എൻജിൻ ഓയിൽ, കാറിന്റെ ജീവരക്തം

engine-oil
SHARE

കാറിന് ടാങ്കുനിറച്ച് ഇന്ധനം മാത്രം വാങ്ങിക്കൊടുത്താൽ പോരാ. എൻജിന്റെ ആകമാനം പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇടവേളകളിലുള്ള ഓയിൽ മാറ്റം. ഓയിൽ കൃത്യമായി മാറ്റാതിരുന്നാൽ എൻജിനു ശരിയായ ലൂബ്രിക്കേഷൻ കിട്ടാതെ നിങ്ങളുടെ വണ്ടി അകാലചരമം പ്രാപിക്കുമെന്നത് മറക്കേണ്ട.

കമ്പനി പറയുന്ന ഇടവേളകളിലാണ് കാറുകളിൽ ഓയിൽ മാറ്റേണ്ടത്. പുതിയ കാർ ആണെങ്കിൽ ഓയിൽ എത്രയും വേഗം മാറ്റുന്നതാണു നല്ലത്. പുതിയ വണ്ടി ആയതിനാൽ എൻജിനിലെ ലോഹഭാഗങ്ങൾ കൂട്ടിയുരുമിയുണ്ടാകുന്ന മാലിന്യം അധികമായിരിക്കും. ഇവ ഓയിലിൽ അടിഞ്ഞുകൂടും. 

എൻജിൻ ഓയിലിന്റെ അളവ് കുറയുന്നുണ്ടോ എന്ന് ഇടയ്ക്കു പരിശോധിക്കുന്നതു നല്ലത്. ക്രമാധീതമായി ഓയിലിന്റെ അളവ് കുറഞ്ഞാൽ പുതുതലമുറ കാറുകളിൽ അതിന്റെ ഇൻഡിക്കേഷൻ ഓഡോ ക്ലസ്റ്ററിൽ നിന്ന് അറിയാം. എങ്കിലും ഇടയ്ക്കു ബോണറ്റിൽ എൻജിനോട് ചേർന്നു കാണപ്പെടുന്ന ഓയിൽ ഡിപ്സ്റ്റിക് ഊരിയെടുത്ത് ഓയിലിന്റെ അളവും സുതാര്യതയും പരിശോധിക്കുന്നത് നന്നായിരിക്കും. കറുത്ത് ഗ്രീസ് നിറത്തിലാണ് ഓയിലെങ്കിൽ മാറ്റാൻ വൈകരുത്. ഇളം കാപ്പിപ്പൊടിനിറത്തിലാണ് ഓയിൽ കാണുന്നതെങ്കിലും ദുസൂചനയാണ്. കൂളന്റുമായി അത് ഇടകലരുന്നു എന്നാണ് അർഥം. എത്രയും വേഗം സർവീസ് സെന്ററിനെ സമീപിക്കുക.

എൻജിൻ ഉൽപാദിപ്പിക്കുന്ന അമിത താപത്തെ പ്രതിരോധിക്കുന്നതിൽ കൂളന്റ് പോലെതന്നെ എൻജിൻ ഓയിലും പ്രധാനമാണ്. അതിനാൽ ഓയിലിന്റെ പഴക്കവും അളവുകുറവും എൻജിന്റെ ദീർഘകാല പ്രകടനത്തെ സാരമായി ബാധിക്കും. മൈലേജും കുറയും. കൃത്യമായി ഓയിൽ മാറ്റിയില്ലെങ്കിൽ എൻജിൻ ക്രമാധീതമായി ചൂടാകുന്നതിന് അത് ഇടയാക്കും. ഓയിൽ പമ്പിൽ മാലിന്യം അടിഞ്ഞുകൂടി പമ്പിങ്ങിൽ തടസ്സം സൃഷ്ടിക്കപ്പെടുന്നതാണ് എൻജിൻ അമിതമായി ചൂടാകാൻ കാരണം. അതുപോലെ തന്നെ എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ജീർണ മാലിന്യങ്ങൾ തടഞ്ഞുനിർത്തുന്നവയാണ് ഓയിൽ ഫിൽറ്ററുകൾ. ഇവയും കൃത്യമായി പരിശോധനയ്ക്കു വിധേയമാക്കുക. ഫിൽറ്റർ ക്ലീൻ ചെയ്തു വേണം പുതിയ ഓയിൽ ഒഴിക്കാൻ. ഇല്ലെങ്കിൽ പഴയ മാലിന്യവുമായി പുതിയ ഓയിൽ കൂടിക്കലരും. ഓയിൽ മാറ്റുന്നതിനൊപ്പം ഫിൽറ്ററും മാറ്റാൻ ശ്രദ്ധിക്കണം.

അമിതമായി എൻജിൻ ഓയിൽ ഒഴിക്കുന്നതും എൻജിൻ ഘടകങ്ങൾ കേടുവരുത്തും. ഡിപ്സ്റ്റിക് പരിശോധിച്ചാൽ ഓയിൽ ഒഴിച്ചത് അമിതമായോ എന്നറിയാം. കൂടാതെ കട്ടിയേറിയ വെളുത്ത പുകവരുന്നതും അമിത ഓയിലിന്റെ ലക്ഷണമാണ്.  സ്വയം ഓയിൽ ഒഴിക്കുന്നവർ, അളവ് അമിതമായി എന്നു തോന്നിയാൽ അതു ചോർത്തിക്കളയാനുള്ള മാർഗം തേടണം. 

നിങ്ങൾ വണ്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നുവെങ്കിൽ അൽപം പണം കൂടുതൽ മുടക്കി ഫുൾ സിന്തറ്റിക് ഓയിൽ ഒഴിക്കാൻ ശ്രമിക്കുക. സാധാരണ ഓയിൽ ഒഴിച്ചാൽ വാഹനം 5000 കിലോമീറ്റർ ഓടുമെങ്കിൽ, ഫുൾ സിന്തെറ്റിക് ഓയിലിന്റെ കാര്യത്തിൽ അത് 10000 കിലോമീറ്ററാണ്. എൻജിന് ആരോഗ്യകരമായ നീണ്ട ജീവിതം ഇത് ഉറപ്പാക്കുന്നു,  എൻജിൻ നോയിസിന്റെ ശല്യം കുറയുകയും ആക്സിലറേഷൻ കൂടുതൽ സ്മൂത്താകുകയും ചെയ്യും. മൈലേജും വർധിക്കും.

രാവിലെ കാർ ആദ്യമായി പുറത്തേക്കെടുക്കുമ്പോൾ എൻജിൻ ഇരമ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. എൻജിൻ ചൂടാക്കുക എന്നാണ് ഇതിനു പറയുന്ന ന്യായം. എന്നാൽ സ്റ്റാർട്ട് ചെയ്താൽ തന്നെ ഓയിലുകൾ കൃത്യമായി എൻജിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന തരത്തിലാണ് പുതിയ കാലത്തെ കാറുകളുടെ നിർമാണം. ഓയിലുകൾ കൃത്യമായി ഒഴുകിയെത്തുന്നതിനു മുൻപ്തന്നെ എൻജിൻ ഇരമ്പിച്ചാൽ ലൂബ്രിക്കേഷൻ ഇല്ലാതെ എൻജിൻ ഘടങ്ങൾക്കു തകരാർ സംഭവിക്കാം. 

എന്‍ജിൻ ഓയിൽ അളവ് പരിശോധിക്കേണ്ട വിധം

വാഹനം നിരപ്പായ പ്രതലത്തിൽ നിർത്തിയിട്ട് സ്റ്റാർട്ട് ആക്കണം. ഏതാനും മിനിറ്റുകൾക്കു ശേഷം  എൻജിൻ ചൂടായാൽ ഓഫാക്കി ഡിപ്സ്റ്റിക് ഊരിയെടുക്കുക. തുണികൊണ്ട് ഓയിൽ തുടച്ചുകളഞ്ഞശേഷം തിരിച്ചുവയ്ക്കുക. വീണ്ടും ഊരി നോക്കുക. ഓയിലിന്റെ അംശം ഡിപ്സ്റ്റിക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുവദനീയമായ മാർക്കിങ്ങുകൾക്ക് ഇടയിലാണോ എന്ന് ഉറപ്പാക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA