ADVERTISEMENT

മോട്ടോർ വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസി വാങ്ങി വീട്ടിൽ കൊണ്ടു വച്ചവരുടെ ശ്രദ്ധയ്ക്ക്. വീട്ടിലിരിക്കുന്ന പോളിസി ഒറിജിനലാണോ വ്യാജനാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ നാളെ കാറോ ബൈക്കോ അപകടത്തിൽ പെട്ടാൽ ക്ലെയിം ചെയ്യുന്ന നേരത്തു ചിലപ്പോൾ ധനനഷ്ടവും മാനഹാനിയും ഉണ്ടായേക്കാം. വ്യാജ മോട്ടോർ ഇൻഷുറൻസ് പോളിസികൾക്കെതിരെ വിപണിയിലെ മുൻനിരക്കാരായ പ്രമുഖ കമ്പനികൾ ജാഗ്രതാ മുന്നറിയിപ്പ് ഇറക്കിക്കഴിഞ്ഞു. 

വ്യാജൻ ഉണ്ടാകുന്നത്

ഇൻഷുറൻസ് കമ്പനികളുടെ പേരും ലോഗോയും ഉപയോഗിച്ചു വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചു നൽകിയാണ് തട്ടിപ്പ്. പോളിസിയിലുള്ള നമ്പറും വ്യാജമായിരിക്കും. എന്നാൽ  കയ്യിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജനാണോ ഒറിജിനലാണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയൽ സാധാരണക്കാരനു പ്രയാസമാണ്. ചില സ്ഥലങ്ങളിൽ പ്രമുഖ കമ്പനികളുടെ ഏജന്റുമാർ നേരിട്ടു തന്നെ ഇത്തരം തട്ടിപ്പു നടത്തിയിട്ടുണ്ട്. കണ്ണൂരിൽ ഇത്തരത്തിൽ വ്യാജ പോളിസി വിൽപ്പന നടത്തി പ്രമുഖ കമ്പനിയുടെ ഏജന്റ് പിടിയിലായിരുന്നു. ലക്ഷുറി കാർ ഉടമ ആദ്യ വർഷം പരിചയക്കാരിയായ ഏജന്റിൽ നിന്നാണു പോളിസി വാങ്ങിയത്. രണ്ടാം വർഷം പോളിസി പുതുക്കാനായി കമ്പനി ഓഫിസിൽ എത്തിയപ്പോഴാണ് അത്തരത്തിലൊരു പോളിസി മുൻപ് അനുവദിച്ചിട്ടില്ലെന്ന് അറിയുന്നത്. 

പോളിസി എടുക്കാൻ വരുന്ന ആളുകളുടെ  പശ്ചാത്തലം നോക്കിയാണു വ്യാജ പോളിസികൾ ഏറെയും വിൽപ്പന നടത്തുന്നത്. വാഹനം വല്ലപ്പോഴും ഓടിക്കുന്നവർ, വാഹനം വാങ്ങിയിട്ടു വിദേശത്തേക്കു പോകുന്നവർ, സ്ത്രീകൾ തുടങ്ങിയവരുടെ വാഹനങ്ങൾക്ക് അപകടമുണ്ടാകുന്നതും ഇൻഷുറൻസ് ക്ലെയിം വേണ്ടി വരുന്നതും വളരെ അപൂർവമായിരിക്കും. ഇത്തരക്കാർക്കു  പൊലീസ് പരിശോധന വേളയിൽ കാണിക്കാൻ മാത്രമേ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ആവശ്യം വരാറുള്ളൂ. ഇവർ ഒരു വർഷത്തെ പോളിസി എടുത്തു കയ്യിൽ വയ്ക്കും. കാലാവധിക്കുള്ളിൽ ക്ലെയിം ഒന്നും ഉണ്ടാകാത്തതിനാൽ വ്യാജൻ പിടിക്കപ്പെടുകയുമില്ല.  10 പോളിസി വിൽപ്പന നടത്തിയാൽ പരമാവധി ഒന്നോ രണ്ടോ മാത്രമേ ക്ലെയിം ചെയ്യപ്പെടാറുള്ളൂ എന്ന സാധ്യതയാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. 

ശ്രദ്ധിക്കാൻ 

∙ വ്യാജ പോളിസി എടുത്തു വഞ്ചിക്കപ്പെട്ടവർക്ക് ഒരു തരത്തിലുമള്ള നഷ്ടപരിഹാരവും ലഭിക്കില്ല എന്ന് ആദ്യമേ ഓർക്കുക. അതുകൊണ്ടുതന്നെ വ്യാജനിൽ കുടുങ്ങാതിരിക്കേണ്ടത് പോളിസി ഉടമയുടെ മാത്രം ആവശ്യമാണ്. 

∙ പോളിസി അപേക്ഷാ ഫോമിൽ മൊബൈൽ നമ്പർ നൽകാൻ മറക്കരുത്.  പോളിസി സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ അതിലും മൊബൈൽ നമ്പർ ഉണ്ടെന്ന് ഉറപ്പുവരുത്തുക.   റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇൻഷുറൻസ് കമ്പനികൾ പോളിസി നമ്പറും മറ്റു വിവരങ്ങളും അയച്ചു വിശ്വാസ്യത ഉറപ്പുവരുത്താറുണ്ട്.

∙ പോളിസി സർട്ടിഫിക്കറ്റിൽ ക്യുആർ കോഡ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അംഗീകൃത കമ്പനികൾ ക്യുആർ കോഡ് ഉൾപ്പെടുത്തിയാണ് പോളിസി നൽകുന്നത്. സംശയമുണ്ടെങ്കിൽ ഏറ്റവും അടുത്ത ഓഫിസിലോ വെബ്സൈറ്റിലോ വിവരങ്ങൾ പരിശോധിക്കാം. 

∙ ഏജന്റുമാരെന്നു പരിചയപ്പെടുത്തുന്നവർക്കു കമ്പനിയുടെ ലൈസൻസോ അപ്പോയ്ന്റ്മെന്റ് ലെറ്ററോ ഉണ്ടോ എന്ന് പരിശോധിക്കണം. 

∙വില കുറവാണ് എന്ന തന്ത്രമാണു വ്യാജ പോളിസികളുടെ ഏറ്റവും വലിയ പ്രത്യേകത . അതുകൊണ്ടു വിലക്കുറവിനെക്കാൾ വിശ്വാസ്യതയ്ക്കു പ്രാധാന്യം നൽകാം. 

∙ പ്രീമിയമായി ചെക്ക് ആണു നൽകുന്നതെങ്കിൽ ക്രോസ്ഡ് ചെക്ക് മാത്രം നൽകുക. 

∙പോളിസി അസാധുവാണെന്നു കണ്ടാൽ ഉടൻ കമ്പനിയിൽ പരാതി നൽകുക. 

ഓൺലൈൻ പോളിസിയിൽ ഓർക്കാൻ

ഓൺലൈനിൽ പോളിസി വാങ്ങുമ്പോഴും ജാഗ്രത വേണം.  കേരളത്തിൽ സർവീസ് ഉള്ള കമ്പനിയാണെങ്കിൽ പോലും അതിന്റെ ഓൺലൈൻ മാർക്കറ്റിങ് നിയന്ത്രിക്കുന്നതു ചിലപ്പോൾ ഉത്തരേന്ത്യയിലെ ഏതെങ്കിലും ഓഫിസിലായിരിക്കും. ക്ലെയിം വരുമ്പോൾ പരിശോധനയും മറ്റും നാട്ടിലെ ഓഫിസ് ജീവനക്കാർ ചെയ്തു തരുമെങ്കിലും ക്ലെയിം തുക ലഭിക്കാൻ ഫയൽ പ്രധാന ഓഫിസിലേക്ക് അയയ്ക്കേണ്ടി വരും. ഇതു ക്ലെയിം ലഭിക്കാൻ അനാവശ്യമായ കാലതമാസമുണ്ടാക്കിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com