വാഹനഉടമകൾ പരിഭ്രാന്തരാകരുത്

car-flood
SHARE

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽ വാഹനങ്ങൾക്കുണ്ടായ നാശനഷ്ടത്തെപ്പറ്റി പരിഭ്രാന്തി വേണ്ടെന്നും ഇൻഷുറൻസ് ചട്ടങ്ങൾക്കനുസരിച്ചു നടപടികൾ സ്വീകരിച്ച് തലവേദന ഒഴിവാക്കാമെന്നും ഇൻഷുറൻസ് രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഷുറൻസ് സർവേയേഴ്സ് ആൻഡ് ലോസ് അസെസ്സേർസ് (IIISLA)  കേരള ചാപ്റ്റർ സെക്രട്ടറി പി.എ. സന്തോഷ് പറയുന്നതു ശ്രദ്ധിക്കാം:

 വിവിധ ഇൻഷുറൻസ് കമ്പനികൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാഹനങ്ങളുടെ രക്ഷയ്ക്കായി ഉദാരമായ സമീപനമാണു കൈക്കൊള്ളുന്നത്. ഇൻഷുറൻസ് കമ്പനികളുടെ ടോൾ ഫ്രീ നമ്പർ മുഖേന പ്രാഥമിക വിവരം കൈമാറിയും എളുപ്പത്തിൽ പൂരിപ്പിക്കാവുന്ന നഷ്ടപരിഹാര ഫോം പൂരിപ്പിച്ചും, ലഘുവായ ചില നടപടിക്രമങ്ങൾ വഴിയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താം. അതേസമയം കൂടുതൽ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്യുന്ന, വലിയ നടപടിക്രമങ്ങൾ ഉണ്ടെന്നു പറഞ്ഞുപറ്റിക്കുന്നവരെ ഈ ഘട്ടത്തിൽ നാം ഒഴിവാക്കണം. തീർത്തും സുതാര്യമായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ സ്വാഭാവിക കാലതാമസത്തിൽ ക്ഷമയോടെ കാത്തിരിക്കുക. നടപടിക്രമങ്ങൾ അതിവേഗത്തിൽ തീർപ്പാക്കാൻ എല്ലാ കമ്പനികളും പ്രത്യേക  ഹെൽപ് ഡസ്കുകളും ആരംഭിച്ചിട്ടുണ്ട്.

 കേരളത്തിൽ ഏകദേശം 350 ഇൻഷുറൻസ് സർവേയർമാരാണുള്ളത്. ഇവർ രാപകൽ  അധ്വാനിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നു. വിവിധ സർവേയർമാരെ ഒരുമിപ്പിച്ച് ‘ഏകജാലക ഹബ്’ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ പലതും വീടുകളിൽ തന്നെ പോയി സർവേ നടത്തേണ്ടിവരുന്ന  സാഹചര്യവും നിലവിലുണ്ട്. ഇതെല്ലാം കൊണ്ടുള്ള താമസം സ്വാഭാവികവുമാണ്.

 മിക്ക വാഹന നിർമാതാക്കളും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളെ വിവിധ കാറ്റഗറികളിൽപ്പെടുത്തിയിരിക്കുന്നു. വാഹനത്തിന്റെ കാർപറ്റ് വരെ വെള്ളം കയറിയവ, സീറ്റ് വരെ വെള്ളം കയറിയവ, ഡാഷ് ബോർഡ് വെള്ളം കയറിയവ, ആകമാനം വെള്ളത്തിൽ മുങ്ങിപ്പോയവ എന്നിങ്ങനെ വിവിധ കാറ്റഗറികൾ. ഓരോ കാറ്റഗറിയിലും വന്നിരിക്കുന്ന വാഹനങ്ങളിൽ നിർബന്ധമായും മാറ്റേണ്ടതും റിപ്പയർ ചെയ്യേണ്ടതും ആയ കാര്യങ്ങൾ മാർഗനിർദേശങ്ങളായി നൽകി വാഹന നിർമാതാക്കൾ സർവേയർമാരെ സഹായിക്കുന്നു. സുരക്ഷ മുൻനിർത്തിയാണു വാഹന നിർമാതാക്കൾ ഈ മാർഗനിർദേശങ്ങൾ തയാറാക്കുന്നത്. അതിനാൽ തന്നെ റിപ്പയർ ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ല. 

 നഷ്ടം കണക്കാക്കിയശേഷം വാഹനത്തിന്റെ  IDV (ഇൻഷുർ ചെയ്ത വില)യെക്കാൾ, വാഹനം നന്നാക്കി എടുക്കുന്ന തുക കൂടിയാൽ, അല്ലെങ്കിൽ നിശ്ചിത ശതമാനത്തിനു മേൽ ആയാൽ ‘ടോട്ടൽ ലോസ്’ എന്നു കണക്കാക്കി ഉടമയ്ക്കു നഷ്ടപരിഹാരം ലഭിക്കുന്നു. കുറച്ചു സങ്കീർണമായ നടപടിക്രമങ്ങൾ ഇതിനായുണ്ട്. ഫിനാൻസ് ഉള്ള വാഹനങ്ങൾക്കു നഷ്ടപരിഹാരം ഫിനാൻസ് ചെയ്ത ബാങ്കിലേക്കു നൽകി ബാക്കി മാത്രമേ ഉടമയ്ക്കു ലഭിക്കൂ. അതുപോലെ വാഹനത്തിന്റെ റജിസ്ട്രേഷൻ കാൻസൽ ചെയ്യാനും മുൻകൂർ ആയി അടച്ച റോഡ് ടാക്സ് റീഫണ്ടിനായും ശ്രമിക്കേണ്ടതുണ്ട്.  ‘ടോട്ടൽ ലോസ്’ ആയാൽ ഇൻഷുർ ചെയ്ത വില (IDV) ഏകദേശം മുഴുവനായും തന്നെ തിരികെ കിട്ടും.

 വാഹനം ‘ടോട്ടൽ ലോസ്’ ആക്കണമോ എന്ന നിർണായക തീരുമാനം എടുക്കുവാൻ ഉപഭോക്താവിന് അവസരം ലഭിക്കുന്നു. നിലവിലെ വാഹന നിർമാതാവിനും ഡീലർക്കും ഇതിൽ പ്രത്യേകിച്ച് ഒരു റോളും ഇല്ല. ‘ടോട്ടൽ ലോസ്’ ആയ വാഹനത്തിന്റെ ബ്രാൻഡ് തന്നെ പുതിയതു മേടിക്കണോ മറ്റൊരു വാഹന നിർമാതാവിന്റെ മോഡൽ വേണോ എന്നിങ്ങനെയുള്ള തീരുമാനങ്ങൾ ഉപഭോക്താവ് മാത്രമാണു കൈക്കൊള്ളേണ്ടത്. ഓർക്കുക നഷ്ടപരിഹാരം നിങ്ങളുടെ ബാങ്കിലേക്കു നേരിട്ടാണു വരുന്നത്. അതിനാൽ തന്നെ പുതിയ വാഹനം മേടിപ്പിക്കാനുള്ള അനാവശ്യ സമ്മർദം തികച്ചും ഒഴിവാക്കാം. 

 അതേസമയം വാഹനം റിപ്പയർ ചെയ്യുന്നതിന് ഇൻഷുറൻസ് കമ്പനികൾക്ക് മറ്റൊരു മാർഗവുമുണ്ട്. ‘സാൽവേജ് ലോസ്’ കണക്കാക്കി വാഹനം ഉപഭോക്താവിനുതന്നെ തിരിച്ചുകൊടുക്കുന്നു. അതായത് വാഹനം നിലവിലെ അവസ്ഥയിൽ ഒഴിവാക്കുമ്പോൾ കിട്ടുന്ന വില കണക്കാക്കി ബാക്കി തുക IDVയിൽനിന്ന് ഉപഭോക്താവിന് ലഭിക്കുന്നു. 10 ലക്ഷം രൂപ ഐഡിവി ഉള്ള വാഹനത്തിന് 4.5 ലക്ഷം രൂപ സാൽവേജ് വാല്യു കണക്കാക്കിയാൽ ബാക്കി ഏകദേശം 5.5 ലക്ഷം രൂപയും വാഹനവും ഉപഭോക്താവിനു നൽകുന്നു. ഈ 5.5 ലക്ഷം രൂപ ഉപയോഗിച്ച് വാഹനത്തിന് ആവശ്യമായ ഒറിജിനൽ സ്പെയർപാർ‌ട്സ് വാങ്ങി, ഏതെങ്കിലും നല്ല വർക‌്ഷോപ്പിൽ കൊടുത്തു വാഹനത്തെ രക്ഷിച്ചെടുക്കാം.

 അതുപോലെ കാർപറ്റ് വരെ വെള്ളം കയറിയ, അല്ലെങ്കിൽ സീറ്റ് വരെ വെള്ളം കയറിയ വാഹനങ്ങളുടെ റിപ്പയർ ചെലവിന്റെ 60% വരെ, ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താവിനു പ്രാരംഭ ഘട്ടത്തിൽ, ആദ്യത്തെ നടപടി ക്രമങ്ങൾക്കു ശേഷം ബാങ്കിലേക്കു നൽകുന്നു. ഈ തുക ഉപയോഗിച്ചു തങ്ങൾക്കിഷ്ടപ്പെട്ട വർക്‌ഷോപ്പിൽ റിപ്പയർ നടത്തി, വാഹനത്തിന്റെ രക്ഷ സാധ്യമാക്കാം.

തയാറാക്കിയത്: ഡോ. ബി. മനോജ് കുമാർ, എസ്‌സിഎംഎസ്, കൊച്ചിൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA