പ്രളയം; വാഹന ഇൻഷുറൻസ് ലഭിക്കാൻ ?

car-flood-1
SHARE

വാഹനങ്ങൾ ഒലിച്ചു പോകുകയോ മുങ്ങി നശിക്കുകയോ ചെയ്താൽ ഇൻഷുറൻസ് ലഭിക്കാനുള്ള നടപടി ക്രമങ്ങൾ ഇവയാണ്:

1. തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളുവെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല. നിയമം അനുസരിച്ചുള്ള മിനിമം ഇൻഷുറൻസ് (ആക്ട് ഒൺലി പോളിസി) മാത്രമേ ഉള്ളുവെങ്കിലും കിട്ടില്ല. ഫുൾ കവർ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. 

2. ചെളിയിൽ മൂടി കിടക്കുന്ന വാഹനം തുറക്കരുത്. സ്റ്റാർട്ട് ചെയ്യരുത്. പോളിസി നമ്പർ സഹിതം ഇൻഷുറൻസ് കമ്പനിയിൽ വിളിക്കുകയോ ഓൺലൈനിൽ ബന്ധപ്പെടുകയോ ചെയ്യുക. അവർ സർവെയറെ അയയ്ക്കും.

3. സർവെയർ വന്നു ഫൊട്ടോ എടുത്തു കുറിപ്പു തയാറാക്കും. വണ്ടി കെട്ടിവലിച്ചു സർവീസ് സെന്ററിൽ കൊണ്ടു പോകാൻ നടപടി സ്വീകരിക്കും. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ചെലവ് തരാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമാണ്. 

4. അറ്റകുറ്റപ്പണിക്ക് എത്ര തുക വേണ്ടിവരുമെന്നു കണക്കാക്കും. സർവീസ് സെന്ററും ഇൻഷുറൻസുകാരും ചേർന്ന് ഒത്തുതീർപ്പാകുന്ന തുക ഇ‍ൻഷുറൻസ് കമ്പനി നൽകും. ഉടമയ്ക്കു വേണമെങ്കിൽ സർവീസ് സെന്ററിനു പണം നൽകാം. പിന്നീട് ഇൻഷുറൻസ് കമ്പനി ആ തുകയ്ക്കുള്ള ചെക്ക് നൽകും.

5. വാഹനത്തിന്റെ ലൈറ്റുകൾ, ഫൈബർ–പ്ലാസ്റ്റിക് ഭാഗങ്ങൾ, സീറ്റിന്റെ റെക്സിൻ തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് കിട്ടില്ല. മുൻപിലും പിറകിലുമുള്ള ഗ്ലാസ്, ഡോറിന്റെ ഗ്ലാസ് എന്നിവയ്ക്കു കിട്ടും.

6. വണ്ടി നന്നാക്കാൻ കഴിയാത്തവിധം ‘ടോട്ടൽ ലോസ്’ ആയിട്ടുണ്ടെങ്കിൽ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും. വണ്ടി അവർ ഏറ്റെടുക്കും. എന്നാൽ, ടോട്ടൽ ലോസ് ആയി കണക്കാക്കണമെന്ന് ഉടമയ്ക്ക് നിർബന്ധിക്കാൻ കഴിയില്ല. ഇൻഷുറൻസ് കമ്പനിയാണ് അതു നിശ്ചയിക്കുക.

7. വണ്ടിയിലെ എക്സ്ട്രാ ഫിറ്റിങ്സിന് പ്രത്യേകം ഇൻഷുർ ചെയ്തില്ലെങ്കിൽ തുക കിട്ടില്ല.

8. ഈ നടപടിക്രമങ്ങൾ പരമാവധി 15–20 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണു നിർദേശം. പ്രളയം കഴിഞ്ഞ സ്ഥിതിയിൽ ഇപ്പോൾ പൊലീസ് റിപ്പോർട്ട് ആവശ്യമില്ല. മോഷണത്തിനു പൊലീസ് റിപ്പോർട്ട് വേണം.

9. വാഹനം ഒലിച്ചുപോയി കണ്ടെത്താൻ കഴിയാതിരുന്നാലോ, വാഹനം തിരികെ കൊണ്ടു വരുന്നതിനു വൻ ചെലവാണെങ്കിലോ ടോട്ടൽ ലോസ് ആയി കണക്കാക്കി നഷ്ടപരിഹാരം തരും. 

വിവരങ്ങൾക്ക് കടപ്പാട്: കെ. ഗോപിനാഥ്, സീനിയർ മാനേജർ(റിട്ട.) ന്യൂ ഇന്ത്യ അഷുറൻസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA