ഡ്രൈവിങ് തുടങ്ങും മുൻപ് നിങ്ങൾ എടുക്കാറുണ്ടോ ഈ മുൻകരുതലുകൾ

HIGHLIGHTS
  • വാഹനത്തിൽ കയറിയാല്‍ ശ്രദ്ധിക്കേണ്ടത് സീറ്റ് പൊസിഷനാണ്
  • ഉറക്കം വന്നാല്‍ വണ്ടി ഓടിക്കാതിരിക്കുക
car-safty-1
Car Safety
SHARE

വാഹനം ഓടിക്കുന്നയാൾ യാത്രയ്ക്കു മുന്‍പു തന്നെ ശ്രദ്ധിക്കേണ്ടതും മുന്‍കരുതൽ സ്വീകരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. യാത്രയ്ക്ക് വാഹനം തയാറാണോ എന്നു പരിശോധിക്കലാണ് ഇതില്‍ ആദ്യത്തേത്.

എയര്‍ പ്രഷര്‍

വാഹനത്തിന്‍റെ വേഗതയും നിയന്ത്രണവും എല്ലാം ടയറിലെ കാറ്റുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. യാത്ര പുറപ്പെടും മുന്‍പ് ടയറുകളുടെ എയര്‍ പ്രഷര്‍ കൃത്യമാണോ എന്നു പരിശോധിക്കുക. വാഹനത്തില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യാതിരിക്കുക. കാരണം വാഹനത്തിന്‍റെ ടയറിന്‍റെ എയര്‍പ്രഷര്‍ ഉള്‍പ്പടെ പല കാര്യങ്ങളും നിശ്ചയിച്ചിരിക്കുന്നത് ആ വാഹനത്തിനു താങ്ങാന്‍ കഴിയുന്ന ഭാരത്തെ അടിസ്ഥാനമാക്കിയിരിക്കും. അതുകൊണ്ടു തന്നെ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ അത് വാഹനത്തിന്‍റെ ഗതിയെയും നിയന്ത്രണത്തെയും ബാധിക്കാം.

സീറ്റ് പൊസിഷന്‍

വാഹനത്തിൽ കയറിയാല്‍ ശ്രദ്ധിക്കേണ്ടത് സീറ്റ് പൊസിഷനാണ്. നിങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ സീറ്റ് ഒരുക്കുക. കൈ സ്റ്റിയറിങ്ങിന്‍റെ എല്ലാ വശത്തും എത്തുന്ന വിധത്തിലാകണം സീറ്റ്. അതായത് സ്റ്റിയറിങ്ങില്‍ കൈ തൊടുമ്പോള്‍ മുട്ടിന്‍റെ ഭാഗത്ത് അല്‍പം വളവുണ്ടാകണം. വലിച്ചു നീട്ടി സ്റ്റിയറിങ്ങില്‍ കൈ തൊടേണ്ട അവസ്ഥയുണ്ടാക്കരുത് എന്ന് സാരം.

മറ്റൊന്ന്, വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ സീറ്റിങ്ങാണ്. മുന്‍വശത്തിരിക്കുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പിന്‍വശത്തുള്ളവരെയും സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുക. ചെറിയ കുട്ടികള്‍ യാത്രചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നിശ്ചയമായും ചൈല്‍ഡ് സീറ്റ് കരുതുക, സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുക. ചൈല്‍ഡ് ലോക്ക് ഇടാനും മറക്കരുത്.

മറ്റു മുന്‍കരുതലുകള്‍

അല്‍പം കൂടി മുതിര്‍ന്ന കുട്ടികളാണെങ്കില്‍ അവരെ പിന്‍വശത്തെ സീറ്റിലിരുത്തി സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുക. ചൈല്‍ഡ് സീറ്റില്ല എങ്കില്‍ ചെറിയ കുട്ടികളെ കയ്യില്‍ പിടിക്കുക, പിടിക്കുന്ന ആള്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കുക. ഡേ ലൈറ്റ് ലാംപുകൾ വാഹനത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് മറ്റുള്ള വാഹനങ്ങള്‍ക്ക് നാം സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത്തില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും. ഡേ ലൈറ്റ് ലാംപ് ഇല്ലെങ്കില്‍ ലോ ബീം ലൈറ്റ് തെളിച്ചിടാം. ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പടെയുള്ള സിഗ്നലുകള്‍ കൃത്യമായി നല്‍കാനും ശ്രദ്ധിക്കുക. 

ഉറക്കം വന്നാല്‍

ഉറങ്ങി വണ്ടിയോടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. ഉറക്കം വന്നാല്‍ വണ്ടി ഓടിക്കാതിരിക്കുക. നിങ്ങള്‍ രാത്രി വണ്ടിയോടിക്കാന്‍ മടിയുള്ള ആളാണെങ്കില്‍ അക്കാര്യം അംഗീകരിക്കുക. പരമാവധി രാത്രിയാത്ര ഒഴിവാക്കുക. ഉറക്കം വന്നാല്‍ മറ്റൊരാള്‍ക്ക് വണ്ടി കൈമാറുക. അല്ലെങ്കില്‍ വഴിയരികില്‍ പത്തോ പതിനഞ്ചോ മിനിറ്റ് ഒരു പവര്‍നാപ് അഥവാ ചെറിയൊരു ഉറക്കം ആകാം. പക്ഷേ ഇങ്ങനെ നിര്‍ത്തി ഇടുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് ഓണാക്കാന്‍ മറക്കേണ്ട.

ബിഎസ് മോട്ടറിങ്ങിന്റെ മുൻ എഡിറ്ററും മഹീന്ദ്ര അഡ്വഞ്ചർ ഇനിഷിയേറ്റിവ് തലവനുമാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA