നമ്പർ പ്ലേറ്റിൽ നമ്പറിറക്കിയാൽ 5000 രൂപ വരെ പിഴ !

number-plate
SHARE

നമ്പർ പ്ലേറ്റിൽ പലതരം ചിത്രപ്പണികൾ ഇറക്കുന്നവരെ കാണാറുണ്ട്. ചിലർ അക്കങ്ങൾ കൊണ്ട് സ്വന്തം പേരെഴുതുമ്പോൾ ചിലർ നമ്പർ പ്ലെറ്റിലായിരിക്കും ഭാവന വിരിയിക്കുന്നത്. എന്നാൽ അത്തരക്കാർക്ക് ഇനി പിടിവീഴും എന്നാണ് കേരളാ പൊലീസ് പറയുന്നത്. പോലീസിന്റെ ഫെയ്സ്ബുക്കിലൂടെയാണ് നമ്പർ പ്ലേറ്റുകളിലെ അലങ്കാരം വേണ്ട എന്ന മുന്നറീപ്പ് നൽകിയത്. 

നമ്പര്‍ പ്ലേറ്റുകളിൽ നമ്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്ന‌ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്

നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റു വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം.

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്.

നമ്പർ പ്ലേയിറ്റ് എങ്ങനെ വേണം

ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന നമ്പർ പ്ലേറ്റിന് 200 മില്ലി മീറ്റർ നീളവും, 100 മില്ലി മീറ്റർ ഉയരവും വേണം. ഇരുചക്ര വാഹനങ്ങളിൽ മുൻഭാഗത്തെ നമ്പറിന്റെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും 30 മില്ലീമിറ്റർ ഉയരവും 5 മില്ലീമിറ്റർ കനവും വേണം അക്ഷരങ്ങൾക്കിടയിൽ 5 മില്ലീമിറ്റർ അകലവും വേണം. പിൻഭാഗത്തെ നമ്പറിന് 40 മില്ലീമിറ്റർ ഉയരവും 7 മില്ലീമിറ്റർ കനവും അക്ഷരങ്ങൾക്കിടയിൽ 5 മില്ലീമിറ്റർ അകലവും വേണം.

മുച്ചക്ര വാഹനങ്ങളിലെ നമ്പർ പ്ലെയിറ്റുകളിലെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും 40 മില്ലീമീറ്റർ ഉയരവും 7 മില്ലീമീറ്റർ കനവും അക്ഷരങ്ങൾക്കിടയിൽ 5 മില്ലീമിറ്റർ അകലവും വേണം. മറ്റു വാഹനങ്ങളിൽ‌ ഒറ്റ വരിയിൽ എഴുതുന്ന നമ്പർ പ്ലെയിറ്റിന് 500 മില്ലിമീറ്റർ നീളവും 120 മില്ലീമിറ്റർ വീതിയും വേണം. രണ്ടു വരിയിൽ എഴുതുന്ന നമ്പർ പ്ലെയിറ്റിന് 340 മില്ലിമീറ്റർ നീളവും 200 മില്ലിമീറ്റർ വിതിയും വേണം. ഇവയിൽ എഴുതുന്ന അക്ഷരങ്ങൾക്കും അക്കങ്ങൾക്കും 65 മില്ലിമീറ്റർ പൊക്കവും 10 മില്ലിമീറ്റർ കനവും അക്ഷരങ്ങൾക്കിടയിൽ 10 മില്ലിമീറ്റർ കനവും വേണമെന്ന് മോട്ടോർ വാഹന നിയമം നിഷ്കർഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA