ADVERTISEMENT

വര്‍ഷങ്ങളായി വാഹനം ഓടിക്കുന്നവര്‍ ധരിക്കുന്നുണ്ടാകും തനിക്കെല്ലാം അറിയാമെന്നും ഡ്രൈവിങ്ങില്‍ ഇനിയൊന്നും പഠിക്കാനില്ലെന്നും. ഈ ധാരണ തെറ്റാണ്. വാഹനങ്ങളുടെ ജനറേഷനും സാങ്കേതികതയും മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ പുതിയ കാറും നിങ്ങള്‍ക്ക് പുതുതായി പഠിക്കേണ്ട എന്തെങ്കിലും ഒരു പുതിയ കാര്യവുമായാകും പുറത്തിറങ്ങുക. നമ്മുടെ റോഡുകളും മാറുകയാണ്. പുതിയ വേഗ നിയന്ത്രണ രീതികളുമായും മറ്റും വാഹനങ്ങളോടിക്കുന്നവര്‍ പൊരുത്തപ്പെടേണ്ടതുണ്ട്.

ബ്രേക്ക്

ബ്രേക്കുകളില്‍നിന്നു തുടങ്ങാം. ഉചിതമായ സമയത്തെ ബ്രേക്കിടല്‍ നിങ്ങളെ ഒട്ടേറെ അപകടങ്ങളില്‍നിന്നു രക്ഷിച്ചേക്കാം. അതേസമയം ബ്രേക്കിടല്‍ അസമയത്തായാല്‍ അപകടത്തിലേക്കും തള്ളിവിടാം. ഡിസ്ക് ബ്രേക്കുകളും എബിഎസുമെല്ലാമുള്ള പുതിയ കാറുകളില്‍ ബ്രേക്കിങ് സിസ്റ്റം ഏറെ പുരോഗമിച്ചിട്ടുണ്ട്. മുന്‍പുള്ള കാറുകളില്‍ ബ്രേക്ക് ചെയ്യുന്നത് ഏറെ ശ്രദ്ധിച്ചു വേണമായിരുന്നു. ഒരുപക്ഷേ ബ്രേക്ക് ലോക്കാവുന്നത് തടയാന്‍ പല തവണ ശ്രദ്ധിച്ച് ബ്രേക്കിടുകയും ചെയ്യേണ്ടി വരുമായിരുന്നു. എന്നാല്‍ എബിഎസ്, ഡിസ്ക് ബ്രേക്ക് സംവിധാനങ്ങള്‍ അതില്‍നിന്ന് നമ്മെ മോചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ ബ്രേക്കുകള്‍ നന്നായി ഉപയോഗിക്കുന്നതിന് അല്‍പം പഠനവും പരിശ്രമവും നല്ലതാണ്.

ഇതിനായി, ഗതാഗതമില്ലാത്ത റോഡോ ഒഴിഞ്ഞ പാര്‍ക്കിങ് ഏരിയയോ തിരഞ്ഞെടുക്കാം. ഒരു സ്ഥലത്ത് അടയാളം വച്ച ശേഷം വാഹനം ഓടിച്ചെത്തി അടയാളത്തിനു മുൻപ് നിര്‍ത്താന്‍ ശ്രമിക്കാം. ഇത് 60 കിലോമീറ്റർ മുതല്‍ 10 കിലോമീറ്റർ വരെ പല വേഗത്തില്‍ ചെയ്തു നോക്കാം. പുതുതായി ഒരു വാഹനം ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തിരക്കേറിയ റോഡിലേക്ക് ഇറക്കുന്നതിനു മുമ്പ് ഈ പരിശീലനം ഏറെ സഹായകമാകും.

സ്പീഡ്

ഇന്ത്യന്‍ റോഡുകളില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 80 ല്‍ നിന്നു 100 ലേക്കുള്ള 20 കിലോമീറ്ററിന്‍റെ വ്യത്യാസം പലപ്പോഴും അപകടത്തിലേക്കു നയിക്കാറുണ്ട്. 80 കിലോമീറ്ററില്‍ ലഭിക്കുന്ന നിയന്ത്രണവും പ്രതികരിക്കാനുള്ള സമയവും 100 കിലോമീറ്ററില്‍ ലഭിക്കില്ല എന്നതാണ് കാരണം. കാലാവസ്ഥ കൂടി പ്രതികൂലമാണെങ്കില്‍ സുരക്ഷിത വേഗം ഇതിലും കുറയും. വിദേശ റോഡുകളില്‍ ഇത് യഥാക്രമം മണിക്കൂറില്‍ 100 കിലോമീറ്ററും 120 കിലോമീറ്ററും ആണ്.  അഥവാ ടയര്‍ പൊട്ടിയാലും സുരക്ഷിതമായ വേഗമാണ് 80 കിലോമീറ്റര്‍.

ഹെയര്‍പിന്‍ വളവുകള്‍

ഹെയര്‍ പിന്നുകളിലൂടെയുള്ള ഡ്രൈവിങ്ങാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മല കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഏതു നിമിഷവും എതിരെ ഒരു വാഹനമെത്താം എന്ന ബോധ്യം വേണം. ഹെയര്‍ പിന്നിലും മറ്റും റോഡിനു നടുവിലൂടെ വളവ് തിരിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ ഇത് അപകടകരമാണ്. ഓരോ വളവിലും ഹോണ്‍ അടിക്കുക എന്ന ഡ്രൈവിങ് ക്ലാസിലെ പാഠവും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കുക. മലകയറുമ്പോള്‍ റോഡിന്‍റെ ശരിയായ വശത്തു തന്നെ വാഹനം നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഓവര്‍ടേക്കിങ്

ദേശീയ പാതയെന്നും സംസ്ഥാന പാതയെന്നും പേരിട്ടു വിളിച്ചാലും ഇടുങ്ങിയ, വീതി കുറഞ്ഞ റോഡുകളിലാണ് നാം പലപ്പോഴും യാത്ര ചെയ്യുന്നത്. വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ എതിരേ വണ്ടി വരാത്ത അവസ്ഥയും കുറവായിരിക്കും. അതുകൊണ്ടുതന്നെ പലപ്പോഴും ഓവര്‍ടേക്കിങ് നടക്കുക എതിരേ വണ്ടി വരുന്ന സമയത്തു തന്നെയാകും. എതിരേ വരുന്നവരുടെ റോഡിന്‍റെ വശത്തേക്ക് അതിക്രമിച്ച് കയറിയുള്ള ഈ ഓവര്‍ടേക്കിങ് അപകടം വരുത്താറുണ്ട്. ക്ഷമയാണ് ഡ്രൈവിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്ന്. എതിരേ വണ്ടി വരാത്തപ്പോള്‍ മാത്രം ഹോണ്‍ മുഴക്കി മുന്നില്‍ പോകുന്ന വാഹനത്തിന്റെ അനുമതി വാങ്ങിയോ (വലിയ വണ്ടി ആണെങ്കില്‍) ഓവര്‍ ടേക്ക് ചെയ്യുന്നു എന്ന കാര്യം അവരെ അറിയിച്ചോ വേണം അതിനെ മറികടക്കാന്‍. നിങ്ങളെ മറികടക്കാന്‍ പുറകിലുള്ള വാഹനം ശ്രമിക്കുകയാണെങ്കില്‍ അവിടെ മത്സരബുദ്ധിയുടെ ആവശ്യമില്ല. നിങ്ങളേക്കാള്‍ വേഗത്തില്‍ അവര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയുമെന്ന് തെളിയിക്കലല്ല അവരുടെ ലക്ഷ്യം, മറിച്ച് അവര്‍ക്ക് നിങ്ങളേക്കാള്‍ വേഗത്തില്‍ പോകണം എന്നുള്ളതാണ്.

ബിഎസ് മോട്ടറിങ്ങിന്റെ മുൻ എഡിറ്ററും മഹീന്ദ്ര അഡ്വഞ്ചർ ഇനിഷിയേറ്റിവ് തലവനുമാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com