ADVERTISEMENT

വേനൽ അതികഠിനമായിരിക്കുന്നു. ചൂടു കൂടിവരികയാണ്. വാഹനങ്ങളിലെ യാത്രയും അസഹനീയമായിക്കൊണ്ടിരിക്കുന്നു. എസിയുണ്ടെങ്കിലും വലിയ കാര്യമില്ലാത്ത അവസ്ഥയാണ്. വെയിലത്ത് പാർക്ക് ചെയ്ത് കാറിനുള്ളിൽ കയറുന്നത് ആലോചിക്കാൻ തന്നെ വയ്യ. വാഹനത്തിലെ ചൂടു കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ.

വിൻഡോ അൽപം തുറന്നുവെയ്ക്കുക

വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ വിൻഡോ അൽപം താഴ്ത്തി വെയ്ക്കുന്നത് നല്ലതായിരിക്കും. ചൂടു വായു പുറത്തേക്ക് പോകുന്നത് ഇത് സഹായിക്കും. (അൽപ്പം മാത്രമേ തുറക്കാവൂ, അല്ലെങ്കിൽ ചിലപ്പോൾ വാഹന മോഷ്ടാക്കൾക്ക് പണിയാകും).

എസി ശ്രദ്ധിക്കൂ

വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പെർഫോമെൻസിനെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം.  വെയിലത്തു പാർക്ക് ചെയ്ത വാഹനം എടുക്കുമ്പോൾ കയറിയ ഉടനെ തന്നെ എസി ഇടരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാൻ അനുവദിക്കുക. എസി ഒറ്റയടിക്കു മാക്സിമത്തിൽ ഇടരുത്. ക്രമേണ മാത്രം കൂട്ടുക. കൂടാതെ എസി റീസർക്കുലേഷൻ മോഡ് മാറ്റി ഫ്രഷ് എയർ മോഡില്‍ ഇ‌ടുക ഇത് വാഹനത്തിലെ ചൂട് വായു പെെട്ടന്ന് കുറയ്ക്കാൻ സഹായിക്കും.

ചൂടു കുറയ്ക്കാൻ

വെയിലത്ത് കാർ പാർക്ക്  ചെയ്തിരിക്കുമ്പോ‌ൾ ക്യാബിന്‍ ഉൗഷ്മാവ് വളരെ കൂടുതലായിരിക്കും.  ചൂടുവായു എളുപ്പം പുറത്തുകളയുന്നതിനു കാറിന്റെ ഒരുവശത്തെ വിൻഡോ ഗ്ലാസ് താഴ്ത്തിയിടുക. എന്നിട്ട് മറുവശത്തെ ‍ഡോർ അഞ്ചാറു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ചൂടുവായു തുറന്നിട്ട‌ വിൻഡോയിലൂടെ പുറത്തേക്കു പോകുകയും ഫ്രഷ് എയർ അകത്തെത്തുകയും ചെയ്യും .കാറിനുള്ളിലെ ചൂടിനു തെല്ല് ആശ്വാസമാകും.  മേൽപറഞ്ഞതുപോലെ ചെയ്യുമ്പോള്‍ പിൻ വിന്‍ഡോകൾ തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കണം. ഫലം കുറയും.

വിൻഡോ ഷെയ്ഡുകൾ ഉപയോഗിക്കുക

വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ വിൻഡോകളിലും വിൻഷീൽഡിലും ഷെയ്ഡുകൾ വെയ്ക്കുന്നത് നന്നായിരിക്കും. കൂടുതൽ ചൂട് അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ ഷെയ്ഡുകൾ സഹായിക്കും.

സീറ്റുകൾ തുണിയിട്ട് മൂടുക

നേരിട്ട് സൂര്യപ്രകാശം അടിച്ചാൽ ലതർ, റെക്സിൻ സീറ്റുകൾ ചൂടു പിടിക്കും. പിന്നീട് അതിൽ ഇരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും അതുകൊണ്ട് വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ സീറ്റുകൾ കോട്ടൻ തുണികൊണ്ട് മൂടുന്നത് വളരെ നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com