ചെറിയ അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണോ ?

car-insurance
SHARE

അപകടങ്ങള്‍ എപ്പോഴാണ് വരുക എന്നു പറയാനാകില്ല. ചിലപ്പോള്‍ നമ്മുടെ തെറ്റുകൊണ്ടു മറ്റുചിലപ്പോള്‍ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ തെറ്റുകൊണ്ടുമായിരിക്കും അപകടം സംഭവിക്കുക. കുറച്ചു നേരത്തേക്ക് ഉടമസ്ഥര്‍ ആടിയുലഞ്ഞു പോകുമ്പോള്‍ പല പല അഭിപ്രായങ്ങള്‍ പലവിധ കോണുകളില്‍നിന്നുയരുന്നു. വാദിയും പ്രതിയും തെറ്റും ശരിയുമെല്ലാം ചാനല്‍ ചര്‍ച്ചകളിലേതിനു സമാനമായി വിശകലനം ചെയ്യുന്നു. മേല്‍പറഞ്ഞ സാഹചര്യവും കുടുംബം, യാത്രയുടെ പ്രാധാന്യം മുതലായ കാരണങ്ങളും ഉടമസ്ഥരെ അനാവശ്യ സമ്മര്‍ദത്തിലേക്കാഴ്ത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍, വാഹനത്തിനു സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണമോ വേണ്ടയോ എന്ന സുപ്രധാന തീരുമാനം ദ്രുതഗതിയില്‍ എടുക്കേണ്ടതുണ്ട്. സ്ഥാപിത താല്‍പര്യങ്ങളുമായി പലരും നിങ്ങളെ സഹായിക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും തെറ്റായ തീരുമാനം എടുക്കേണ്ടിവരാം. വാഹനം അപകടത്തില്‍ പെടുമ്പോള്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണമോ എന്ന കണ്‍ഫ്യൂഷന്‍ തീര്‍ക്കുകയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പം മനസ്സിലാക്കാം.

no-claim

ഫ്രാന്‍സിസ് എന്ന വ്യക്തി 2010 മുതല്‍ അദ്ദേഹത്തിന്റെ കാര്‍ അപകടരഹിതമായി കൈകാര്യം ചെയ്യുകയാണ്. സ്വാഭാവികമായും അദ്ദേഹത്തിനു താഴെ കാണിച്ചിരിക്കുന്ന പട്ടികയിലേതു പോലെ വര്‍ഷാവര്‍ഷം പ്രീമിയം പുതുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി 'നോ ക്ലെയിം ബോണസ്' നല്‍കുന്നു. (അപകടങ്ങള്‍ വരുത്താതെ വാഹനങ്ങള്‍ പരിപാലിക്കുന്ന ഉടമകള്‍ക്ക് വര്‍ഷാവര്‍ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയത്തില്‍ നല്‍കുന്ന കിഴിവാണ് നോ ക്ലെയിം ബോണസ്). നിര്‍ഭാഗ്യവശാല്‍ 10–01–2017ല്‍ ഗതാഗത നിയമം പാലിച്ച് സിഗ്‌നലില്‍ നിര്‍ത്താന്‍ പോയ ഫ്രാന്‍സിസിന്റെ കാറില്‍ ഒരു ലോറി വന്നിടിച്ച് പിന്‍ഭാഗം ബംപറിന് കാര്യമായി കേടുപാടുകള്‍ സംഭവിക്കുകയും ടെയ്ല്‍ ലാംപ് പൊട്ടിപ്പോവുകയും ചെയ്തു. ഗാതഗത നിയമം പാലിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിച്ചതാണെന്നു ഫ്രാന്‍സിസും, മറിച്ച് ഫ്രാന്‍സിസിന്റെ കാര്‍ അമിത വേഗത്തില്‍ വന്നു പെട്ടെന്നു ബ്രേക്കിട്ടതാണ് ആക്‌സിഡന്റിന്റെ കാരണം എന്ന് ലോറിക്കാരനും വാദിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണമോ അഥവാ ലോറിക്കാരന്റെ ചെറിയ സഹായത്തിലൂടെയോ അല്ലാതെയോ സ്വന്തം നിലയില്‍ വാഹനത്തിന്റെ കേടുപാടുകള്‍ തീക്കണമോ എന്ന തീരുമാനം എടുക്കേണ്ടതായ ഘട്ടത്തിലേക്ക് എത്തി.

ഫ്രാന്‍സിസ് ആദ്യമായി അംഗീകൃത സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് ബംപറിന്റെയും ടെയ്ല്‍ ലാംപിന്റെയും വിലയും അതു മാറ്റുവാനുള്ള ചെലവും ഏകദേശം 10,000 രൂപയോളം വരുമെന്നു മനസ്സിലാക്കി. അതേ സമയം സ്ഥലത്തു വന്ന തദ്ദേശ വര്‍ക്‌ഷോപ്പ് ഉടമയില്‍നിന്ന് ചെലവ് ഏകദേശം 8000 രൂപയോളം വരുമെന്നും വാഹനത്തിനു മറ്റു കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നും മനസിലാക്കി.തന്റെ വാഹനത്തിന്റെ ഇന്‍ഷുറന്‍സിന്റെ ക്ലെയിം നടപടികളെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അവബോധം ഉള്ളതുകൊണ്ട് പിന്നീട് കാര്യങ്ങള്‍ എളുപ്പമായി.

ക്ലെയിം ചെയ്യുമ്പോള്‍ ഉപഭോക്താവ് നല്‍കേണ്ട നിര്‍ബന്ധിത തുക/ഏകദേശം (അടവ്) – 2000 രൂപ, ഡിപ്രീസിയേഷന്‍ മൂലമുണ്ടാകുന്ന നഷ്ടം (ഏകദേശം) – 3000 രൂപ,ക്ലെയിം ചെയ്ത് നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നതു കൊണ്ട് ഭാവിയില്‍ ഉണ്ടാകുന്ന നഷ്ടം (2017 മുതല്‍ 2021 വരെ) (മറ്റു ക്ലെയിമുകള്‍ ഇല്ല എന്ന സങ്കല്‍പത്തില്‍) – 18750 രൂപ, ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തു 10,000 രൂപ കിട്ടുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം അതിലേറെയാണെന്നു മനസ്സിലാക്കിയ ഫ്രാന്‍സിസ് ക്ലെയിം നടത്തേണ്ടതില്ല എന്ന തീരുമാനമെടുത്തു.

സത്യത്തില്‍ ക്ലെയിം നടത്തുന്നതുകൊണ്ട് നോ ക്ലെയിം ബോണസ് പൂര്‍ണമായും നഷ്ടപ്പെടുകയും തുടര്‍ന്നു ഘട്ടം ഘട്ടമായി 50% ത്തിലേക്ക് എത്തുകയുമാണ്. ഇതും നിര്‍ബന്ധിത അടവും ഡിപ്രീസിയേഷനും കൂടി കൂട്ടി, വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുവാനുള്ള ചെലവുമായി താരതമ്യപ്പെടുത്തി മാത്രം വാഹനം ആക്‌സിഡന്റില്‍ പെടുമ്പോള്‍ ഇന്‍ഷുറന്‍സ് ക്ലെയിം നടത്തുക. ചെറിയ ചെറിയ ആക്‌സിഡന്റുകളില്‍ ഒഴിവാക്കി വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം ക്ലെയിം നടത്തുകയാണ് അഭികാമ്യം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ബി.മനോജ് കുമാര്‍,അസോഷ്യേറ്റ് പ്രഫസര്‍, എസ്‌സ്എംഎസ് എന്‍!ജി കോളജ്, കറുകുറ്റി, എറണാകുളം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA