ADVERTISEMENT

നിയന്ത്രണം വിട്ടു റോഡിൽ തലകീഴായി മറിഞ്ഞ കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്ന 10 മാസം പ്രായമുളള കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടത് കഴിഞ്ഞ ദിവസമാണ്. ബേബി സീറ്റ് ഉപയോഗിച്ചതാണ് കുഞ്ഞിനെ പരിക്കിൽ നിന്നു രക്ഷിച്ചത്. കുട്ടികളെ സീറ്റിൽ ഇരുത്താതെ ചൈൽഡ് സീറ്റിൽ ഇരുത്തിയാൽ യാത്ര സുരക്ഷിതമാകും എന്നാണ് ഈ അപകടം സൂചിപ്പിക്കുന്നത്. കുട്ടികളെയും കൊണ്ടു യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നിരവധി നിർദേശങ്ങൾ മോട്ടർ വാഹനനിയമങ്ങളിൽ അനുശാസിക്കുന്നുണ്ട്. മുൻ സീറ്റുകളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നത് അപകട സാധ്യത കൂട്ടുമെങ്കിലും അവരെ കാഴ്ചകൾ കാണിച്ച് മടിയിലിരുത്തി യാത്ര ചെയ്യുന്നവരാണ് അധികവും.

കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

മുൻസീറ്റിൽ ഇരുത്തരുത്: കുട്ടികളെ മുന്നിലിരുത്തരുതെന്ന് പറയുന്നതിന് കാരണം അപകടമുണ്ടാകുമ്പോൾ തുറന്നുവരുന്ന എയർബാഗിന്റെ ആഘാതം കുട്ടികൾക്ക് താങ്ങാനാവില്ലെന്നത് തന്നെയാണ്. മണിക്കൂറിൽ 250 കിലോമീറ്ററിലേറെ വേഗത്തില്‍ മുഖത്തു വന്ന് എയർബാഗ് ഇടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഘാതം താങ്ങാൻ കുട്ടികൾക്ക് കഴിയില്ല.

child-safty-1

മടിയിലിരുത്തി യാത്ര വേണ്ട: കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഹാനികരമാകാം. മടിയിലോ കയ്യിലോ ഇരിക്കുമ്പോൾ ശക്തമായി ബ്രേക്കിടുമ്പോൾ പോലും കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാം.

ചൈൽഡ് സീറ്റിനോട് മുഖംതിരിക്കരുത്: പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നവയാണ്. എന്നാലും പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും. പിൻസീറ്റിൽ ഇസോഫിക്സ് ചൈൽഡ് പിറ്റ് സഹിതമുള്ള വാഹനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

ചൈൽഡ് സീറ്റ് ഡ്രൈവറിന് പിന്നിൽ വേണ്ട:പിൻസീറ്റിൽ ഡ്രൈവർക്കു പുറകിലായി ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുൻ സീറ്റിലുള്ള യാത്രക്കാരന്‍റെ പിൻവശത്തായി വരുന്ന ഇടത് ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്.

ചൈൽഡ് സീറ്റ് പാകമായിരിക്കണം: കുട്ടികൾക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവർക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെൽറ്റുകൾ കൃത്യമായി, മുറുകെ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

മികച്ച രാജ്യാന്തര ബ്രാൻഡുകളുടെ ചൈൽഡ് സീറ്റുകൾക്ക് ഇന്ത്യയിൽ 30,000 രൂപയോളം വില വരും. കാറുകളിലെ ഇസോഫിക്സ് പിറ്റുകൾ കണ്ടെത്താൻ എളുപ്പമാണ്. ഇസോഫിക്സ് സീറ്റുകൾ നിലവിൽ ഇന്ത്യയിൽ നിർബന്ധമല്ല അതിനാൽ തന്നെ ഇവയോടു മുഖം തിരിക്കാനാണ് മിക്കവർക്കും താത്പര്യം. എന്നാൽ വാഹനാപകടങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഇത്തരം കാര്യങ്ങളിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകതയുണ്ട്. മിക്ക ന്യൂജൻ വാഹനങ്ങളും കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com