sections
MORE

അപകടം ക്ഷണിച്ചു വരുത്തരുതേ

car-accident
SHARE

വാഹനാപകടങ്ങളും അതിൽ പെട്ട് മരണമടയുന്നവരുടേയും എണ്ണം ദിനം പ്രതി കൂടി കൂടി വരികയാണ്. 2017 ലെ കണക്കുകൾ പ്രകാരം ഒരു ദിവസം റോഡിൽ പൊലിയുന്നത് 12 ജീവനുകളാണ്. പരിക്കു പറ്റുന്നത് 150 ൽ അധികം ആളുകൾക്കും. ക്ഷണനേരത്തിന്റെ അശ്രദ്ധയിൽ അപകടത്തിലാകുന്നത് നിരവധി ജീവനുകളാണ്. വാഹനം ഒടിക്കുന്ന രീതികൾക്കൊണ്ട് ചിലപ്പോൾ ഒരു പരിതി വരെ അപകടങ്ങൾ ഒഴിവാക്കാം. കൂടാതെ സീറ്റ് ബെൽറ്റ്, ഇരുചക്രവാഹനങ്ങളിലാണെങ്കിൽ ഹെൽമെറ്റ് എന്നിവ ധരിച്ചാൽ ചിലപ്പോൾ മരണത്തിൽ നിന്നുവരെ രക്ഷപ്പെടാൻ സാധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ.

നമ്മെ അറിയുക; വാഹനത്തെ അറിയുക

സ്വന്തമായി എത്രത്തോളം മികച്ച ഡ്രൈവറാണെന്ന ബോധ്യം ഉണ്ടാകണം. അതിനനുസരിച്ചു റോഡിൽ പെരുമാറുക. അമിത ആത്മവിശ്വാസം, ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം വാഹനമോടിക്കൽ എന്നിവ ഒഴിവാക്കുക. വാഹനത്തെക്കുറിച്ചും റോഡിനെക്കുറിച്ചും ധാരണ വേണം. പൊതുവാഹനങ്ങൾക്ക് ഓരോ വർഷവും പരിശോധനയുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്കു ഇതില്ല. അതിനാൽ വാഹനത്തിന്റെ ഓരോ ഘടകത്തിന്റെയും നിലവാരം ഉറപ്പാക്കുക.

ചക്രങ്ങൾ ആണു പലപ്പോഴും വില്ലനാവുക. വിൻഡ് ഷീൽഡ് വൈപ്പർ, ബ്രേക്ക് ലൈറ്റ്, ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് എന്നിവയുടെ പ്രവർത്തനം ഉറപ്പുവരുത്തണം. വാഹന സർവീസിങ് കൃത്യമായി ചെയ്യുക. 

എക്സ്ട്രാ ഫിറ്റിങ്ങുകൾ; ജാഗ്രത വേണം 

വാഹനങ്ങൾ കത്താനുള്ള കാരണങ്ങളിൽ പ്രധാനം ഇലക്ട്രിക് സർക്യൂട്ടിലെ പ്രശ്നങ്ങളാണ്. വാഹന നിർമാതാക്കൾ നിർദേശിക്കുന്നതിൽ കൂടുതൽ അധിക ഫിറ്റിങ്ങുകൾ വാഹനത്തിൽ വയ്ക്കാൻ പാടില്ല. ഇതു ഇലക്ട്രിക്കൽ സർ‍ക്യൂട്ടിൽ ഓവർലോഡുണ്ടാക്കി വാഹനം കത്താൻ കാരണമാകും. ബൈക്കുകളിലും മാറ്റങ്ങൾ വരുത്താതിരിക്കുക. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക.

ലൈഫ് ബെൽറ്റ്; സീറ്റ് ബെൽറ്റ് 

വാഹനം ഇടിച്ചുണ്ടാവുന്ന ആഘാതത്തിൽ സീറ്റ് ബെൽറ്റ് ലോക്ക് ആകുന്നു. വാഹനത്തിനു പുറത്തേക്കു തെറിച്ചുപോകുന്നതും വാഹനത്തിൽ തന്നെ ശരീരം ചെന്നിടിക്കുന്നതും ഒഴിവാകും. വാഹനാപകടങ്ങളിൽ കൂടുതലും മരണകാരണമാകുന്നതു ശരീരം എവിടെയെങ്കിലും ഇടിക്കുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് സഹായിക്കും. 

ഉറപ്പായും ശ്രദ്ധിക്കുക

∙ കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റും ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും ധരിക്കുക.

∙ ഇതു ധരിച്ചാൽ സുരക്ഷയായി എന്നു കരുതി വേഗം കൂട്ടരുത്. റോഡിനും വാഹനത്തിനും ഉചിതമായ വേഗത്തിലേ സഞ്ചരിക്കാവൂ.  

∙ വാഹനത്തിൽ അമിത വിശ്വാസം പാടില്ല. 

∙ ഒരു നിമിഷം പോലും ഡ്രൈവറുടെ ശ്രദ്ധ മാറരുത്. 

രാത്രി യാത്രയിൽ  ശ്രദ്ധിക്കുക 

∙ പകലിനേക്കാൾ 30% കുറവാണ് രാത്രി യാത്രയിലെ കാഴ്ച 

∙ രാത്രി റോഡിൽ തിരക്കില്ലാത്തതിനാൽ വാഹന വേഗം വർധിപ്പിക്കും. വ്യക്തമായി കാണാൻ കഴിയാത്ത റോഡിൽ വേഗം പാടില്ല. 

∙ വേഗം കൂടുമ്പോൾ കാഴ്ച ടണൽ ഇഫക്ട് ആയിരിക്കും. നേർരേഖയിലുള്ളതു മാത്രമാകും കാണുക. വശങ്ങളിലെ കാഴ്ച ഇല്ലാതാകും. 

∙ ഉറക്കം വരുന്നത് അറിയാനാവും. എന്നാൽ ഉറങ്ങുന്നത് ഡ്രൈവർ അറിയില്ല. പെട്ടെന്നു കണ്ണടഞ്ഞു പോകും. ഇത് അപകടമുണ്ടാക്കും. 

∙ ഉറക്കത്തിനു മരുന്നില്ല, ഉറങ്ങുക തന്നെ വേണം. 

∙ സ്ഥിരമായി രാത്രി യാത്രചെയ്യുന്നവരുടെ ബയോളജിക്കൽ ക്ലോക്ക് അതനുസരിച്ചു ക്രമീകരിക്കപ്പെടും. എന്നാൽ പതിവായി ഉറങ്ങുന്ന സമയത്തു യാത്ര ചെയ്യുമ്പോൾ ബയോളജിക്കൽ ക്ലോക്ക്  അതിനനുസരിച്ചു തയാറായിട്ടുണ്ടാവില്ല. 

∙ പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയമാണ് ഉറങ്ങാൻ ഏറ്റവും സാധ്യതയുള്ള സമയം. 

വലിയ വാഹനങ്ങൾക്കൊപ്പമുള്ള ഡ്രൈവിങ് ശ്രദ്ധിക്കുക

വലിയ വാഹന ഡ്രൈവർമാർക്കു കണ്ണാടിയിലൂടെയുള്ള( റിയർ വ്യൂ, സൈഡ് മിററുകൾ) കാഴ്ച കുറവാണ്. ചില കോണുകളിൽ പുറകിലൂടെ വരുന്ന വാഹനങ്ങൾ കാണാനാവില്ല. ഇതു മനസ്സിലാക്കി വേണം വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നത് അടക്കം ഇതിനു സമീപത്തു കൂടി പോകാൻ. 

മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കണം. ഇതു സാധിക്കുന്നില്ലെങ്കിൽ മുന്നിലെ വാഹനത്തിന്റെ പുറകിലെ ചക്രം മുഴുവൻ കാണുന്ന തരത്തിലുള്ള അകലമെങ്കിലും പാലിക്കുക. വലിയ വാഹനങ്ങൾ പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ ചെറു വാഹനങ്ങൾ അതിന്റെ അടിയിലേക്കു ഇടിച്ചു കയറാൻ സാധ്യതയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA