ദയവുചെയ്ത് കാറിനെ ആക്സസറിക്കട ആക്കരുത്

car-accessories
SHARE

ഒരു കാർ സ്വന്തമാക്കിക്കഴിഞ്ഞാൽ പിന്നെ ചറപറാന്ന് ആക്‌സസറികൾ വാങ്ങി അണിയിച്ചൊരുക്കാതെ ഒരു സ്വസ്ഥതയുമില്ല. സീറ്റ് കവർ, ഡോർ ഗാർഡ്, റെയിൻ വൈസർ തുടങ്ങിയവയ്ക്കപ്പുറം, കാറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന എത്രയോ സാധനങ്ങൾ അതിനിടയിൽ കയറിക്കൂടും. പലതും പിന്നീട് വാഹനപരിശോധനയ്ക്കിടെ അധികൃതർ തന്നെ അഴിച്ചുമാറ്റിക്കുമ്പോൾ അതിനുചെലവാക്കിയ പണവും സ്വാഹ. എന്നാൽ മറ്റു ചില ആക്‌സസറീകൾക്ക് നിയമപരമായ നിരോധനമൊന്നുമില്ലെങ്കിലും അതിന്റെ ഉപയോഗം നിങ്ങളുടെ വാഹനത്തെ തകരാറിലാക്കുമെന്നു മറക്കരുത്. അതിനാൽ ആക്‌സസറികൾ വാങ്ങുമ്പോൾ അൽപം ഔചിത്യംകൂടി ആകാം.

∙ വർഷങ്ങളുടെ ഗവേഷണഫലമായാണ് ഓരോ കാറും രൂപകൽപന ചെയ്യുന്നത്. എൻജിന്റെ പ്രകടനത്തിനും വാഹനത്തിന്റെ ഭാരത്തിനും അനുപാതികമായിട്ടായിരിക്കും വാഹനത്തിന്റെ ടയറുകൾ നിശ്ചിത ഇഞ്ച് ആയി ക്രമീകരിക്കുന്നത്. എന്നാൽ കാറിന് സ്‌പോർട്ടി ലുക് കിട്ടുന്നതിനു പലരും കമ്പനി നൽകുന്ന ടയറിനേക്കാൾ ഉയർന്ന ഇഞ്ച് ടയറുകൾ ഫിറ്റ് ചെയ്യാറുണ്ട്. കുറഞ്ഞ ഇഞ്ച് ടയറിനായി രൂപകൽപന ചെയ്ത വീൽ റൂമിൽ ഈ ടയറുകൾ ഉരയാനും, ടയറുകളുടെ ആയുസ് കുറയാനും ഇത് ഇടയാക്കും. വലിയ റിമ്മുകൾ വീൽറൂമിന്റെ ലോഹഭാഗങ്ങളിൽ ഉരഞ്ഞു തേയ്മാനം സംഭവിക്കാനും കാരണമാകുന്നു. ഉയർന്ന ഇഞ്ച് ടയറുകൾ സ്ഥാപിച്ചാൽ വാഹനത്തിന്റെ  ഇന്ധനക്ഷമത കുറയുകയും ചെയ്യും.

∙ വമ്പൻ സ്‌പോയിലറുകൾ വയ്ക്കുന്നതാണു പലർക്കും മറ്റൊരു ഹരം. ഇത്തരം സ്‌പോയിലറുകൾ വാഹനത്തിന്റെ വായുവുമായുള്ള ആരോഗ്യകരമായ സമ്പർക്കത്തെ ഇല്ലാതാക്കുകയും ഇന്ധനക്ഷമത കുത്തനെ കുറയ്ക്കുകയും ചെയ്യുന്നു. വാഹനത്തിൻമേൽ ഡ്രൈവർക്കുള്ള നിയന്ത്രണത്തെയും ഇതു പ്രതികൂലമായി ബാധിക്കും.

∙ ഹൈപവർ ഹെഡ്‌ലൈറ്റുകൾ സ്ഥാപിച്ച് മറ്റു യാത്രക്കാരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നതും പതിവാണ്. ഇത്തരം സ്‌പോർട്ടി ലൈറ്റുകൾ പൊടിനിറഞ്ഞ നമ്മുടെ കാലാവസ്ഥയിൽ അനുചിതമാണ്. രാത്രി ഇത്തരം ലൈറ്റുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾക്ക് കയ്യും കണക്കുമില്ല. കൂടാതെ, ഇത്തരം ലൈറ്റുകൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ  ഘകങ്ങളുടെ സാരമായ തകരാറിനു കാരണമാകുകയും ചെയ്യും. വാഹനത്തിന്റെ സ്വാഭാവിക വോൾട്ടേജിനേക്കാൾ അധികം ഇവയ്ക്ക് ആവശ്യമായതിനാലാണിത്. ഉയർന്ന ശേഷിയുള്ള ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ അത്രയും ആംപിയർ ശേഷി ഇല്ലാത്ത വയറും സ്വിച്ചുകളും ചൂടാവുന്നതിനും അതു തീപിടിത്തത്തിലേക്കു നയിക്കുന്നതിനും കാരണമാകും. വയറുകൾ കട്ട് ചെയ്യുന്നത് സർവീസ് സെന്റർ മുഖേന മാത്രമായിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വാഹനത്തിന്റെ വാറന്റിയെ അതു ബാധിക്കും.

∙ വാഹനത്തിനു മസ്‌കുലാർ പരിവേഷം കിട്ടാൻ ബുൾ ബാറുകൾ സ്ഥാപിക്കുന്നത് നിയമപരപമായി തടഞ്ഞിട്ടുണ്ട്. വാഹനം അപകടത്തിൽ പെട്ടാൽ എയർബാഗ് സെൻസർ പ്രവർത്തിക്കാതിരിക്കുന്നതിലെ പ്രധാന വില്ലൻ ബുൾ ബാറാണ്. പുറത്തുനിന്നുള്ള ഇടിയുടെ ആഘാതം ബുൾ ബാറിൽ തട്ടി കാറിന്റെ ക്രംബിൾ സോണിലുള്ള എയർബാഗ് സെൻസറിലേക്ക് ശരിയായി എത്താതിരിക്കുന്നതാണു കാരണം.

∙ കാറിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തുന്ന ആക്‌സസറികൾ വയ്ക്കാതിരിക്കുന്നതാണ് ഉത്തമം. ബോഡി ലിഫ്റ്റ് കിറ്റുകൾ ഇത്തരത്തിൽ ഏറെ അപകടകരമായ ഒന്നാണ്. ഓഫ് റോഡ് ഡ്രൈവിനു വേണ്ടി വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്തുന്നതിനും മറ്റുമാണ് ഇതു ചെയ്യുക. എന്നാൽ സാധാരണ റോഡുകളിലേക്കെത്തുമ്പോൾ ബോഡി ലിഫ്റ്റ് ചെയ്ത വാഹനങ്ങളുടെ ബാലൻസിങ്ങ് തെറ്റുകയും വലിയ അപകടത്തിനു കാരണമാകുകയും ചെയ്യും. ഇൻഷുറൻസ് കിട്ടാനും ബുദ്ധിമുട്ടാകും. കാറിന്റെ മേൽക്കൂര പൊളിച്ച് സൺറൂഫ് വയ്ക്കുന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു കാര്യം.

∙ ഗ്ലാസിൽ കൂൾ ഫിലിം ഒട്ടിക്കുന്നത് നിയമപരമായി വിലക്കിയിട്ടുണ്ടെന്ന കാര്യം മറക്കരുത്. പിടികൂടിയാൽ അധികൃതരുടെ മുന്നിൽ വച്ചു തന്നെ അതു പറിച്ചുകളയേണ്ടി വരും. പിഴ വേറെ.

∙ ഡ്രൈവറുടെ തൊട്ടുമുകളിൽ റിയർവ്യൂ മിററിനടുത്ത് വിഡിയോ സ്‌ക്രീൻ സ്ഥാപിക്കുന്നതും അപകടകരമണ്. ഡ്രൈവറുടെ ശ്രദ്ധ പാളാൻ ഇത് ഇടയാക്കും. മുൻസീറ്റുകൾക്കു പിറകിൽ ആവശ്യമെങ്കിൽ സ്‌ക്രീൻ സ്ഥാപിക്കാം.

∙ വാഹനത്തിന്റെ മുന്നിലെ ഗ്രില്ലിൽ ഭംഗി കൂട്ടാൻ പലവിധ സ്റ്റിക്കറിങ്ങും മറ്റും ചെയ്യുമ്പോഴും ശ്രദ്ധവേണം. എൻജിനിലേക്കുള്ള എയർ ഇൻടേക്കിന് അടക്കം വായു വലിച്ചെടുക്കാനും, താപം പുറന്തള്ളാനും ആവശ്യമായ സുഷിരങ്ങൾ ഇട്ടാണ് ഗ്രില്ലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതു മൂടിക്കെട്ടുന്നതോ രൂപമാറ്റം വരുത്തുന്നതോ എൻജിനെ ബാധിക്കും.

∙ കമ്പനി പുറത്തിറക്കുന്നതല്ലാതെ, കാറുകളുടെ റൂഫിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുന്നതും നിയമവിരുദ്ധമാണെന്നു മറക്കരുത്. ആർസി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഹനത്തിന്റെ നിറം അനുമതി ഇല്ലാതെ മാറ്റാൻ സാധ്യമല്ല.  കൂടാതെ വാഹനത്തിനകത്ത് ചൂട് കൂടാനും ഈ കറുത്ത റൂഫിങ്ങ് കാരണമാകും. പിന്നീട് പൊളിച്ചുമാറ്റുമ്പോൾ അത്രയും ഭാഗത്തെ സ്വാഭാവിക പെയിന്റിന്റെ മങ്ങലിനും ഇതു കാരണമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA