ADVERTISEMENT

സ്‌കൂൾ ഹെഡ്മാസ്റ്ററായ ഞാൻ കാർ വാങ്ങിയിട്ട് 5 കൊല്ലം കഴിയുന്നു. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയിൽനിന്ന് തേഡ് പാർട്ടി ഇൻഷുറൻസ് ഉൾപ്പെടെ കോംപ്രിഹെൻസീവ് ഇൻഷുറൻസും കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടിവന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബസ് കാറിന്റെ പിന്നിൽ മുട്ടി ബംപർ ഒടിയുകയും ബോഡിയിൽ പെയിന്റ് പോകുകയും ചെയ്തു. വർക്‌ഷോപ്പിൽ കാണിച്ച് ഇൻഷുറൻസ് ക്ലെയിമിനെപ്പറ്റി സംസാരിച്ചപ്പോഴാണ് ഇൻഷ്വർ ചെയ്തിരിക്കുന്നത് കാർ വാങ്ങിയ വിലയിൽനിന്ന് ഏതാണ്ട് പകുതിയോളമാണെന്നും റിപ്പയർ ചെലവ് വരുന്ന തുകയിൽ ആനുപാതികമായി കുറച്ചു മാത്രമേ ക്ലെയിം ലഭിക്കുകയുള്ളൂവെന്നും മനസ്സിലായത്. മാത്രമല്ല, ഇതുവരെ ക്ലെയിം ഒന്നും ഉണ്ടാകാത്തതിനാൽ പ്രീമിയം തുകയിൽ 50 ശതമാനത്തോളം നോ ക്ലെയിം ബോണസായി കുറവുണ്ടെന്നും ക്ലെയിം ചെയ്താൽ ഇൻഷുറൻസ് പുതുക്കുമ്പോൾ ഇത് പൂർണമായും നഷ്ടപ്പെടുമെന്നും പറയുകയുണ്ടായി. ഇവർ പറയുന്നത് ശരിയാണോ? മോട്ടോർ പോളിസിയിൽ സാധാരണക്കാർ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്?

ഐഡിവി (ഇൻഷുവേർഡ് ഡിക്ലയേർഡ് വാല്യൂ)

ഐഡിവി അഥവാ ഇൻഷുവേർഡ് ഡിക്ലയേർഡ് വാല്യൂ എന്ന പേരിലാണ് ഇൻഷുർ ചെയ്യുന്ന വാഹനത്തിന്റെ മൂല്യം രേഖപ്പെടുത്തുന്നത്. കാർ വാങ്ങിയപ്പോൾ ഇൻവേയ്‌സിൽ ഉണ്ടായിരുന്ന വിലയിൽനിന്ന് ഡിപ്രിസിയേഷൻ (മൂല്യശോഷണം) കുറച്ചുള്ള വിലയാണ് രണ്ടാം വർഷം ഇൻഷുറൻസ് പുതുക്കുമ്പോൾ ഐഡിവി ആയിട്ട് രേഖപ്പെടുത്തുക. തൊട്ടടുത്ത വർഷം വീണ്ടും ഡിപ്രിസിയേഷൻ കുറവ് ചെയ്യുന്നു. ഡിപ്രിസിയേഷനോടൊപ്പം വാഹനത്തിനു വിപണിയിൽ ലഭിക്കാവുന്ന വിലയും ഐഡിവി ആയി രേഖപ്പെടുത്താം. വാഹനം പൂർണമായും നശിച്ചുപോകുകയോ തിരിച്ചുകിട്ടാനാവാത്ത രീതിയിൽ മോഷണം പോകുകയോ ചെയ്യുമ്പോൾ വാങ്ങിയ വില എന്തായാലും ഇൻഷുറൻസിൽ രേഖപ്പെടുത്തിയ ഐഡിവി തുക ആയിരിക്കും നഷ്ടപരിഹാരമായി ലഭിക്കുക. മറ്റു ക്ലെയിമുകൾക്ക് ചെലവുതുകയുടെ ആനുപാതിക കുറവുണ്ടാകും. 

നോ ക്ലെയിം ബോണസ്

ഒരു വർഷം ക്ലെയിം ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത വർഷം വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം തുകയിൽ ഒരു നിശ്ചിത ശതമാനം കുറവു നൽകുന്നതിനെയാണ് നോ ക്ലെയിം ബോണസ് എന്നു വിളിക്കുന്നത്. തേഡ് പാർട്ടി പ്രീമിയം ഒഴികെയുള്ള തുകയിലാണ് കുറവു വരുക. ആദ്യ വർഷം ക്‌ളെയിം ഉണ്ടാകാതിരുന്നാൽ രണ്ടാം വർഷം 20%, തൊട്ടടുത്ത വർഷം 25% എന്നിങ്ങനെ ആറാം വർഷം പരമാവധി 50 ശതമാനം വരെ നോ ക്ലെയിം ബോണസ് ലഭിക്കും. ഇതിനിടയിൽ ക്ലെയിം ഉണ്ടാകുകയാണെങ്കിൽ അതുവരെ നേടിയെടുത്ത നോ ക്ലെയിം ബോണസ് പൂർണമായും നഷ്ടപ്പെടും. എന്നാൽ തേഡ് പാർട്ടി ലയബിലിറ്റിയിൽ ഉണ്ടാകുന്ന ക്ലെയിമുകൾ കാരണം നോ ക്ലെയിം ബോണസ് നഷ്ടമാകില്ല.

എക്‌സസ് അഥവാ ഡിഡക്റ്റബിൾ

ഒരു ക്ലെയിം ഉണ്ടാകുമ്പോൾ നിർബന്ധമായും വാഹന ഉടമ തന്നെ ചെലവിന്റെ ഒരു ഭാഗം വഹിക്കേണ്ടതുണ്ട്. ഇത് കിഴിവ് ചെയ്തുള്ള തുക മാത്രമേ നഷ്ടപരിഹാരമായി ലഭിക്കുകയുള്ളൂ. ഇപ്രകാരം വാഹന ഉടമ വഹിക്കേണ്ടുന്ന തുകയാണ് ഡിഡക്റ്റിബിൾ അഥവാ എക്‌സസ് എന്നറിയപ്പെടുന്നത്. നിർബന്ധിത തുകയ്ക്കു മുകളിൽ സ്വയം വഹിക്കാവുന്ന ഉയർന്ന തുകയും വോളന്ററി എക്‌സസ് എന്ന നിലയിൽ കൂട്ടിച്ചേർക്കാം. വോളന്ററി എക്‌സസ് ചേർക്കുമ്പോൾ പ്രീമിയം തുകയിൽ കുറവു ലഭിക്കും. പക്ഷേ കമ്പനി നൽകുന്ന നഷ്ടപരിഹാരത്തുകയിൽ എക്‌സസ് ആദ്യമേ തന്നെ  കിഴിവു ചെയ്യും.

ക്ലെയിം നഷ്ടമുണ്ടാക്കുമോ?

ക്ലെയിം ഉണ്ടാകുമ്പോൾ ചെലവാകുന്ന തുകയിൽ എക്‌സസും ഡിപ്രിസിയേഷനും കിഴിച്ചുകിട്ടുന്ന നഷ്ടപരിഹാരത്തുക തൊട്ടടുത്ത വർഷം പോളിസി പുതുക്കുമ്പോൾ കിട്ടേണ്ടുന്ന നോ ക്ലെയിം ബോണസ് തുകയെക്കാൾ ഉയർന്നിരുന്നാൽ നഷ്ടമില്ല. ഉദാഹരണത്തിന് ചോദ്യത്തിൽ പറയുന്ന ബംപർ ഫൈബർ കൊണ്ടുണ്ടാക്കിയതായതിനാൽ ക്ലെയിം ലഭിക്കണമെന്നില്ല. മാത്രമല്ല ബോഡി വർക്ക് ചെയ്യുന്നതിനു ചെലവാകുന്ന തുകയിൽനിന്ന് എക്‌സസ് തുക കിഴിവ് ചെയ്തു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനും മുകളിൽ ഐഡിവിക്ക് അനുസൃതമായി ഡിപ്രിസിയേഷനും കിഴിവു ചെയ്യും. അപ്രകാരം അർഹമായ നഷ്ടപരിഹാരതുക നോ ക്ലെയിം ബോണസ് തുകയെക്കാൾ കുറവാണെങ്കിൽ റിപ്പയർ സ്വന്തം പണം മുടക്കി ചെയ്യുന്നതായിരിക്കും ലാഭകരം.

ആഡ് ഓൺ പരിഹാരം

അനാകർഷകമായ പരമ്പരാഗത പോളിസി നിബന്ധനകൾ പരിഷ്‌കരിച്ച് വാഹന ഇൻഷുറൻസ് പോളിസികളിൽ അധിക ആഡ് ഓൺ പരിരക്ഷകൾ പല കമ്പനികളും നൽകുന്നുണ്ട്. നോ ക്ലെയിം ബോണസ് ഒരൊറ്റ ക്ലെയിമിലൂടെ ഇല്ലാതാകുന്നത് തടയുന്നതിനുള്ള അധിക പരിരക്ഷ ചില ഇൻഷുറൻസ് കമ്പനികൾ കൂടുതൽ പ്രീമിയം വാങ്ങി ആഡ് ഓൺ സേവനമായി നൽകുന്നുണ്ട്. കാറിന്റെ ഇൻവോയ്‌സ് വില തന്നെ പരിരക്ഷയാക്കുന്ന ആഡ് ഓൺ സേവനവും ഉയർന്ന പ്രീമിയം നൽകിയാൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com