സീറ്റ് ബെൽറ്റ് പുലിവാലല്ല, ജീവന്റെ കെട്ടാണ്

seat-belt
SHARE

വാഹനം അപകടത്തിൽപെടുമ്പോൾ അതിൽ ഇരിക്കുന്ന ഏതൊരാൾക്കും സുരക്ഷയുടെ ‘പ്രാഥമിക തട’യാണ് (Primary Restraint) സീറ്റ് ബെൽറ്റ്. അതുണ്ടെങ്കിൽ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നു. മടികൊണ്ട് നമ്മൾ ഒഴിവാക്കുന്ന ആ ബെൽറ്റ്, ജീവിതത്തിലേക്കു നമ്മെ പിടിച്ചുകയറ്റുന്ന അഭയവള്ളിയാ‌ണ്. ഇരിക്കുന്നത് മുന്നിലോ പിന്നിലോ എന്നൊന്നും നോക്കാതെ സീറ്റ് ബെൽറ്റ് ധരിക്കുക, ശീലമാക്കുക.

12913 അപകടങ്ങൾ

2017ൽ കേരളത്തിലുണ്ടായ കാർ, ജീപ്പ് അപകടങ്ങളുടെ എണ്ണം 12,913. ഇത്രയും അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും. പരുക്കു പറ്റിയത് പതിമൂവായിരത്തോളം പേർക്ക്. മുക്കാൽ പങ്ക് ആളുകൾക്കും ഗുരുതരപരുക്കാണ്. 

ഈ മരണങ്ങളിലും പരുക്കുകളിലും നല്ലൊരു ശതമാനം ഒഴിവാക്കാനോ ആഘാതം കുറയ്ക്കാനോ കഴിയുമായിരുന്നു; വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെങ്കിൽ.

∙ സീറ്റ് ബൈൽറ്റ് ധരിച്ചാൽ, ഡ്രൈവറുടെയും മുൻസീറ്റിലിരിക്കുന്ന യാത്രക്കാരന്റെയും മരണസാധ്യത 45% കുറയുമെന്നു പഠനങ്ങൾ. ഗുരുതര പരുക്കിന്റെ സാധ്യത പകുതിയായും കുറയും.

∙  കാറിലെ ഓട്ടമാറ്റിക് അല്ലാത്ത സുരക്ഷാ ഉപകരണങ്ങളിൽ, 90 ശതമാനത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഒന്നേയുള്ളൂ എന്ന് അമേരിക്കൻ ഓട്ടമൊബീൽ അസോസിയേഷൻ –  സീറ്റ് ബെൽറ്റ്.

∙  സീറ്റ് ബെൽറ്റ് ഇടാത്തയാൾ വാഹനാപകടങ്ങളിൽ പുറത്തേക്കു തെറിച്ചുവീഴാനുള്ള സാധ്യത 30 ഇരട്ടി. പുറത്തേക്കു തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയും. 

ജീവിതത്തിലേക്കു പിടിച്ചുനിർത്തും ബെൽറ്റ് 

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും – നമ്മുടെ ശരീരവും – അതേവേഗത്തിലായിരിക്കും മുന്നോട്ടുപോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, എവിടെയെങ്കിലും ഇടിച്ചോ മറ്റോ) വാഹനത്തിന്റെ സ്പീഡ് നൂറിൽനിന്നു പൂജ്യത്തിലേക്കു പൊടുന്നനെ കുറയും. 

എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽനിന്നു മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറുകിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല. 

Seat-Belt

ഇതിനു പുറമേയാണ്, ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണമാണ്. 

ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല. 

ധരിക്കേണ്ടത് ഇങ്ങനെ 

ശരീരത്തിനു കുറുകെ വരുന്ന ഭാഗം തോളിൽനിന്നു മറുവശത്തെ ഇടുപ്പിലേക്കു തന്നെയാകണം. അപകടസമയത്തു  ശരീരത്തിലുണ്ടാക്കുന്ന മർദം താങ്ങാൻ ഈ ഭാഗങ്ങൾക്കു കൂടുതൽ കഴിവുണ്ട്. ഒരുകാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിനു കുറുകെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടമുണ്ടാകുമ്പോൾ ബെൽറ്റ് കഴുത്തിൽ മുറുകാനിടയുണ്ട്.  

പിന്നിലാണെങ്കിലും...

കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പിന്നെന്തിനാണ് ഈ പുലിവാലെന്നു കരുതരുത്. പുറകിൽ സീറ്റ് ബെൽറ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ കിട്ടാവുന്ന ഇടികൾക്കും പരുക്കുകൾക്കും കണക്കില്ല. 

ഷർട്ട് ചുളുങ്ങട്ടേന്ന്!

കുളിച്ചു കുട്ടപ്പനായി, കഞ്ഞിമുക്കിത്തേച്ചു‌ വടിപോലാക്കിയ ഷർട്ടുമിട്ട് വണ്ടിയിൽക്കേറി സീറ്റ്ബെൽറ്റിട്ടാൽ പോയില്ലേ, ഷർട്ടിന്റെ പളപളപ്പ് എന്നാണു പലരുടെയും മനോഭാവം. ഷർട്ടു ചുളുങ്ങുന്നതാണോ ശരീരം തവിടുപൊടിയാകുന്നതാണോ പ്രധാനമെന്നു സ്വയം ചിന്തിക്കുക!

സൂത്രപ്പണി വേണ്ട

പൊലീസിന്റെ നിഴലെങ്ങാനും വഴിയിൽ കണ്ടാൽ സീറ്റ് ബെൽറ്റ് വലിച്ചു വെറുതെ ദേഹത്തേക്കു വയ്ക്കുന്നവരാണു നമ്മളിൽ പലരും. എന്നുവച്ചാൽ, പൊലീസിനു പിഴ കൊടുക്കാൻ വയ്യ. സ്വന്തം ജീവൻ ബലികൊടുക്കാം. മറ്റൊന്ന്,  ഇതുവരെയല്ലേയുള്ളൂ...ഇപ്പോ അങ്ങെത്തുമല്ലോ... അതിനുവേണ്ടി സീറ്റ്ബെൽറ്റിടണോ എന്ന ചിന്തയാണ്. ഓർക്കുക, അപകടത്തിന് അങ്ങനെ അടുത്ത്, ദൂരെ എന്നൊന്നുമില്ല. എപ്പോഴും എവിടെയും സംഭവിക്കാം. 

എയർബാഗുണ്ടെങ്കിലും

എയർബാഗിന്റെ സുരക്ഷ ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ സീറ്റ്ബെൽറ്റ് ഇട്ടിരിക്കണം. 

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ

കൈക്കുഞ്ഞുങ്ങളെയും കൊച്ചുകുട്ടികളെയും മിക്കപ്പോഴും മടിയിലിരുത്തിയാകും നമ്മൾ കാറിലോ ജീപ്പിലോ പോവുക. പെട്ടെന്നൊരു നിമിഷം അപകടമുണ്ടായാൽ, കുഞ്ഞ് നമ്മുടെ കയ്യിൽനിന്നു തെറിച്ചുപോകുമെന്നുറപ്പാണ്; എത്ര മുറുകെപ്പിടിച്ചാലും. കാരണം, അപകടത്തിന്റെ ആഘാതം അത്ര വലുതായിരിക്കും.  

തീരെ ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റുള്ള ചൈൽഡ് സീറ്റ്, ബേബി സീറ്റ് എന്നിവയുണ്ട്. വണ്ടിയുടെ സീറ്റിലേക്ക് എടുത്തുവച്ച് അവിടെ ഉറപ്പിക്കാവുന്നതാണ് ഇത്.  ഇതിനുള്ളിലെ മൂന്നു സുരക്ഷാ ബെൽറ്റുകൾ കുട്ടികളെ സുരക്ഷിതരാക്കുന്നു. അപകടസമയത്തു ചൈൽഡ് സീറ്റ് കാർസീറ്റിൽനിന്നു നീങ്ങിപ്പോകില്ല; കുഞ്ഞ് ചൈൽഡ്സീറ്റിൽനിന്നു തെറിച്ചും പോകില്ല. 

കുട്ടികളെ മുന്നിൽ ഇരുത്തുന്നതിനു നമ്മുടെ നാട്ടിൽ നിരോധനമില്ലെങ്കിലും, കഴിവതും പിൻസീറ്റിൽ ഇരുത്തുക.  ‌

Children-Belt

മടിയിൽ കുട്ടിയെ ഇരുത്തുമ്പോൾ കുട്ടിയെ പിടിച്ചിരിക്കുന്നയാൾക്കേ സീറ്റ് ബെൽറ്റുള്ളൂ. വാഹനം ഇടിക്കുമ്പോൾ വാഹനത്തിന്റെ വേഗവും തെറിച്ചുപോകുന്ന വസ്തുവിന്റെ ഭാരവും ചേർന്നാണ് ആഘാതത്തിന്റെ തോതു വർധിക്കുന്നത്. കുട്ടിക്കു ഗുരുതരമായി പരുക്കേൽക്കും. മുൻപിലാണെങ്കിൽ എയർബാഗിൽ മുഖമിടിച്ച് കുട്ടിക്കു ശ്വാസംകിട്ടാത്ത അവസ്ഥയുമുണ്ടാകാം. 

വിദേശത്ത് ഇങ്ങനെ

മിക്ക വിദേശരാജ്യങ്ങളിലും കുട്ടിസീറ്റ് നിർബന്ധമാണ്. മുൻസീറ്റിൽ കുട്ടികളെ ഇരുത്താനുമാകില്ല. യുഎഇയിൽ 12 വയസ്സിനു താഴെയുള്ള കുട്ടികളുടെ മുൻസീറ്റ് യാത്ര നിരോധിച്ചിട്ടുണ്ട്. 4 വയസ്സിനു താഴെയുള്ളവർക്കു പിൻസീറ്റിൽ ചൈൽഡ് സീറ്റ് ഇല്ലെങ്കിൽ 400 ദിർഹം പിഴയടയ്ക്കണം. ഖത്തറിൽ കുട്ടികൾക്കുള്ള ശരിയായ കാർസീറ്റ്‌ തിരഞ്ഞെടുക്കേണ്ടതെങ്ങനെ, അവ സ്‌ഥാപിക്കേണ്ടതെങ്ങനെ, കുട്ടികളെ ഇരുത്തേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ രക്ഷിതാക്കൾക്കു  ക്ലാസുകൾ നൽകും.

വിവരങ്ങൾ: ഡോ. പി.പി. വേണുഗോപാലൻ  (കേരള റോഡ് സേഫ്റ്റി അതോറിറ്റി അംഗം),  ഡോ. കുഞ്ഞാലിക്കുട്ടി, ഡോ. ജാവേദ് അനീസ (ഇൻഫോ ക്ലിനിക്), ആദർശ്കുമാർ ജി.നായർ (സീനിയർ ഡിജിഎം, കൊച്ചി മെട്രോ)  

ഗ്രാഫിക്സ്: കെ.ടോണിജോസ്, റിങ്കു തിയോഫിൻ

ഇൻപുട്സ്: ഉണ്ണി കെ.വാരിയർ, ജിജി പോൾ, ആർ.കൃഷ്ണരാജ്, മഹേഷ് ഗുപ്തൻ, വിനോദ് ഗോപി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA