മറക്കരുത് ടയറിനെ

BANGLADESH-AUTOMOBILE-USED-MARKET
SHARE

ഈ സ്റ്റീയറിങ്ങിന് എന്തോ പ്രശ്നമുണ്ട്, കാർ നേരെ ഓടിക്കുമ്പോൾ ഒരു സൈഡ് വലിവ്. പോരാത്തതിനു കുറച്ചുദിവസമായി മൈലേജും കുറവ്. ടയറിലുണ്ടാകുന്ന ഏതു പ്രശ്നവും നിങ്ങളുടെ കാറിനെ ബാധിക്കുക വിവിധ തരത്തിലായിരിക്കും. കാറിനെ റോഡുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഏക ഘടകമാണ് ടയർ. എന്നാലും ആ ടയറിന്റെ കാര്യം ഇടയ്ക്കൊന്നു പരിഗണിക്കാൻ പലർക്കും മടിയാണ്. ടയറിൽ എയർ കുറഞ്ഞാൽ മൈലേജിനെ അതു ബാധിക്കും. കാർ മുന്നോട്ടു ചലിപ്പിക്കാനുള്ള കൂടുതൽ ഊർജം എൻജിൻ ഉൽപാദിപ്പിക്കേണ്ടി വരുന്നതാണു കാരണം. 

കൃത്യമായ ഇടവേളകളിൽ ടയറിലെ എയർ ചെക്ക് ചെയ്യുന്നത് ശീലമാക്കുക.  കമ്പനി നിർദേശിക്കുന്ന അളവിൽ കൂടുതലോ കുറച്ചോ എയർ ടയറിൽ നിറയ്ക്കരുത്. ടയറിൽ നൈട്രജൻ ഗ്യാസ് നിറയ്ക്കുന്നത് ടയർ പെട്ടെന്നു ചൂടാവുന്നതും എയർ നഷ്ടമാക്കുന്നതും തടയും. ദീർഘദൂര യാത്രകളിൽ ഇതു ഗുണം ചെയ്യും. നൈട്രജൻ കൂടുതൽ ഈർപ്പം വലിച്ചെടുക്കും എന്നതിനാൽ മഴക്കാലത്ത് വെള്ളത്തിലും മറ്റും പാർക്ക് ചെയ്യുമ്പോൾ നൈട്രജൻ നിറച്ച ടയറുകളിൽ നിന്ന് മർദ നഷ്ടം ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

ടയറിനു തേയ്മാനം വന്നാൽ പിന്നെ അതു മാറ്റാൻ അമാന്തിക്കരുത്. ഇല്ലെങ്കിൽ വേഗമെടുക്കുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നെന്നു വരില്ല. ഓരോ ഇടവേളയിലും ടയർ ത്രെഡിനിടയിൽ നാണയം വച്ച് അളവു താരതമ്യം ചെയ്താൽ തേയ്മാനത്തോത് പരിശോധിക്കാം. ദീർഘദൂര യാത്രകൾ കഴിഞ്ഞുവരുമ്പോൾ ടയറുകളിൽ ആകമാനം ഒരു പരിശോധന നടത്തേണ്ടത് ആവശ്യമാണ്. കുപ്പിച്ചില്ലോ കമ്പിയോ മറ്റോ ടയർ ത്രെഡിന് ഇടയിൽ കയറിയിരിക്കുന്നുണ്ടെങ്കിൽ പിന്നീട് അതു പഞ്ചറിനു കാരണമായേക്കാം എന്നതിനാലാണിത്. പുതുതലമുറ ട്യൂബ്‌ലെസ് ടയറുകൾ സാവധാനത്തിലാകും പഞ്ചറാകുക എന്നു മറക്കരുത്.

നമ്മുടെ റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമായതിനാൽ 5000 കിലോമീറ്റർ കൂടുമ്പോൾ ടയർ റൊട്ടേഷൻ, വീൽ ബാലൻസിങ് എന്നിവ ചെയ്യുക. സ്റ്റിയറിങ്ങിൽ അനുഭവപ്പെടുന്ന വിറയലിനും മറ്റും കാരണം വീൽ ബാലൻസ് ശരിയല്ലാത്തതായിരിക്കാം. കൃത്യ സമയത്ത് അതു ശരിയാക്കിയില്ലെങ്കിൽ സ്റ്റിയറിങ്ങ് ബോക്സിനെ അതു പ്രതികൂലമായി ബാധിച്ചെന്നു വരും. കൂടാതെ നേരത്തേയുള്ള ടയർ തേയ്മാനത്തിനും അതു കാരണമാകാം. നേരെയുള്ള റോഡിലൂടെ അൽപം വേഗം കുറച്ച് കാർ ഓടിക്കുമ്പോൾ കാർ ഇടത്തോട്ടോ വലത്തോട്ടോ പോകുന്നത് വീൽ ബാലൻസ്  തെറ്റിയതിന്റെ ലക്ഷണമാണ്. മുൻവശത്തെ ടയറുകളിലാണ് കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എന്നതിനാൽ ടയർ റൊട്ടേഷൻ ഓരോ തവണ ചെയ്യുമ്പോഴും പാരലലും വെർട്ടിക്കലും മാറിമാറി ചെയ്യുന്നത് ടയറിന്റെ ആയുസ്സു വർധിപ്പിക്കും.

കാറിൽ കമ്പനി ഫിറ്റ് ചെയ്തു നൽകുന്ന വീതിയിൽ അധികമുള്ള ടയറുകൾ മാറ്റി സ്ഥാപിക്കുന്നത് കാറിന്റെ ആകമാനം പ്രകടനത്തെ പ്രതികൂലമായി ബാധിക്കും. മൈലേജ് കുറയുമെന്നതാണ് പ്രകടമായ മാറ്റം.  ടയർ പഞ്ചറാവുമ്പോൾ മാത്രം ആളുകൾ പരിഗണിക്കുന്നതാണ് സ്റ്റെപ്പിനി ടയറിന്റെ കാര്യം. കുറേ നാൾ സ്റ്റെപ്നി ടയർ വെറുതെ ഇരിക്കുന്നതിനാൽ അതിൽ നിന്ന് സ്വാഭാവികമായും മർദം നഷ്ടപ്പെട്ടിട്ടുണ്ടാകും. അതിനാൽ ടയറുകളിൽ എയർ നിറയ്ക്കുമ്പോൾ സ്റ്റെപ്പിനിയിൽ കൂടി എയർ നിറച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പഞ്ചറായ ടയർ മാറ്റിയിടുമ്പോൾ സ്റ്റെപ്നിയിൽ മതിയായ എയർ ഇല്ലാതെ നിങ്ങൾ കുടുങ്ങും

എയർ പ്രഷർ മോണിറ്റർ

ഓൺലൈനിൽ നിന്നോ കടകളിൽ നിന്നോ ചെറിയ തുകയ്ക്കു വാങ്ങാൻ കിട്ടും ഈ ഉപകരണം. വീലിന്റെ വാൽവിൽ ബന്ധിപ്പിച്ചോ സെൻസറുകൾ ഉപയോഗിച്ച് ഡാഷ്ബോർഡിൽ ഘടിപ്പിച്ചോ ഇതിലൂടെ ടയറിന്റെ പ്രഷർ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA