sections
MORE

അന്യ സംസ്ഥാന വാഹനങ്ങൾ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കൂ

HIGHLIGHTS
  • ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ ശ്രദ്ധിക്കുക
  • കാർ വാങ്ങുമ്പോൾ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്
delhi-car
Representative Image
SHARE

കാർ വിപണി വളരുന്നതിനൊപ്പം പ്രീ–ഓൺഡ് കാർ മാർക്കറ്റും കുതിക്കുകയാണ്. കേരളത്തെ അപേക്ഷിച്ച് വില കുറവ് സെക്കന്റ് ഹാൻഡ് ഉപഭോക്താക്കളെ അന്യ സംസ്ഥാന വിപണികളിലേക്ക് ആകർഷിക്കുന്നുണ്ട്. കേരളത്തിൽ കൊടുക്കുന്ന വിലയുടെ പകുതി നൽകിയാൽ ഡൽഹിയിൽ നിന്നും മറ്റു സ്ഥാനങ്ങളിൽ നിന്നും വാഹനങ്ങൾ വാങ്ങാൻ സാധിക്കും. കാര്യം വില കുറച്ചു കിട്ടുമെങ്കിലും ശ്രദ്ധിച്ചില്ലങ്കിൽ വൻ അബദ്ധമാകും.

ആർസി ബുക്ക്

യൂസ്ഡ് കാർ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് വാഹനത്തിന്റെ ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ബുക്ക് കൃത്യമാണോ എന്നുള്ളതാണ്. ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ ശരിയാണോ എന്നു നോക്കുക. വാഹനം ഏതു സംസ്ഥാനത്താണ് റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നു പരിശോധിക്കുക. ചിലർ അന്യസംസ്ഥാന കാർ ആണെങ്കിൽ റജിസ്റ്റർ ചെയ്യാനുള്ള നൂലാമാലയോർത്ത് ചെയ്യാതിരിക്കാറുണ്ട്. എന്നാൽ എന്തെങ്കിലും അപകടം ഉണ്ടായാൽ റജിസ്ട്രേഷൻ കൃത്യമല്ലെങ്കിൽ ക്ലെയിം കിട്ടില്ല. ഇത്തരം കാര്യങ്ങൾ കൂടുതൽ വിനയാകും.

വാഹനം കൂടുതൽ തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിൽ ഒറിജിനൽ റജിസ്റ്ററിങ് അതോറിറ്റിയിൽനിന്നു റജിസ്റ്ററിങ് സർട്ടിഫിക്കറ്റ് പർട്ടിക്കുലർ 70 ഫീസ് അടച്ച് വാങ്ങുക. അതായത്, വാഹനം ഏറ്റവും ആദ്യം റജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങളാണിത്. അത് നിലവിലെ ആർസി ബുക്കുമായി താരതമ്യം ചെയ്യുക. എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാം.മാത്രമല്ല, കാർ പഴക്കംചെന്നതോ, ഗുരുതരമായ അപകടം സംഭവിച്ചിട്ടുള്ളവയോ ആണെങ്കിൽ എൻജിൻ മാറാൻ സാധ്യതയുണ്ട്. ഇത് ആർസിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കുക. വാഹന കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി ചെയ്ത സാങ്കതിക മാറ്റങ്ങൾ മാത്രമേ മോട്ടോർ വാഹന വകുപ്പും അംഗീകരിക്കൂ.

ഇൻഷുറൻസ്

കാർ വാങ്ങുമ്പോൾ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസും മറ്റും സ്വന്തം പേരിലാക്കുക. ഇല്ലെങ്കിൽ ആക്സിഡന്റ് ക്ലെയിം കിട്ടില്ല. പോളിസി മാറ്റുമ്പോൾ പ്രീമിയം കൃത്യമായി അടച്ചിട്ടുണ്ടോ എന്നുറപ്പുവരുത്തുക. മുൻപ് ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടുണ്ടോ എന്നറിഞ്ഞു വയ്ക്കുക. പ്രീമിയം അടയ്ക്കുന്നതിൽ മുൻ ഉടമ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ വാഹനം റെജിസ്റ്റർ ചെയ്യാൻ കഴിയില്ല.

മറ്റു കാര്യങ്ങൾ

മുൻ ഉടമസ്ഥൻ വാഹന രേഖകൾ ഉപയോഗിച്ച് ലോൺ, മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്നു നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഹാജരാക്കാൻ ആവശ്യപ്പെടണം. അല്ലാത്തപക്ഷം വാഹനം വാങ്ങിയശേഷം സാമ്പത്തിക ബാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ ഫിനാൻസ് കമ്പനി പുതിയ ഉടമയിൽനിന്നു ലോൺ ഈടാക്കാൻ സാധ്യതയുണ്ട്.

∙ വാഹനത്തിന്റെ സർവീസ് ബുക്ക് പരിശോധിക്കുക. അംഗീകൃത ഡീലർഷിപ്പുകളിൽ കൃത്യമായി സർവീസ് ചെയ്തിട്ടുണ്ടോ എന്നു മനസ്സിലാക്കുക.

∙ റോഡ് ടാക്സ് കൃത്യമായി അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. വീഴ്ചയുണ്ടെങ്കിൽ പിഴത്തുക അടക്കം നല്ലൊരു തുക കൈയിൽനിന്നു പോകാൻ സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റോഡ് ടാക്സ് വ്യത്യസ്തമാണ്. 2-18 % വരെ വേരിയേഷൻ ഉണ്ടാകാം. ടാക്സ് അടച്ചതിന്റെ റെസീപ്റ്റ് ആവശ്യപ്പെടാം.

∙ ഡീലർമാരിൽനിന്നു വാഹനം വാങ്ങുമ്പോൾ അച്ചടിച്ച ബിൽ ചോദിച്ചു വാങ്ങണം. വ്യക്തികളിൽനിന്നു നേരിട്ടു വാങ്ങുകയാണെങ്കിൽ സെയിൽ റെസീപ്റ്റ് ആവശ്യപ്പെടാം.

ഡ്യൂവൽ ഫ്യൂവൽ

വാഹനം എൽപിജി, പെട്രോൾ ഇന്ധനമായി ഉപയോഗിക്കത്തക്കവണ്ണം കൺവെർട്ട് ചെയ്തിട്ടുണ്ടെങ്കിൽ റെട്രോ ഫിറ്റ്മെന്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എആർഎഐ അംഗീകരിച്ച കൺവേർഷൻ കിറ്റ് ഉപയോഗിച്ച വാഹനങ്ങൾക്കുമാത്രമേ റെട്രോ ഫിറ്റ്മെന്റ് സർട്ടിഫിക്കറ്റ് നൽകൂ. ഇതിനാവശ്യമായ രേഖകൾ സർവ്വീസ് സെന്ററിൽനിന്നു ഹാജരാക്കണം. മാത്രമല്ല, എൽപിജി ഇന്ധനടാങ്കുകളുടെ കാലാവധി അഞ്ചു വർഷമാണ്. കാലാവധി തീരുമ്പോൾ എക്സ്പ്ലോസീവ് ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് ചെയ്ത് അംഗീകരിക്കണം.

എആർഎഐ, യുആർഡിഇ, സിഐആർടി, ഐഐപി എന്നീ സർക്കാർ അംഗീകൃത സംഘടനകൾ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച വാഹനങ്ങൾ മാത്രമേ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും അംഗീകരിക്കൂ.

അന്യസംസ്ഥാന വാഹനങ്ങൾ റജിസ്റ്റർ ചെയ്യാൻ വേണ്ട രേഖകൾ

∙പാസ്പോർട്ട് സൈസ് ഫോട്ടോ – 3

∙ഫീസ്, ടാക്സ്, സെസ്സ് അടച്ച രേഖ

∙വിലാസം, വയസ്സ്, പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ (സർക്കാർ അംഗീകരിച്ചത്)

∙ആർ സി

∙ഇൻഷുറൻസ് സർട്ടിഫിക്കറ്റ്

∙പുക പരിശോധന സർട്ടിഫിക്കറ്റ്

∙ഫോറം – 27

∙ഫോറം – 33 (വിലാസം മാറ്റം മാത്രം)

∙ഫോറം – 29 (2)

∙ഫോറം – 30 (ഉടമസ്ഥാവകാശം മാറ്റൽ)

∙ഫോറം – 28 (എൻഒസി)

∙100 രൂപ മുദ്ര പത്രത്തിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത ഫോട്ടോ പതിച്ച സത്യവാങ്മൂലം

∙വാഹനം വാങ്ങിയ ഇൻവോയ്സ് കോപ്പി (വില അറിയാൻ വേണ്ടി)

∙ഫൈനാൻസിയറുടെ എൻഒസി (ഫൈനാൻസ് ഉണ്ടെങ്കിൽ മാത്രം)

∙മേൽവിലാസം എഴുതിയ 40 രൂപ സ്റ്റാമ്പ് പതിച്ച വലിയ കവർ (23x15cm/9x6’)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA