‌മക്കള്‍ക്ക് ആദ്യമായി വാഹനം വാങ്ങി നല്‍കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

1097842194
Representative Image
SHARE

കുട്ടികള്‍ക്ക് 18 വയസ്സായാല്‍ വാഹനം വാങ്ങി നല്‍കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുണ്ട്. അതില്‍ തെറ്റില്ല, പക്ഷേ അതിനു മുന്‍പ് അവര്‍ ആ വാഹനം നിയന്ത്രിക്കാന്‍ പ്രാപ്തരാണന്ന് ഉറപ്പു വരുത്തുക. 18 വയസ്സായ ശേഷം മാത്രം അവര്‍ക്കു വാഹനം കയ്യില്‍ കൊടുക്കുക. 18 വയസ്സിനു മുന്‍പു തന്നെ കുട്ടികള്‍ വാഹനം ഓടിക്കുന്നത് കണ്ട് സന്തോഷിക്കുന്നവരുണ്ട്. എന്നാല്‍ വാഹനം നിയന്ത്രിക്കാനുള്ള ശേഷി മാത്രം പോര വാഹനം ഓടിക്കാന്‍ എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രായത്തിന്‍റെ പക്വതയും യുക്തിയും കൂടി വാഹനം ഓടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കാര്യങ്ങളാണ്. 

പ്രായപൂര്‍ത്തിയായ മക്കളെ മികച്ച ഡ്രൈവിങ് സ്കൂളില്‍ ചേര്‍ക്കുക. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റ് നടത്തുന്ന പരീക്ഷയിലും പങ്കെടുപ്പിക്കുക. ഇങ്ങനെ എല്ലാ പരിശീലനവും പൂര്‍ത്തിയാക്കി കൃത്യമായ നടപടികളിലൂടെ ലൈസന്‍സ് നേടിക്കൊടുക്കുക. തുടര്‍ന്ന് കുട്ടി വാഹനം ഓടിക്കാനുള്ള പരിശീലനം നേടിയെന്നു നേരിട്ട് ഉറപ്പ് വരുത്തുക. തിരക്കില്ലാത്ത റോഡിലോ ഗ്രൗണ്ടിലോ വാഹനം എത്തിച്ച് അവര്‍ക്ക് വാഹനവുമായി നന്നായി പരിചയിക്കാൻ അ‌വസരം നൽകുക.

കുട്ടികള്‍ക്ക് വാഹനം വാങ്ങി നല്‍കുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണ്. കുറഞ്ഞ വിലയ്ക്ക് ഒരു പുതിയ കാര്‍ വാങ്ങി നല്‍കുന്നതിലും നല്ലത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള ഒരു യൂസ്ഡ് കാര്‍ വാങ്ങി നല്‍കുന്നതായിരിക്കും. കാരണം, വാഹനം ഓടിച്ച് തുടങ്ങുമ്പോള്‍ ഒരാള്‍ക്ക് അതില്‍ തന്‍റെ എല്ലാ കഴിവും പ്രദര്‍ശിപ്പിക്കണം എന്നു തോന്നുക സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടത്തിനുള്ള സാഹചര്യമുണ്ടാകാം. അതുകൊണ്ടു തന്നെ സുരക്ഷയ്ക്കു പ്രാധാന്യമുള്ള ഒരു വാഹനമാകും കുട്ടിയ്ക്ക് ആദ്യമായി വാങ്ങി നല്‍കാന്‍ അനുയോജ്യം.

ചെറു റോഡുകളിലും തിരക്കില്ലാത്ത റോഡുകളിലും വാഹനം ഓടിച്ച് ആവശ്യത്തിനു പരിചയമായ ശേഷം മാത്രം കുട്ടികളെ ഹൈവേകളിലും തിരക്കുള്ള സ്ഥലങ്ങളിലും വാഹനവുമായി പോകാന്‍ അനുവദിക്കുക. കാരണം സുരക്ഷിതമായ ഡ്രൈവിങ്ങി വാഹനവുമായുള്ള പരിചയം അനിവാര്യമാണ്. വാഹനവുമായുള്ള പരിചയം ആ വാഹനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും എങ്ങനെ നിയന്ത്രിക്കാനാകും എന്നുമുള്ള ധാരണ കൃത്യമായി നമ്മളിലുണ്ടാക്കും. സുരക്ഷിത ഡ്രൈവിങ്ങിന് ഈ ധാരണയും ഏറെ നിര്‍ണ്ണായകമാണ്. 

ബിഎസ് മോട്ടറിങ്ങിന്റെ മുൻ എഡിറ്ററും മഹീന്ദ്ര അഡ്വഞ്ചർ ഇനിഷിയേറ്റിവ് തലവനുമാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA