ഒന്നു കണ്ണടച്ചാൽ നഷ്ടപ്പെടുന്നത് ജീവൻ

842012310
SHARE

രാത്രി യാത്ര കൂടുതൽ തിരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പലരും. ജോലിയൊക്കെ കഴിഞ്ഞ് ഫ്രീയായ സമയം, ട്രാഫിക് ബ്ലോക്കു കുറഞ്ഞ റോ‍ഡുകൾ എന്നീ സൗകര്യങ്ങളാണ് ഇത്തരം രാത്രി യാത്രകൾക്ക് പ്രേരിതം. എന്നാൽ രാത്രി യാത്രകൾ യാത്ര സൗകര്യം നൽകുന്നതു പോലെ തന്നെ അപകടങ്ങളും വരുത്തി വെയ്ക്കാറാണ് പതിവ്. രാത്രിയിൽ സംഭവിക്കുന്ന വാഹനാപകടങ്ങളിൽ മിക്കതും തീവ്രത കൂടിയതായിരിക്കും.

അപകടങ്ങളോട് ഡ്രൈവർമാർ പ്രതികരിക്കുന്ന സമയവും രീതിയും വരെ മാറിയേക്കാം. പെട്ടെന്ന് മുന്നിൽ വരുന്ന പ്രതിബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അപകടങ്ങളുടെ തീവ്രത വർദ്ധിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം ഓരോ സെക്കന്റിലും ഏകദേശം 16 മീറ്റർ ദൂരം പിന്നിടും എന്നാണ് പറയുന്നത്. ഒരു സെക്കന്റ് നേരത്തേക്ക് കണ്ണടച്ചാൽ വാഹനം നിയന്ത്രണമില്ലാതെ 16 മീറ്റർ സഞ്ചരിക്കും. അതിനിടെ അപകടം മനസിലാക്കി പ്രതികരിക്കുമ്പോഴേക്കും ഏകദേശം 20 മീറ്റർ മുതൽ 30 മീറ്റർ വരെ സഞ്ചരിക്കാം അപ്പോൾ മുന്നിൽ ഏതെങ്കിലുമൊരു പ്രതിബന്ധം വന്നാൽ അപകടം ഉറപ്പ്.

കൂടാതെ രാത്രി കാലങ്ങളിലെ അപകടങ്ങളില്‍ രക്ഷപ്രവർത്തനം നടത്താൻ വൈകുന്നതും മരണകാരണമായേക്കും. അപകടം നടന്നതിനു ശേഷം ആദ്യ മിനിറ്റിൽ തന്നെ രക്ഷിക്കുന്നതും ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതും പ്രധാനമാണ്. എന്നാൽ രാത്രി കാലങ്ങളിൽ ഇവ അത്ര കാര്യക്ഷമമായി നടക്കണമെന്നില്ല അതും മരണകാരണമായേക്കാം.

രാത്രി യാത്രകളിൽ ശ്രദ്ധിക്കാൻ

∙ഉറക്കത്തോട് മത്സരം വേണ്ട: ഉറക്കം വന്നാൽ, എത്ര ചെറിയ ദൂരത്തേക്കാണെങ്കിലും വാഹനമോടിച്ച് സാഹസികത കാണിക്കരുത്. നമ്മൾ പ്രതീക്ഷിക്കുന്നതിലും പെട്ടെന്ന് ഉറക്കം നമ്മളെ കീഴടക്കും.

∙റോ‍ഡരികിൽ പാർക്കുചെയ്തുറങ്ങാം: ഉറക്കം വന്നുതുടങ്ങുമ്പോള്ഡ തന്നെ വാഹനം റോഡരികൽ സുരക്ഷിതമായി പാർക്കുെചയ്ത് ഉറങ്ങാം. ഇത് തുടർന്നുള്ള യാത്രയിൽ മികച്ച രീതിയിൽ ഡ്രൈവ് ചെയ്യാൻ സഹായിക്കും.

∙12 മുതൽ പുലർച്ചെ 4 വരെയുള്ള യാത്ര വേണ്ട: കുടുംബവുമായുള്ള യാത്രയിൽ രാത്രി 12 മുതൽ പുലർച്ചെ 4 വരെയുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. രാത്രി യാത്രയുണ്ടെങ്കിൽ പോകുന്നതിന് മുമ്പ് 2 മണിക്കൂറെങ്കിലും ഉറങ്ങുക.

∙ഹെഡ് ലാംപുകളിലേക്ക് നോക്കരുത്: രാത്രി സമയത്തെ ഡ്രൈവിങ്ങിൽ എതിരെ വരുന്ന വരുന്ന വാഹനങ്ങളുടെ ഹെഡ് ലാംപുകളിലേക്ക് നോക്കാതിരിക്കുക.

∙റോഡിന്റെ അവസ്ഥ അറിയാൻ: റോഡിന്റെ അവസ്ഥ അറിയുന്നതിനായി ഇടയ്ക്കിടെ ഡിമ്മും ബ്രൈറ്റും അടിക്കുന്നത് നന്നായിരിക്കും.

∙വാഹനനിയമങ്ങൾ കർശനമായി പാലിക്കുക: വാഹനനിയമങ്ങൾ കർശനമായി പാലിച്ചാൽ തന്നെ അപകടങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാം. മദ്യപിച്ച് വാഹനം ഓടിക്കരുത്. വാഹനത്തിലെ എല്ലാവരോടും സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശിക്കണം. അമിതവേഗവും വേണ്ട.

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കാം

∙ മുൻസീറ്റിൽ ഇരുത്തരുത്: കുട്ടികളെ മുന്നിലിരുത്തരുതെന്ന് പറയുന്നതിന് കാരണം അപകടമുണ്ടാകുമ്പോൾ തുറന്നുവരുന്ന എയർബാഗിന്റെ ആഘാതം കുട്ടികൾക്ക് താങ്ങാനാവില്ലെന്നത് തന്നെയാണ്. മണിക്കൂറിൽ 250 കിലോമീറ്ററിലേറെ വേഗത്തില്‍ മുഖത്തു വന്ന് എയർബാഗ് ഇടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഘാതം താങ്ങാൻ കുട്ടികൾക്ക് കഴിയില്ല.

∙ മടിയിലിരുത്തി യാത്ര വേണ്ട: കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഹാനികരമാകാം. മടിയിലോ കയ്യിലോ ഇരിക്കുമ്പോൾ ശക്തമായി ബ്രേക്കിടുമ്പോൾ പോലും കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാം.</p>

∙ ചൈൽഡ് സീറ്റിനോട് മുഖംതിരിക്കരുത്: പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നവയാണ്. എന്നാലും പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും. പിൻസീറ്റിൽ ഇസോഫിക്സ് ചൈൽഡ് പിറ്റ് സഹിതമുള്ള വാഹനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

∙ ചൈൽഡ് സീറ്റ് ഡ്രൈവറിന് പിന്നിൽ വേണ്ട:  പിൻസീറ്റിൽ ഡ്രൈവർക്കു പുറകിലായി ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുൻ സീറ്റിലുള്ള യാത്രക്കാരന്‍റെ പിൻവശത്തായി വരുന്ന ഇടത് ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്.

∙ ചൈൽഡ് സീറ്റ് പാകമായിരിക്കണം: കുട്ടികൾക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവർക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെൽറ്റുകൾ കൃത്യമായി, മുറുകെ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

∙ സെൻസറുണ്ടെന്ന ധൈര്യം വേണ്ട:ചൈൽ‍ഡ് സീറ്റ് സെൻസറുള്ള വാഹനങ്ങളിലും കുട്ടികളുടെ സീറ്റ് മുന്നിൽ ക്രമീകരിക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA