ഓനാ ഹൈബീം ഇട്ടാ, ന്റെ സാറേ... പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല

headlight
SHARE

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്‌ ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡിൽ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു. എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റർ അകലമെത്തുമ്പോഴെങ്കിലും ലോബീമിലേയ്ക്ക് മാറണം.

വാഹനത്തിൽ ലൈറ്റ് ഡിം അടിക്കാനുള്ള സൗകര്യമുണ്ടെന്ന് ചിലർക്ക് അറിയുക പോലുമില്ലെന്നു തോന്നുന്നു. കൂടാതെ, മോട്ടോർ വാഹന നിയമപ്രകാരം, നഗരവീഥികളിലും എതിരെ വാഹനം വരുമ്പോഴും ഡിം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രികാലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം - ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ വേണ്ടിയാണിത്.  (രാത്രിയിൽ ഹോൺ ഉപയോഗിക്കുന്നത് ഡ്രൈവിങ് മര്യാദയല്ല).

വാഹനങ്ങളിൽ ഫോഗ് ലാംപ് ഘടിപ്പിക്കുന്നതിന് ചില നിബന്ധനകളുണ്ട്. കടുത്ത മഞ്ഞുള്ള സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങളിൽ ഫോഗ് ലാംപ് ഉപയോഗിക്കാൻ അനുമതിയുള്ളൂ. അവ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹെഡ് ലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും പറ്റില്ല. ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല.

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമോ അസൗകര്യമോ ഉണ്ടാക്കുന്ന വിധം ലൈറ്റ് പ്രവർത്തിപ്പിക്കുന്നതും ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതും മോട്ടോര്‍ വാഹനനിയമമനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, ലൈറ്റുകളുടെ മേല്‍ അനുവദനീയമല്ലാത്ത നിറങ്ങള്‍ പൂശുകയോ സ്റ്റിക്കറുകള്‍ ഒട്ടിക്കുകയോ ചെയ്യുക, റജിസ്‌ട്രേഷന്‍ സമയത്തുണ്ടായിരുന്ന ലൈറ്റുകൾക്കു പുറമേ സ്‌പോട്ട് ലൈറ്റുകള്‍, കളര്‍ എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുക, കൂടിയ പ്രകാശമുള്ള ഹൈ- ഇന്റന്‍സിറ്റി ബള്‍ബുകൾ ഹെഡ് ലൈറ്റുകളില്‍ ഉപയോഗിക്കുക എന്നിവ റജിസ്‌ട്രേഷന്‍ വ്യവസ്ഥകളുടെ ലംഘനമായതിനാൽ 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA