വെള്ളക്കെട്ടിൽ ഇരുചക്രവാഹനങ്ങള്‍ ഇറക്കരുത്

bike-in-flood
SHARE

മറ്റു വാഹനങ്ങളെക്കാൾ ഏറെ മഴ പ്രതികൂലമായി ബാധിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളിൽ പെടുന്നത് ഇരുചക്രവാഹനങ്ങൾ തന്നെ. ഒഴുക്കുള്ള വെള്ളത്തിൽ ബൈക്ക് ഇറക്കുന്ന വളരെ അപകടകരമാണ്. കൂടാതെ മഴയിൽ മിനുസമാകുന്ന റോഡ്, ‘രണ്ടുചക്ര’ത്തെ പലപ്പോഴും തകിടം മറിക്കുന്നു. ശ്രദ്ധാപൂർവമുള്ള റൈഡിങ് മാത്രമാണ് അപകടമൊഴിവാക്കാനുള്ള മുഖ്യ മാർഗം.

∙വെള്ളക്കെട്ടിൽ ഇറക്കരുത് 

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. 

∙ മറ്റുള്ളവരുടെ ശ്രദ്ധ നേടുക

മഴയുള്ളപ്പോൾ നാം മറ്റുള്ളവരെ കാണുന്നതുപോലെ പ്രധാനമാണ് മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നതും. അവ്യക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന മഴയിൽ, തിളങ്ങുന്ന നിറമുള്ള റെയ്ൻകോട്ടുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വാഹനം മറ്റു ഡ്രൈവർമാരുടെ കാഴ്ചയിൽപ്പെടാൻ സഹായിക്കും. ഫ്ളൂറസെൻറ് നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ഹെൽമറ്റ്, ജാക്കറ്റ്, ബൈക്ക് എന്നിവയിൽ ഒട്ടിക്കാം. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളിൽ ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ നിർബന്ധമായി ഉപയോഗിക്കണം. ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫുചെയ്യാൻ മറക്കരുത്.

∙ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ

വെള്ളം കെട്ടി കിടക്കുന്ന റോഡിലൂടെ പോകുമ്പോൾ ഓർമിക്കുക– മൂടിയില്ലാത്ത മാൻ ഹോളുകൾ, ടെലിഫോൺ കേബിൾ കുഴികൾ, വൻ ഗട്ടറുകൾ എന്നിവയൊക്കെ വെള്ളക്കെട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും.

∙ റോഡിലുള്ള മാൻഹോളുകൾ, പാർക്കിങ് ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റൽ പ്ലേറ്റുകൾ, റയിൽവേ ക്രോസുകൾ എന്നിവയിൽ കൂടി വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കണം. റയിൽവേ ട്രാക്കിൽ പരമാവധി നേരെ തന്നെ ബൈക്ക് ഓടിച്ചു കയറ്റുക. ചെരിഞ്ഞുകയറിയാൽ ചക്രം പാളി ബൈക്ക് മറിയാൻ ഇടയാകും. റോഡിന്റെ കട്ടിങ്ങുകൾ ഏറെ സൂക്ഷിക്കുക. താഴ്ചയുള്ള റോഡരികിൽ ഇറങ്ങിയാലും ഉടൻ വെട്ടിച്ച് റോഡിലേക്ക് കയറാൻ ശ്രമിക്കരുത്. വേഗം കുറച്ച് സ്മൂത്തായ അരികിലൂടെ വേണം തിരികെ റോഡിൽ പ്രവേശിക്കാൻ. 

∙ മെല്ലെപ്പോക്ക് സുരക്ഷിതം 

മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്. റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാൽ മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കണം. 

∙ രാത്രിമഴയിൽ

ടയർത്രെഡുകൾ റോഡിലെ ജലാംശം തെറിപ്പിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണങ്ങിയ ഭാഗം റോഡിൽ ഒരു വരപോലെ രൂപപ്പെടും. ഇതിലൂടെ ബൈക്ക് ഓടിച്ചാൽ കൂടുതൽ റോഡ്ഗ്രിപ്പ് കിട്ടും. രാത്രി മഴയിൽ റോഡ് കാഴ്ച തീർത്ത് അവ്യക്തമായാൽ മുന്നിൽ പോകുന്ന ഫോർവീലറുകളുടെ ടെയ്ൽ ലാംപ് പിന്തുടർന്ന് ഓടിക്കുക.

∙ അരുത്, മഴയത്ത് ബൈക്കിൽ കുട ചൂടരുത് 

മഴ പെയ്യാൻ തുടങ്ങുമ്പോൾ ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുന്നു. സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌ം നഷ്‌ടപ്പെടുമ്പോൾ ബൈക്കിന്റെ നിയന്ത്ര‌‌‌ണം തെറ്റി റോഡിൽ വീഴാം. പിൻസീറ്റിൽ ഇരിക്കുന്നവർക്കു ഹെൽമറ്റ് നിർബന്ധമില്ലാത്തതിനാൽ പലരും തലയടിച്ചാ‌ണു റോഡിൽ വീഴുന്നത്.ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ശക്തമായ കാറ്റിലും മഴയിലും  ബൈക്കിന്റെ  ക്ലച്ച് ഉപയോഗിക്കാനും ബ്രേക്ക് ചെയ്യാനും ഒരുകൈ കൊണ്ട് സാധിക്കില്ല. അപ്പോഴേക്കും അപകടം കൺമുന്നിലെത്തിയിരിക്കും 

പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാൾക്കും കാഴ്ച മറയുന്നു. പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. മഴക്കാലത്തു വെള്ളം നിറഞ്ഞ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറും. ചെറിയ വേഗത്തിൽപോലും മുൻചക്രങ്ങൾ പാളിപ്പോവാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA