പ്രളയത്തിൽ മുങ്ങിയ കാറുകളെ രക്ഷപ്പെടുത്താൻ ചിലവഴികൾ

car-flood
SHARE

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽ വാഹനങ്ങൾ നഷ്ടപ്പെട്ടവർ ഒട്ടേറെ. അതേസമയം,  പുനരധിവാസത്തിന്റെ ആക്കം കൂട്ടാനും ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനും  ഈ ഘട്ടത്തിൽ ‘വാഹനങ്ങൾ’ തികച്ചും അത്യന്താപേക്ഷിതവുമാണ്. 

ഫുൾ കവർ ഇൻഷുറൻസ് ഉള്ളവർ ‘വലിയ തുക’ മുടക്കി സ്വന്തം വാഹനങ്ങളെ വിവിധ വാഹന നിർമാതാക്കളുടെ അംഗീകൃത സർവീസ് സെന്ററുകളിൽ കെട്ടിവലിച്ചും മറ്റും ഇതിനകം എത്തിച്ചുകഴിഞ്ഞു. എന്നാൽ പഴക്കം ചെന്നതിനാൽ  കുറഞ്ഞ ഇൻഷുറൻസ് മൂല്യം (ഐഡിവി) ഉള്ള വാഹന ഉടമസ്ഥനും തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രം ഉള്ള വാഹനം ഉടമസ്ഥരും പോളിസി മുടങ്ങിപ്പേ‌ായവരും മറ്റും ഈ പ്രതിസന്ധി ഘട്ടത്തിൽ തികച്ചും പകച്ചു നിൽക്കുന്നു.

മിച്ചം വന്ന സമ്പാദ്യം കാര്യക്ഷമമായി ഉപയോഗിക്കേണ്ട ഈ ഘട്ടത്തിൽ തങ്ങളുടെ  വാഹനം സാമ്പത്തിക അച്ചടക്കത്തോടെ എങ്ങനെ പൂർവസ്ഥിതിയിലാക്കാം എന്നു പരിശോധിക്കുകയാണ് ഇവിടെ:

∙ ആദ്യമായി സ്വന്തം വാഹനത്തെക്കുറിച്ച് സമഗ്രമായ ഒരു മനസ്സിലാക്കൽ ആവശ്യമാണ്. എത്ര സെൻസറുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, തങ്ങളുടെ വാഹനത്തിലുണ്ടെന്ന് മനസ്സിലാക്കണം. ഓർക്കുക ഇവയുടെ എണ്ണം കുറയുന്തോറും റിപ്പയറിങ് ചെലവും കുറയുന്നു.

∙ അനുഭവജ്ഞാനമുള്ള വേണ്ടത്ര  സജ്ജീകരണങ്ങളുള്ള ഒരു വർക്‌ഷേ‌ാപ്പ് കണ്ടെത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്.

∙ അതിനോടൊപ്പം തങ്ങളുടെ വാഹനത്തിന്റെ ഒറിജിനൽ സ്പെയർ പാർട്സ് ലഭിക്കുന്ന അംഗീകൃത ഡീലർമാരെയും അന്വേഷിച്ചു കണ്ടെത്തണം. ഒറിജിനൽ സ്പെയർ പാർട്സ് ലഭ്യമായ വിവിധ കടകളുടെ ഫോൺ നമ്പരും ശേഖരിക്കുക.

∙ വാഹന നിർമാതാവിന്റെ പാർട്സ് ലഭിക്കാത്ത സാഹചര്യത്തിൽ, ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചററുടെയോ, മറ്റ് നിലവാരമുള്ള ബ്രാൻഡുകളുടെയോ സ്പെയർ പാർട്സ്  ലഭിക്കുന്ന സ്ഥലവും മനസ്സിലാക്കുക.

∙ ഓർക്കുക, വർക്‌ഷോപ്പിൽ വാഹനം അഴിച്ച് സർവീസ് തുടങ്ങുമ്പോൾ തന്നെ പാർട്സ് ലഭ്യമാക്കേണ്ട കടമ സ്വയം ഏറ്റെടുത്താൽ സാമ്പത്തിക ലാഭം ലഭിക്കുന്നതിനോടൊപ്പം തന്നെ, ഗുണനിലവാരമുള്ള പാർട്സുകളും വാഹനത്തിന് ഉറപ്പിക്കാവുന്നതാണ്. 

∙ എൻജിൻ ഓയിൽ, ഓയിൽ ഫിൽട്ടർ, ഡീസൽ ഫിൽട്ടർ, ബ്രേക്ക് ഫ്ലൂയിഡ്, ട്രാൻസ്മിഷൻ ഓയിൽ, എയർ ഫിൽട്ടർ, പ്ലഗ്ഗുകൾ, വയറിങ് കിറ്റ്, സ്വിച്ചുകൾ, ഫ്യൂസുകൾ എന്നിങ്ങനെ മാറ്റേണ്ട എല്ലാവിധ പാർട്സുകളും സ്വയം വാങ്ങുക.

∙ കിട്ടാവുന്ന ഡിസ്കൗണ്ടും മറ്റും ഈ ഘട്ടത്തിൽ നേടിയെടുക്കാവുന്നതാണ്.

∙ കേടായ ചില സെൻസറുകളും ഇലക്ട്രോണിക് ഘടകങ്ങളും മറ്റും ഇല്ലാതെ തന്നെ വാഹനം ഓടിക്കാവുന്നതാണ്. പക്ഷേ, വാഹനത്തിന്റെ ചില പ്രത്യേക ഫീച്ചറുകൾ നമുക്ക് നഷ്ടമായേക്കാം. അത് വിട്ടുവീഴ്ച ചെയ്യാൻ തയാറാണെങ്കിൽ അത്തരം സെൻസറുകളെ ഈ ഘട്ടത്തിൽ ഒഴിവാക്കാം.

‌∙ അതേസമയം, വാഹനത്തിന്റെ ചില സെൻസറുകൾ  നമുക്ക് അത്യന്താപേക്ഷിതമാണ്. അവ ലഭിക്കാത്തപക്ഷം വാഹനം പൊളിക്കുന്ന സ്ഥലങ്ങളിലും മറ്റും അന്വേഷണം നടത്തി അവ സംഘടിപ്പിക്കാവുന്നതാണ്. 

∙ ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തിലൂടെയും സ്പെയർ പാർട്സ് സംഘടിപ്പിക്കുവാൻ ശ്രമിക്കുക.

∙ വാഹനത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത ഡീലർമാരിൽ നിന്നും കൊറിയർ വഴിയും സ്പെയർ പാർട്സ് സംഘടിപ്പിക്കാം. ഓർക്കുക, സ്പെയർപാർട്സ് കൃത്യമായ സമയത്ത് ലഭ്യമാക്കിയാൽ റിപ്പയറിങ് ചെലവ് ഗണ്യമായി കുറയ്ക്കാം.

∙ സീറ്റുകളും കുഷ്യനുകളും മറ്റം ഈ ഘട്ടത്തിൽ മാറ്റാതെ നന്നായി ഉണക്കിയെടുക്കുക.

∙ വാഹനത്തിന്റെ വിവിധ ആക്സസറീസിന് വന്നിരിക്കുന്ന കോട്ടം തൽക്കാലം ഗൗനിക്കാതിരിക്കുക. പിന്നീടുള്ള സമയങ്ങളിൽ അതെല്ലാം നമുക്ക് ശരിയാക്കിയെടുക്കുകയോ, മാറ്റി പുതിയവ വാങ്ങുകയോ ചെയ്യാവുന്നതാണ്. 

∙ മീറ്ററുകൾ, റേഡിയേറ്റർ, എസി, ഹോൺ, ബാറ്ററി മുതലായ വിവിധ ഭാഗങ്ങൾ അതത് റിപ്പയർ ചെയ്യുന്നിടത്ത് പോയി നേരിട്ട് ചെയ്യാവുന്നതാണ്. അത്തരം പുറത്തു പോയി റിപ്പയർ ചെയ്യേണ്ട ഘടകങ്ങൾ വർക്‌ഷോപ്പിൽ നിന്നും അഴിച്ചു മേടിച്ച്, സ്വയം ചെയ്താൽ നല്ലൊരു കമ്മിഷൻ തുക  ലാഭിക്കാവുന്നതാണ്. 

∙ ഓർക്കുക അൽപം സമയവും, കുറച്ചു സ്മാർട്ടായും ചിന്തിച്ചാൽ, പ്രളയത്തിൽ മുങ്ങിയ വാഹനത്തിനെ വലിയ തുക മുടക്കാതെ തന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബി. മനോജ്കുമാർ, എസ്‌സിഎംഎസ്, കൊച്ചി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA