സ്വന്തമായി പെട്രോൾ പമ്പ് ഇല്ലെങ്കിൽ....

x-default
SHARE

കാറിനു നല്ല മൈലേജ് കിട്ടാൻ എന്തു ചെയ്യണം? ‘ഓഫ് ചെയ്ത് ഷെഡ്ഡിൽ കയറ്റി ഇട്ടാൽമതി’ എന്നുത്തരം പറയേണ്ട സ്ഥിതിയിലാണു സാധാരണക്കാരൻ. കാറിന് ഇന്ധനം നിറയ്ക്കാൻ ലോണെടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു നമ്മൾ. ഇക്കണക്കിനു പോകുകയാണെങ്കിൽ ഇന്ധന വില ലീറ്ററിന് 100രൂപയി‌ൽ എത്തുമെന്നത് ഒരു അത്ഭുതമൊന്നുമാകില്ല. 

നമ്മൾ ശ്രദ്ധിച്ചാൽ നമുക്കു കൊള്ളാം. എത്രയടിച്ചാലും നിറയാത്ത ഇന്ധന ടാങ്കാണ് കാറിന്റേതെന്ന തോന്നലിനു പിന്നിൽ കുറേയേറെ നമ്മുടെ ഡ്രൈവിങ് ശീലങ്ങളാണു കാരണം. തെറ്റായ ഡ്രൈവിങ് ശീലങ്ങൾ മാറ്റി, ചില കാര്യങ്ങളിൽ ശ്രദ്ധവച്ചാൽ ഇന്ധനച്ചെലവ് ഒരുപരിധിവരെ കുറച്ചു നിർത്താം.

∙ തുടർച്ചയായ ഗിയർ മാറ്റം മൈലേജിനെ സാരമായി ബാധിക്കും. സിറ്റി ട്രാഫിക്കിലൂടെ പോവുകയാണെങ്കിൽ പരമാവധി രണ്ട്, മൂന്ന് ഗീയറുകളിൽ വാഹനം ഓടിക്കാൻ ശ്രമിക്കുക. ദീർഘദൂര യാത്രകളിൽ നാല്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌, അഞ്ച് ഗീയറുകൾ നിലനിർത്താൻ ശ്രമിക്കുക. മൈലേജ് കൂടുതൽ കിട്ടുമെന്നു കരുതി കുറഞ്ഞ വേഗത്തിൽ ഉയർന്ന ഗീയർ നിലനിർത്തരുത്. കൃത്യമായ ഗിയർ മാറ്റം ഇന്ധനക്ഷമതയ്ക്കുള്ള ആദ്യ വഴിയാണ്. വാഹനത്തിനു വേഗം കുറയുമ്പോൾ ഹാഫ് ക്ലച്ചിൽ ഗിയർ ഷിഫ്റ്റിങ് ഒഴിവാക്കിയുള്ള ഡ്രൈവിങ്ങ് ശരിയല്ല. അത് ഇന്ധനം കൂടുതൽ കത്തിക്കുകയും ക്ലച്ച് പാഡ് തകരാറിനു വഴിയൊരുക്കുകയും ചെയ്യും.

∙ ഗിയർ മാറ്റിയശേഷം ക്രമാനുഗതമായി ആക്‌സിലറേറ്റർ ചവിട്ടുകയാണ് വേണ്ടത്. പൊടുന്നനെയുള്ള ആക്‌സിലറേഷനും തുടർച്ചയായ അമിതവേഗവും ഇന്ധനക്ഷമത കുറയ്ക്കും. അതുപോലെ തന്നെയാണ് സഡൻ ബ്രേക്ക് ഇടുന്നതും. നിർത്തേണ്ട സ്ഥലത്തിന് അൽപം മുൻപുതന്നെ വേഗം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കണം. 60-70 ആണ് ആരോഗ്യകരമായ വേഗപരിധി.

∙ വാഹനത്തിലെ എയർ, ഓയിൽ, എസി ഫിൽറ്ററുകൾ, വിവിധ സെൻസറുകൾ, ഫ്യുവൽ പമ്പ്, സ്പാർക്ക് പ്ലഗ് എന്നിവ വൃത്തിയാക്കി വയ്ക്കാൻ ശ്രമിക്കണം. അതിൽ അഴുക്ക് അടിഞ്ഞുകൂടിയാൽ വാഹനത്തെ മുന്നോട്ടു നീക്കാൻ എൻജിനു കൂടുതൽ പണിയെടുക്കേണ്ടി വരികയും, അങ്ങനെ ഇന്ധനം കൂടുതൽ ചെലവാകുകയും ചെയ്യും.

∙ ദീർഘദൂര യാത്രകളിൽ എസി ഓഫ് ചെയ്ത്, ഗ്ലാസ് തുറന്നിട്ടു വാഹനം ഓടിച്ചാലും മൈലേജ് കുറയും. വാഹനത്തിനകത്തേക്കു ശക്തമായി വായു കയറി പ്രതിരോധം സൃഷ്ടിക്കുകയും, കാറിനു മുന്നോട്ടു പോകാൻ കൂടുതൽ ഇന്ധനം ആവശ്യമായി വരികയും ചെയ്യുന്നതാണു കാരണം. യാത്രക്കാരെ തണുപ്പിച്ച് ഐസാക്കുന്ന തരത്തിൽ എസി പ്രവർത്തിപ്പിച്ചാലും ഇന്ധനം കൂടുതൽ കത്തുന്നു. ആവശ്യമായ തണുപ്പിൽ മാത്രം എസി ക്രമീകരിക്കുക. 

∙ ടയറുകളിലെ മർദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. എയർ കുറഞ്ഞിരുന്നാൽ കുറയുന്നത് നിങ്ങളുടെ ടാങ്കിലെ ഇന്ധനം കൂടിയാണെന്നു മറക്കരുത്. വീലുകളുടെ അലൈൻമെന്റും കൃത്യമാക്കി വയ്ക്കുക.

∙ അനുവദനീയമായതിൽ കൂടുതൽ ലഗേജോ ആളുകളോ കാറിൽ ഉണ്ടെങ്കിലും മൈലേജ് കുത്തനെ കുറയും.

∙ വണ്ടി ഓടുന്നതിനെക്കാളേറെ ഇന്ധനം വാഹനം ഏറെ നേരം ഓൺ ചെയ്ത് നിർത്തിയിടുമ്പോൾ ആവശ്യമാണ്. യാത്രയ്ക്ക് തൊട്ടുമുൻപ് എൻജിൻ ഓൺ ചെയ്യുന്നത് അഭികാമ്യം. സിഗ്നലുകളിൽ ഏതാനും നിമിഷം മാത്രം നിർത്തേണ്ടി വരുമ്പോൾ വാഹനം ഓഫ് ആക്കാതെയുമിരിക്കുക. വീണ്ടും എൻജിൻ സ്റ്റാർട്ട് ചെയ്യാൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടിവരും എന്നതാണു കാരണം.

∙ എൻജിൻ ഓയിലിന്റെ അളവു കൃത്യമാണെന്നു നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കണം. ഇല്ലെങ്കിൽ എൻജിൻ ഭാഗങ്ങളുടെ ലൂബ്രിക്കേഷൻ ശരിയായ വിധം നടക്കാതെ വരികയും എൻജിൻ ക്രമാതീതമായി ചൂടായി കൂടുതൽ ഇന്ധനം കത്തുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA