sections
MORE

കാർ വാങ്ങുമ്പോൾ വായ്പക്കാര്യം ശ്രദ്ധിക്കണം

car-loan
Car Loan Tips
SHARE

ഇഷ്ടപ്പെട്ട കാർ തീരുമാനിച്ചാൽ പിന്നെ എത്രയുംവേഗം അത് സ്വന്തമാക്കണമെന്ന തത്രപ്പാടാണ് എല്ലാവർക്കും. ബാങ്കിൽനിന്നു വായ്പ എടുക്കാൻ പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങളും കാലതാമസവും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുക സ്വാഭാവികം. കാർ ഡീലർമാരിൽനിന്നു വായ്പ എടുക്കുന്നതിനെക്കാൾ എന്തുകൊണ്ടും സാമ്പത്തികമെച്ചം ബാങ്കുകളിൽനിന്ന് എടുക്കുന്ന വായ്പകളാണ്. ഒരൽപം സാവകാശമെടുത്ത്, വായ്പ ഉൾപ്പെടെ കാർ വാങ്ങുമ്പോൾ എടുക്കുന്ന തീരുമാനങ്ങളിലെ സാമ്പത്തികവശം കൂടി പഠിക്കുന്നതു പിന്നീട് ഗുണം ചെയ്യും.

∙ വായ്പ ഷോറൂമിൽ നിന്ന് 

നിലവിൽ അക്കൗണ്ടും മറ്റ് ബാങ്കിങ് ബന്ധങ്ങളും ഉണ്ടെങ്കിൽ മാത്രമേ വാഹന വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കാൻ സാധിക്കുന്നുള്ളൂ. എന്നാൽ കാർ വാങ്ങാൻ ആർക്കും ഷോറൂമിലേക്കു കയറിച്ചെല്ലാം, വായ്പയും ആവശ്യപ്പെടാം. കാർ തിരഞ്ഞെടുക്കുന്ന വേഗത്തിൽത്തന്നെ വായ്പയും അനുവദിച്ചു കിട്ടും. കാർ കമ്പനികളുടെ അനുബന്ധ വായ്പ സ്ഥാപനങ്ങളോ അവരുമായി ബന്ധമുള്ള ബാങ്ക്ഇതര ധനകാര്യ സ്ഥാപനങ്ങളോ ആണു വായ്പ നൽകുക. നിലവിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെ, വായ്പ അനുവദിക്കുന്നതിന് ബാങ്ക് ആവശ്യപ്പെടുന്ന ഒട്ടുമിക്ക രേഖകളും ഡീലർമാർ നൽകുന്ന വായ്പകൾക്കും സമർപ്പിക്കേണ്ടിവരും. ‘അനായാസം’, ‘ലഘു നിബന്ധന’ എന്നൊക്കെ തോന്നിക്കുന്ന രീതിയിൽ ലഭിക്കുന്ന വായ്പകളിൽ ബാധ്യത കൂടും എന്നു പറയേണ്ടതില്ലല്ലോ.

∙ പലിശ നിരക്ക്

10 % നിരക്കിൽ ബാങ്കുകൾ വാഹനവായ്പകൾ നൽകുമ്പോൾ ഒരുപക്ഷേ, വാഹനക്കമ്പനികൾ 5.64 ശതമാനത്തിനു വാഗ്ദാനം ചെയ്യുന്ന വായ്പ കൂടുതൽ ആകർഷകമായിതോന്നാം. തിരിച്ചടയ്ക്കുന്ന തവണത്തുകകളിൽ, മുതലിലേക്കു വരവുവയ്ക്കുന്ന തുക കുറച്ച്,  ബാക്കി നിൽക്കുന്ന മുതലിനു മാത്രം തുടർന്ന് പലിശ കണക്കാക്കുന്ന ഡിമിനിഷിങ് രീതിയാണു ബാങ്കുകളുടേത്. അനുവദിക്കുന്ന ആകെത്തുകയ്ക്ക്, തിരിച്ചടവു കാലാവധിക്കു മൊത്തത്തിൽ പലിശ കണക്കുകൂട്ടുന്ന ഫ്ലാറ്റ് നിരക്കാണു ഷോറൂം വഴി കിട്ടുന്ന വായ്പകൾക്ക്. 10% ഡിമിനിഷിങ് നിരക്കും 5.64% ഫ്ലാറ്റ്നിരക്കും പലിശച്ചെലവിൽ ഒരേ പോലെയാണ്. അതായത്, നിരക്കുമാത്രമല്ല പലിശ കണക്കാക്കുന്ന രീതി കൂടി കണക്കിലെടുക്കണം.

∙ ഫിക്സഡ് ഇ എം ഐ ആണോ അല്ലയോ എന്നു നോക്കാം

ബാങ്ക് ഏതെന്നു നിങ്ങൾക്കു തീരുമാനിക്കാം. അതിനു മുൻപായി ഇഎംഐയുടെ ഏർപ്പാട് അറിഞ്ഞിരിക്കണം. ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക. ചില ബാങ്കുകളിൽ മറ്റൊരു സൗകര്യമുണ്ട്. ഇഎംഐ ഫിക്സഡ് ആയിരിക്കില്ല. അതായത് ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി കയ്യിലെത്തി എന്നു കരുതുക. ഈ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. ഇനി തൊട്ടടുത്ത മാസം അയ്യായിരമേ അടയ്ക്കാൻ പറ്റിയൂള്ളൂ എങ്കിലും കുഴപ്പമില്ല.

∙ പലിശ-ഫ്ലാറ്റ് പലിശ ഡിമിനിഷിങ് ആണോ?

ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. അതായത് ഒരു ലക്ഷത്തിൽ അമ്പതിനായിരവും അടച്ചു കഴിഞ്ഞെങ്കിലും അടുത്ത മാസവും ഒരു ലക്ഷത്തിന്റെ പലിശയാണ് അടയ്ക്കേണ്ടി വരുക. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ അമ്പതിനായിരത്തിന്റെ പലിശ മാത്രമേ തുടർന്ന് അടയ്ക്കേണ്ടി വരുകയുള്ളൂ. ഡിമിനിഷിങ് പലിശ നിരക്കുള്ള ബാങ്ക് വായ്പ തിരഞ്ഞെടുക്കാം..

∙ വായ്പയുടെ ചെലവുകൾ 

പ്രോസസിങ് ചെലവുകൾ തുടങ്ങി വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫീസുകളും ചാർജുകളും താരതമ്യേന കുറവായിരിക്കും ബാങ്കുകളിൽ. ഉത്സവ കാലഘട്ടങ്ങളിലും മറ്റും വാഹന വായ്പകൾക്കു പ്രോസസിങ് ചാർജ് കിഴിവു നൽകാറുമുണ്ട്. കാറിന്റെ വിലയിൽ സബ്‌വെൻഷൻ എന്ന ഒരു തുക ഡീലർമാർ വായ്പക്കമ്പനിക്ക് നൽകുന്നുണ്ട്. യഥാർഥത്തിൽ ഇടപാടുകാരന്റെ ചെലവിനമായി കണക്കാക്കാവുന്ന സബ്‌വെൻഷൻ തുക ബാങ്ക് ചാർജുകളെക്കാൾ ഉയർന്നിരിക്കും. പരമാവധി ഡിസ്‌ക്കൗണ്ട് വില പേശി ഡീലർമാരിൽ നിന്ന് കാറുകൾ വാങ്ങുന്നതും വായ്പ ബാങ്കിൽനിന്ന് എടുക്കുന്നതുമാണു മെച്ചം.

∙ മുൻകൂർ തിരിച്ചടവ്

മിക്ക ബാങ്കുകളും വാഹനവായ്പ മുൻകൂർ തിരിച്ചടച്ചാൽ പിഴ ഈടാക്കില്ല, പ്രത്യേകിച്ചും കൃത്യമായി തിരിച്ചടവ് നടക്കുന്ന അക്കൗണ്ടുകളിൽ. ഡീലർമാരിൽനിന്നും ധനകാര്യക്കമ്പനികളിൽനിന്നും എടുക്കുന്ന വായ്പകൾ ഇങ്ങനെ നേരത്തേ അടച്ചാൽ മൂന്നു ശതമാനത്തോളം ‘പിഴ’ കൂടി നൽകേണ്ടി വരും. തുല്യമാസത്തവണകളേക്കാൾ കുറച്ച് അധികം തുക അടയ്ക്കാമെന്ന് ഇടയ്ക്കു കരുതിയാലും ‘പിഴ’ നൽകണം.

∙ മാർജിൻ തുക 

ഓരോ മോഡൽ കാറിന്റെയും ഓൺറോഡ് വിലയുടെ ഒരു നിശ്ചിത ശതമാനം ഇടപാടുകാരൻ മാർജിൻ തുകയായി അടയ്ക്കണമെന്നു ബാങ്കുകൾ നിർബന്ധിക്കും. കാറിന്റെ വില, റോഡ്നികുതി, കോംപ്രിഹെൻസീവ് ഇൻഷുറൻസ് എന്നിവയാണ് ഓൺറോഡ് വില നിശ്ചയിക്കാനായി ബാങ്കുകൾ ഉപയോഗിക്കുക. പലപ്പോഴും ഡീലർമാർ ഓൺറോഡ് വില പൂർണമായും വായ്പയായി അനുവദിക്കുന്നു. ഇതോടൊപ്പം ആവശ്യമുള്ളതും ഇല്ലാത്തതുമായ ഫിറ്റിങ്സും അനുബന്ധ ഘടകങ്ങളും ഒക്കെയായി സാമ്പത്തിക ബാധ്യത ഉയരുന്നത്. 100 ശതമാനം വായ്പയായതിനാൽ ശ്രദ്ധയിൽപ്പെടില്ല. ഡീലർമാരിൽനിന്നു ലഭിക്കുന്നതിനെക്കാൾ ആദായ നിരക്കിൽ കാർ ആക്‌സസറീസ് ഷോപ്പുകളിൽനിന്ന് കാർ ഫിറ്റിങ്സ് ലഭിക്കുമോ എന്നും അന്വേഷിക്കണം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA