ബാറ്ററി ചതിച്ചാശാനേ...

car-battery
SHARE

നടുറോഡിൽ കാർ സ്റ്റാർട്ട് ആകാതെ പെട്ടുപോകുമ്പോൾ മാത്രമാണ് പലരും കാറിലെ ബാറ്ററിയെ കുറിച്ച് ആലോചിക്കുന്നത്. ഇടയ്‌ക്കൊന്ന് ചില്ലറ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്ന് നെടുവീർപ്പിടുകയും ചെയ്യും. സംഗതി ചെറിയൊരു പെട്ടിപോലെ ഇരിക്കുന്നതാണെങ്കിലും കാറിനെ സർവസജ്ജമാക്കുന്നതിൽ ബാറ്ററിക്കുള്ള പങ്ക് വലുതാണെന്നു മറക്കരുത്. ബാറ്ററി ഒരു പണിമുടക്ക് ആകാതിരിക്കാൻ താഴെപറയുന്ന കാര്യങ്ങളിൽ കുറച്ചൊന്ന് ശ്രദ്ധ വയ്ക്കാം.

1. വാഹനം നിർത്തിയിടുമ്പോൾ ഹെഡ്‌ലൈറ്റും സ്റ്റീരിയോ സംവിധാനവും പ്രവർത്തിപ്പിക്കുന്നത്, ബാറ്ററിയിലെ ആസിഡിന്റെ അളവ് കുറയുന്നത്, ബാറ്ററിയുടെ പഴക്കം, വാഹനം ഓടിക്കാതെ ദിവസങ്ങളോളം നിർത്തിയിടുന്നത് തുടങ്ങിയ സാഹചര്യങ്ങളിലാണ് ബാറ്ററി പ്രവർത്തനരഹിതമാകുന്നത്. സ്റ്റീരിയോ, ലൈറ്റുകൾ, ഇഗ്നിഷൻ തുടങ്ങിയവയ്ക്കുള്ള വൈദ്യുതി നൽകുന്നത് ബാറ്ററിയാണ്. 

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ബാറ്ററി ചാർജ് (ഓൾട്ടർനേറ്റ് ചാർജിങ്) ആകുന്നത്. വാഹനങ്ങളുടെ മാന്വലിൽ നിഷ്‌കർഷിക്കുന്നതിനേക്കാൾ കൂടിയ വോൾട്ടിലുള്ള എക്‌സ്ട്രാ ബൾബുകളും, ഹൈ പെർഫോമൻസ് മ്യൂസിക് സിസ്റ്റവുമൊക്കെ ഉപയോഗിക്കുമ്പോൾ ഓൾട്ടർനേറ്റ് ചാർജിങ്ങും ബാറ്ററിക്കു പോരാതെ വരും. ഇതു ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കും. 

മീറ്റർ കൺസോളിലെ മങ്ങിയ ലൈറ്റ്, വണ്ടി സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ട് തുടങ്ങിയവ ബാറ്ററി തകരാറിന്റെ ലക്ഷണമാണ്. ഡാഷ്‌ബോർഡ് കൺസോളിൽ ബാറ്ററി തകരാറിന്റെ സിംബൽ തെളിയുകയാണെങ്കിൽ, അത് അവഗണിച്ച് കാർ ഓടിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

2. ബാറ്ററിയുടെ പരിശോധന ഒരു ശീലമാക്കുക. മാസത്തിൽ ഒരിക്കൽ ബാറ്ററിയുടെ സെല്ലുകൾക്കു മുകളിലുള്ള ക്യാപ്പുകൾ അഴിച്ച് ഓരോന്നിലും മതിയായ അളവിൽ വെള്ളം ഉണ്ടെന്ന് ഉറപ്പാക്കുക. കുറവാണെങ്കിൽ ആവശ്യമായ ഡിസ്റ്റിൽഡ് വാട്ടർ നിറയ്ക്കണം.

ബാറ്ററിയുടെ ടെർമിനലുകളും അവയിൽ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ലോഹഭാഗങ്ങളും വൃത്തിയാക്കിവയ്ക്കാൻ ശ്രദ്ധിക്കണം. ടെർമിനലും കേബിളുകളും വിച്ഛേദിച്ച ശേഷം ബേക്കിങ് സോഡയും വെള്ളവും ചേർത്ത ലായനിയിൽ മുക്കിയ ബ്രഷ് വച്ച് ഉരച്ച് വൃത്തിയാക്കുക. ശേഷം വെള്ളം ഉപയോഗിച്ച് തുടച്ചാൽ മതി.

ബാറ്ററി ഉറപ്പിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമിന് ഇളക്കമുണ്ടെങ്കിൽ വണ്ടി ഓടുമ്പോൾ ബാറ്ററി ഇളകാനും അതുവഴി ബാറ്റിയുടെ ആയുസ്സ് കുറയുന്നതിനും ഇടയാകും. വണ്ടി കുറേനാൾ ഓടാതിരിക്കുകയാണെങ്കിൽ ബാറ്ററിയുടെ ടെർമിനലുകൾ വിച്ഛേദിച്ചിടുക. ബാറ്ററി ഡിസ്ചാർജിങ് ഇതിലൂടെ ഒഴിവാക്കാം. കാർ സ്ഥിരം ചെറുദൂരമാണ് ഓടുന്നതെങ്കിലും ബാറ്ററി ചാർജിങ്ങിനെ ബാധിക്കും. ഇടയ്ക്ക് കാർ കുറച്ച് അധികദൂരം ഓടിച്ച് ബാറ്ററി ചാർജിങ് ഉറപ്പാക്കണം.

വാഹനം സ്റ്റാർട്ട് ചെയ്തതിനു ശേഷം മാത്രം എസി, ഹെഡ്‌ലൈറ്റ്, സ്റ്റീരിയോ എന്നിവ പ്രവർത്തിപ്പിക്കുക. വാഹനം ഓഫ് ആക്കുന്നതിനു മുൻപ് ഇവയെല്ലാം ഓഫ് ആണെന്ന് ഉറപ്പാക്കുകയും വേണം. മൂന്നുമാസത്തിലോ, 5000 കിലോമീറ്ററിലോ ഒരിക്കൽ ബാറ്ററിയുടെ വോൾട്ടേജ്

ശരിയാണോ എന്ന് ബാറ്ററിക്കടകളിൽ ചെന്നു പരിശോധിക്കുന്നതും നന്നായിരിക്കും.

3. ബാറ്ററി പണിമുടക്കി വാഹനം സ്റ്റാർട്ട് ആകാതെ വന്നാൽ പുതുതലമുറ കാറുകൾ ഒരിക്കലും തള്ളി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്.

സെൻസറുകളാൽ നിയന്ത്രിക്കപ്പെടുന്നതാണ് പുതുതലമുറ കാറുകൾ. അതിനാൽ തള്ളി സ്റ്റാർട്ട് ചെയ്യുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന അമിത വോൾട്ടേജ് കാറിലെ കംപ്യൂട്ടർ നിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കും. അവ മാറ്റിവയ്ക്കാൻ കനത്ത ചെലവുവരും.

4. ജംപ് സ്റ്റാർട്ട് ആണ് ബാറ്ററിക്കു ജീവൻ കൊടുക്കാനുള്ള ആരോഗ്യകരമായ വഴി. അതിനായി നിങ്ങളുടെ വാഹനത്തിൽ സ്ഥിരമായി ഒരു ജംപർ കേബിൾ കരുതുക. ചെറിയ വിലയ്ക്ക് ഓൺലൈനിൽനിന്ന് ഇവ വാങ്ങാം. രണ്ട് അറ്റത്തും ക്ലിപ് ഘടിപ്പിച്ചിട്ടുള്ള രണ്ടു കേബിളുകളുടെ ഒരു സെറ്റ് ആണിത്. നിർജീവമായ നിങ്ങളുടെ വാഹനത്തിലെ ബാറ്ററിയെ മറ്റൊരു വാഹനം ഉപയോഗിച്ച് ഇതിലൂടെ ചാർജ് ചെയ്യാം. ഇരുവാഹനങ്ങളും അഭിമുഖമായി നിർത്തി ന്യൂട്രലിൽ ഹാൻഡ് ബ്രേക്ക് ഇടുക. ബോണറ്റ് തുറന്ന്, ഇരുവാഹനങ്ങളുടെയും ബാറ്ററികളുടെ പോസിറ്റീവ് ടെർമിനൽ ആദ്യം ബന്ധിപ്പിക്കുക. ശേഷം മറ്റേവാഹനത്തിന്റെ  നെഗറ്റീവ് ടെർമിനലിൽനിന്നുള്ള കേബിൾ തകരാറിലായ കാറിന്റെ ബോണറ്റിലെ ഏതെങ്കിലും പെയിന്റ് ചെയ്യാത്ത ലോഹഭാഗത്ത് ബന്ധിപ്പിക്കണം. ശ്രദ്ധിക്കുക, ഒരിക്കലും തകരാറിലായ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ നേരിട്ട് ബന്ധിപ്പിക്കരുത്. എന്നിട്ട് മറ്റേ വാഹനം രണ്ട്-മൂന്ന് മിനിറ്റ് സ്റ്റാർട്ട് ചെയ്തു നിർത്തണം. അപ്പോൾ നിങ്ങളുടെ ബാറ്ററി ചാർജ് ആകാൻ തുടങ്ങും. എതിരെയുള്ള വാഹനം ഓഫ് ആക്കാതെ തന്നെ നിങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യുക. ഏതാനും മിനിറ്റ് അതേ അവസ്ഥയിൽ തുടർന്നശേഷം, കേബിളുകൾ വിടുവിക്കണം. തകരാറുണ്ടായ ബാറ്ററിയിലെ അറ്റമാണ് ആദ്യം വേർപ്പെടുത്തേണ്ടത്. ഇനി നിങ്ങളുടെ കാർ സെക്കൻഡ്, തേഡ് ഗിയറുകളിൽ കുറച്ചുദൂരം ഓടിക്കുക. അതോടെ സ്വാഭാവികമായുള്ള ചാർജിങ്ങ് നിങ്ങളുടെ ബാറ്ററിയിൽ ആരംഭിച്ചിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA