഹനമോടിക്കുന്നതിന് ഡ്രൈവറുടെ നോട്ടം വളരെ പ്രധാനമാണ്. മുന്നിലെ റോഡിന്റെ കഴിയുന്നത്ര ദൂരത്തിൽ ദൃഷ്ടിയുണ്ടായിരിക്കണം. ദൂരേക്കു നോക്കിയാൽ മാത്രമേ അപകടസാധ്യതകളെ നേരത്തെ തന്നെ കാണുവാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനും കഴിയൂ.

∙ ചുറ്റുപാടും നോക്കുക

ദൂരേക്കു നോക്കുന്നതു പോലെ തന്നെ പ്രധാനമാണ് ചുറ്റുപാടും നോക്കുക എന്നതും. ഡ്രൈവറുടെ ദൃഷ്ടി വാഹനത്തിന്റെ ഇടതു വശത്തും വലതുവശത്തും മുന്നിലും പിന്നിലും ഉള്ള എല്ലാ കാര്യങ്ങളിലേക്കും പതിഞ്ഞിരിക്കണം. എപ്പോഴാണ് സർവീസ് റോഡിൽ അല്ലെങ്കിൽ ഇടറോഡുകളിൽ നിന്ന് ഒരു വാഹനമോ ആളുകളോ കയറി വരുന്നതെന്ന് ഊഹിക്കാൻ പറ്റില്ല. അതുകൊണ്ട് വാഹനത്തിന്റെ ചുറ്റുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവർ അറിഞ്ഞിരിക്കണമെന്നു ചുരുക്കം.

∙രക്ഷാമാർഗ്ഗം കണ്ടെത്തുക

അപകടം എപ്പോൾ സംഭവിക്കുമെന്ന് അറിയാൻ സാധിക്കില്ല. റോഡിലെ അപകടങ്ങൾ കണ്ടാൽ, ഇത്തരം സാഹചര്യത്തിൽ ഞാൻ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിക്കുന്നത് നല്ലതാണ്. എപ്പോൾ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വേണം വാഹനമോടിക്കാൻ. അപകടസാധ്യതകൾ കാണുമ്പോൾ അവ എങ്ങനെ നേരിടണം എന്ന മാർഗത്തെക്കുറിച്ചും ചിന്തിക്കണം.

ഉദാഹരണമായി, എതിരെനിന്ന് ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് നിങ്ങളുടെ നേരെ വരികയാണെങ്കിൽ, ഞാൻ എന്റെ ലൈനിലൂടെയാണ് പോകുന്നത്, മാറ്റേണ്ട ആവശ്യമില്ല എന്നു ചിന്തിക്കരുത്. ഉടൻ തന്നെ ഇടതുവശത്തേക്കു പരമാവധി മാറ്റിക്കൊടുത്താൽ അപകടം ഒഴിവാക്കാം. കൂടാതെ, നമ്മെ ഒരാൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാനും ശ്രമിക്കാം.

∙ മറ്റു വാഹനങ്ങളുമായി അകലം പാലിക്കുക

വാഹനമോടിക്കുന്നതിന്റെ ബാലപാഠങ്ങളിലൊന്നാണ് സുരക്ഷിത അകലം. മുന്നില്‍ പോകുന്ന വാഹനങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിച്ചുവേണം വാഹനമോടിക്കാൻ. അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് പിടിച്ചാൽ മുന്നിലെ വാഹനത്തിൽ ഇടിക്കാതിരിക്കാനാണ് ഇത്. മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നാലെ പോകുന്നത് ഡിഫൻസീവ് ഡ്രൈവിങ് രീതിയല്ല.

∙ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക

അതീവ ശ്രദ്ധ വേണ്ടൊരു കർമമാണ് ഡ്രൈവിങ്. ചെറിയ അശ്രദ്ധകൾ അല്ലെങ്കിൽ ഡിസ്ട്രാക്‌ഷൻസ് വലിയ അപകടം കൊണ്ടു വന്നേക്കാം. ഡിസ്ട്രാക്ഷനുകളെ പൊതുവെ മൂന്നായി തരം തിരിക്കാം- കാഴ്ച സംബന്ധിച്ച ഡിസ്ട്രാക്‌ഷന്‍, മാനുവൽ ഡിസ്ട്രാക്‌ഷന്‍, മെന്റൽ ഡിസ്ട്രാക്‌ഷൻ. ദൃഷ്ടി റോഡിൽ നിന്നു മാറിപ്പോകുമ്പോഴാണ് കാഴ്ച സംബന്ധിച്ച ഡിസ്ട്രാക്‌ഷന്‍ ഉണ്ടാകുന്നത്. സ്റ്റിയറിങ് വീലിൽനിന്ന് ഒരു കൈ എടുക്കുമ്പോൾ മാനുവൽ ഡിസ്ട്രാക്‌ഷനും ഡ്രൈവിങ്ങിൽനിന്നു മനസ്സ് മാറിപ്പോകുമ്പോൾ മെന്റൽ ഡിസ്ട്രാക്‌ഷനും ഉണ്ടാകും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ഒരു മെസ്സേജ് വായിക്കുമ്പോൾ മേൽപ്പറഞ്ഞ മൂന്നു ഡിസ്ട്രാക്‌ഷനും ഒരുമിച്ചു വരും. ഇത് ഗുരുതരമായ അപകടത്തിനു കാരണമാകും. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്തു കൊണ്ട് വാഹനമോടിക്കുന്നത് ഡിഫൻസീവ് ഡ്രൈവിങ് രീതിയല്ല.

∙ ദേഷ്യം റോഡിൽ വേണ്ട

ദേഷ്യം തീർക്കാനുള്ള സ്ഥലമല്ല റോഡുകൾ. മാനസിക സമ്മർദം, ടെൻഷൻ, ദേഷ്യം എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമാകണമെന്നില്ല. മറ്റു ഡ്രൈവർമാരോടുള്ള ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിങ് അല്ല. ചെറിയ വിട്ടുവീഴ്ചകൾ ചെയ്താൽ ചിലപ്പോൾ വലിയ വഴക്കുകളും അപകടങ്ങളും ഒഴിവാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA