എല്ലാ ഹെൽമെറ്റും ഹെൽമെറ്റല്ല, വ്യാജനെ എങ്ങനെ തിരിച്ചറിയാം

helmet
SHARE

ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽ‌മറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന നിയമമുള്ളതുകൊണ്ട് ഹെൽ‌മറ്റ് വാങ്ങുന്നവരാണ് നമ്മളിൽ പലരും.  ആദ്യം കാണുന്ന, വില കുറഞ്ഞ ഹെൽമറ്റ് വാങ്ങി നമ്മൾ സ്ഥലം വിടുന്നു. പക്ഷേ, ഇരുചക്ര യാത്രികന്റെ ജീവന്റെ വിലയുണ്ട് ഓരോ ഹെൽമറ്റിനും. അപകടമരണസാധ്യത 42% കുറയ്ക്കാൻ ഹെൽമറ്റിനാകുമെന്നാണു പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്. ഇന്ത്യയിലെ ഇരുചക്ര യാത്രക്കാരിൽ 75% പേരും ഐഎസ്ഐ ഗുണമേൻമ ഇല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നവരാണ്.  വെറുതെയൊരു ഹെൽമറ്റ് വാങ്ങി തലയിൽ വച്ചാൽ മതിയോ? ഹെൽമറ്റ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.

ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുകയെന്നതാണ് ഏറ്റവും ലളിതമായ മാർഗം. പണം ചെലവാക്കാൻ മടിച്ച് ഡൂപ്ലിക്കറ്റ് ഹെൽമറ്റുകൾക്ക് പിന്നാലെ പോകരുത്. തലയ്ക്കേൽക്കുന്ന ആഘാതങ്ങളിൽനിന്നു രക്ഷിക്കുന്നതിനു പകരം പരുക്കിന്റെ തീവ്രത കൂട്ടാനേ വ്യാജ ഹെൽമറ്റുകൾ സഹായിക്കു.  പുതുക്കിയ നിയമമനുസരിച്ച് പരമാവധി 1.2 കിലോഗ്രാം ഭാരത്തിൽ, കർശന ഗുണനിലവാര മാനദണ്ഡങ്ങളിൽ മാത്രമേ ഹെൽമറ്റ് നിർമിക്കാൻ പാടുള്ളൂ. ഇപ്പോൾ ഭാരപരിധി 1.5 കിലോഗ്രാമാണ്.

ഹെൽമറ്റിന്റെ വലുപ്പം പരമ പ്രധാനമാണ്. ഓരോരുത്തരുടെയും തലയുടെ വലുപ്പം വ്യത്യസ്തമാണെന്നിരിക്കെ അതിനനുസരിച്ചുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പോറലുകളേൽക്കാത്ത, കാഴ്ച മങ്ങാത്ത പോളി കാർബണേറ്റ് വൈസറുകളാണ് ഐഎസ്ഐ ഗുണമേൻമയുള്ള ഹെൽ‌മറ്റുകളിൽ ഉപയോഗിക്കുന്നത്. തലയിൽ കൂടുതൽ സമയം വയ്ക്കുന്നതിനാൽ വായു സഞ്ചാരമുള്ളവ തന്നെ തിരഞ്ഞെടുക്കണം. ഉറപ്പുള്ള ചിൻ സ്ട്രാപ്പുകളും ഹെൽമറ്റിനുള്ളിലെ കുഷനും മാനദണ്ഡമാക്കാം. 

നല്ല ഹെൽമറ്റുകളും ഡൂപ്ലിക്കറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ

ഹെൽമറ്റിന്റെ പുറം ഭാഗത്തുള്ള ഐഎസ്ഐ മാർക്കാണ് പ്രധാന അടയാളം. 

നല്ല മെറ്റീരിയലിനാൽ നിർമിക്കുന്നതാകണം പുറന്തോട് .

ബ്രാൻഡഡ് ഹെൽമറ്റുകൾക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്ന ഇപിഎസ്(തെർമോക്കോൾ) കട്ടി കൂടിയവയായിരിക്കും. 

വ്യാജ ഹെൽമറ്റുകൾക്ക് താരതമ്യേന ഭാരവും കുറവായിരിക്കും. 

വിവരങ്ങൾക്കു കടപ്പാട് : രാജീവ് കപൂർ, പ്രസിഡന്റ്, ടൂ വീലർ ഹെൽമറ്റ് മാനുഫാക്ചറേഴ്സ്, അസോസിയേഷൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA