വഴിതെളിക്കും വൈപ്പർ

495593302
SHARE

കാറിന്റെ ഏറ്റവും ലളിതമായ ഒരു ഉപകരണമായിരിക്കും വൈപ്പർ. പക്ഷേ അതിന്റെ ഉപയോഗം അത്ര ചെറുതല്ല. നമ്മുടെ കാഴ്ചയുടെ ഇടനിലക്കാരൻ എന്ന നിലയ്ക്ക് മുൻഭാഗത്തെ ചില്ലിനെ അഥവാ വിൻഡ് ഷീൽഡിനെ നന്നായിത്തന്നെ പരിപാലിക്കേണ്ടതുണ്ട്. ചെറിയ ഒരു ചെളിയുടെ അംശം നമ്മുടെ കാഴ്ചയെ മറയ്ക്കുന്നതു വലിയ അളവിലായിരിക്കും. അതിന്റെ വ്യാപ്തി മനസിലാക്കാൻ ചെറിയ ഒരു വഴിയുണ്ട്. കാറിന്റെ ഡാഷിൽ സ്ഥിരം വയ്ക്കാത്ത കുടയോ തുണിയോ ഒന്നു വച്ചു നോക്കൂ. അത്ര പ്രധാനപ്പെട്ട സ്ഥലമല്ലാതിരുന്നിട്ടു കൂടി നമ്മുടെ ഡ്രൈവിങ്ങിനെ അതു നന്നായി ബാധിക്കും. മുന്നിലെ പലതും നമുക്ക് കാണാൻ സാധിക്കില്ല. 

എല്ലാ ദിവസവും മഴയും വെയിലും കൊണ്ട് കിടക്കുന്ന വൈപ്പർ നമ്മളിൽ എത്ര പേർ‌ ശ്രദ്ധിക്കാറുണ്ട്? വാഹനം കഴുകുമ്പോൾ പോലും ഒന്ന് ഉയർത്തിവച്ച് വെള്ളം ഒഴിക്കും. കഴിഞ്ഞു. അതു പോര. മാർദവമുള്ള തുണി കൊണ്ടു നന്നായി തുടയ്ക്കണം. നന്നായി കാണാൻ മാത്രമല്ല, വിലകൂടിയ വിൻഡ് ഷീൽഡ് നിലനിൽക്കാൻ കൂടിയാണിത്. 

എപ്പോൾ മാറ്റണം?

മഴയും വെയിലും ഒരുപോലെ ലഭിക്കുന്ന കാലാവസ്ഥയായതിനാലാണ് നമ്മുടെ നാട്ടിലെ വൈപ്പർ ബ്ലേഡുകൾ പെട്ടെന്നു കേടാവുന്നത്. ഒരു വർഷം കഴിയുമ്പോഴേക്കു മാറ്റിയാൽ നന്നായി. ചെറിയതായി പൊടിഞ്ഞു തുടങ്ങുകയോ ചില്ലിന്റെ ഒരു ഭാഗം മാത്രം വൃത്തിയാകാതെ വരികയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബ്ലേഡ് മാറ്റണം. പരമാവധി ബ്രാൻഡഡ് ബ്ലേഡ് തന്നെ ഉപയോഗിക്കുക. കണ്ടാൽ ഒരുപോലെയാണെങ്കിലും പൊടിഞ്ഞു വീണാൽ ചില്ലിൽ എളുപ്പം പാടുവീണേക്കാം. 

പൊടി തുടയ്ക്കാനല്ല വൈപ്പർ

നിരന്തരം പൊടിയിലൂടെ പോകുമ്പോഴും ചില്ലിൽ ചെളി നിറയുന്നത് സാധാരണയാണ്. ഉണങ്ങി വരണ്ടിരിക്കുന്ന ചില്ലിൽ വൈപ്പർ പ്രവർത്തിപ്പിക്കുമ്പോൾ കല വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെളി കളയാനായി വാഷർ ഓണാക്കി പെട്ടെന്നു വൈപ്പർ ഓണാക്കുന്നതും പ്രശ്നമാണ്. വാഷറിൽ നിന്ന് അൽപം വെള്ളം മാത്രമേ ചില്ലിലെത്തൂ. തീരെ ഈർപ്പമില്ലാത്ത സാഹചര്യത്തിൽ വൈപ്പർ പ്രവർത്തിപ്പിക്കുമ്പോൾ ഉരയുന്ന ശബ്ദം കേൾക്കാം. നന്നായി ചെളിയുള്ള സന്ദർഭത്തിൽ ഒരു കുപ്പി വെള്ളം ഒഴിച്ച ശേഷം വൈപ്പർ ഓൺ ചെയ്താൽ പാട് വീഴുന്നത് ഒഴിവാക്കാം.

വാഷറിൽ എന്ത് ഒഴിക്കാം?

പൈപ്പിൽ നിന്നു പിടിക്കുന്ന വെള്ളം മതിയോ? പോര. നിർബന്ധമായും ഡിസ്റ്റിൽഡ് വെള്ളം തന്നെ ഉപയോഗിക്കണം. ‌വെള്ളം മാത്രം ഒഴിച്ചാൽ മുഴുവൻ ആവശ്യവും നടക്കില്ല. അധികം പണം മുടക്കാതെ തന്നെ വാഷിങ് ലിക്വിഡ് വാങ്ങാം. ഷാംപൂവും സോപ്പു വെള്ളവും ഉപയോഗിക്കുമ്പോ‍ൾ കൂടുതൽ പത വരികയും കാഴ്ച മങ്ങുകയും ചെയ്യും. പിന്ന അതു വ‍ൃത്തിയാക്കാൻ വേറെ വെള്ളം വേണ്ടി വരും. വാഷിങ് ലിക്വിഡ് വെള്ളവുമായി ചേർത്ത ശേഷം വൈപ്പർ വാഷർ ടാങ്കിൽ ഒഴിക്കാം. ശ്രദ്ധിക്കുക ഒഴിക്കും മുൻപ് ഒന്ന് ചില്ലിലേക്ക് കുടഞ്ഞു നോക്കണം. കൂടുതൽ പതയുണ്ടെങ്കിൽ പിന്നെയും വെള്ളം ചേർക്കാം. ഒരിക്കൽ ടാങ്ക് നിറച്ചു കഴിഞ്ഞാൽ അതു തിരിച്ചെടുക്കാൻ‌ പറ്റില്ലല്ലോ. 

വൈപ്പർ മാറ്റങ്ങൾ

ഒരു മോട്ടറിൽ നിന്നു രണ്ടു വൈപ്പർ ആമുകൾക്കും ഊർജം കൊടുത്ത് പ്രവർത്തിക്കുന്ന റോട്ടറി വൈപ്പർ സാങ്കേതികത ഇന്നു മാറി വരുന്നു. ഒരു കാലിൽ മാത്രം ഊർജം നൽകി അതിൽ നിന്നു തന്നെ രണ്ടു കാലുകളും പ്രവർത്തിക്കുന്ന മെക്കാട്രോണിക് സാങ്കേതിക വിദ്യ മാർക്കറ്റിൽ എത്തിക്കഴിഞ്ഞു. ലളിതമായ പ്രവർത്തനവും ഭാരക്കുറവും ആണു മെച്ചങ്ങൾ. വൈപ്പറിൽ നിന്നു തന്നെ വെള്ളം ചില്ലിലേക്ക് സ്പ്രേ ചെയ്യുന്നതരം വാഷറുകൾ ജലത്തിന്റെ ഉപയോഗം കുറച്ച് കൂടുതൽ മെച്ചപ്പെട്ട ക്ലീനിങ് തരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA