ADVERTISEMENT

പുതിയ വാഹനങ്ങളിലെല്ലാം എബിഎസും ഇബിഡിയും തുടങ്ങി സുരക്ഷാ സംവിധാനങ്ങളെല്ലാം കാണും. യാത്ര സുരക്ഷിതമാക്കുന്നതിനും കാര്യക്ഷമമായ ബ്രേക്കിങ്ങിനുമാണ് ഈ സംവിധാനങ്ങൾ. ജീവസുരക്ഷയ്ക്ക് വേണ്ടിയാണ് ഈ സുരക്ഷാസംവിധാനങ്ങൾ. എന്താണ് എബിഎസും ഇബിഡിയും ഇഎസ്പിയും? അവയുടെ പ്രവർത്തനങ്ങൾ എങ്ങനെ? കൂടുതൽ അറിയാം.

എബിഎസ് (ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം)

Understanding Anti-lock Braking System (ABS) !

നല്ല വേഗത്തിൽ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ എല്ലാം വീലുകളും ഒന്നിച്ചല്ല സ്ലോ ആകുന്നത്. ചില വീലുകളിൽ ട്രാക്‌ഷൻ ഫോഴ്സിനെക്കാളും കൂടുതൽ ബ്രേക്കിങ് ഫോഴ്സ് വരും. അപ്പോൾ ആ വീൽ ലോക്കായി കറങ്ങാതാവുകയും സ്റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറുകയും ചെയ്യും. ഈ സമയം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാം. ഇവിടെയാണ് എബിഎസിന്റെ പ്രസക്തി. ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിച്ച വാഹനത്തിൽ ഇത്തരം സന്ദർഭങ്ങളിൽ വീൽ ലോക്കാവില്ല. നിയന്ത്രണം നഷ്ടപ്പെടുകയുമില്ല.

വീലിനെ ലോക്കാക്കാതെ എല്ലാ വീലുകളും ഒരുപോലെ സ്ലോ ആക്കുന്ന സംവിധാനമാണ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം. വീലുകളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് സെൻസറുകൾ ഓരോ വീലിന്റെയും സ്പീഡ് കണക്കാക്കും. അതനുസരിച്ച് ആന്റിലോക്ക് ബ്രേക്കിന്റെ കൺട്രോൾ യൂണിറ്റ് ഉടൻ തന്നെ ആ വീലിലേക്കുള്ള ബ്രേക്ക് പ്രഷർ കുറച്ച് എല്ലാ വീലുകളുടേയും കറക്കം തുല്യമാക്കുന്നു. അതിനാൽ വീൽ ലോക്കാക്കുകയോ വാഹനം തെന്നി മാറുകയോ ചെയ്യില്ല. വീൽ ലോക്കാക്കാൻ തുടങ്ങുമ്പോഴേ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ. എബിസ് പ്രവർത്തിച്ചു തുടങ്ങുമ്പോൾ ബ്രേക്ക് പെഡലിൽ ചെറിയ വിറയൽ അനുഭവപ്പെടും.

ഇബിഡി (ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷൻ)

ABS, EBD, BA (Automatic Braking System, Electronic Brake Distribution, Brake Assist)

എബിഎസുമായി ചേർന്ന് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇബിഡി. എബിഎസുള്ള ഒട്ടുമിക്ക വാഹനങ്ങളിലും ഇബിഡി ഉണ്ടാകും. ബ്രേക്ക് അമർത്തുമ്പോൾ എല്ലാ ടയറുകളിലേയ്ക്കും ഒരുപോലെയാണ് ബ്രേക്ക് ഫോഴ്സ് എത്തുന്നത്. എന്നാൽ വാഹനത്തിന്റെ അപ്പോഴത്തെ കണ്ടിഷൻ അനുസരിച്ച് എല്ലാ ടയറുകളിലും ഒരേ ഫോഴ്സ് ആവശ്യമായി വരില്ല. ഇബിഡി അതു മനസിലാക്കി ബ്രേക്കിന്റെ ഡിസ്ട്രിബ്യൂഷൻ കൂടുതൽ കാര്യക്ഷമമാക്കുന്നു.

ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം)

Electronic Stability Control Technology(ESP, DSC, ESC, A-TRC)

എബിഎസിനൊപ്പം നൽകുന്ന മറ്റൊരു സുരക്ഷാ സംവിധാനമാണ് ഇഎസ്പി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ ഇടയാക്കുന്ന അണ്ടർ സ്റ്റിയറിങ്, ഓവർ സ്റ്റിയറിങ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്സിലറേഷൻ സമയത്ത് വീൽ സ്പിൻ ആകുന്നത് തടയാനും ഇഎസ്പിക്കു കഴിയും. ഓരോ വീലിലും പ്രത്യേകമായാണ് ഇതു ഘടിപ്പിക്കുന്നത്.

സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി വീലുകൾ തിരിയാതെ വരുമ്പോഴും വാഹനത്തിന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാൻ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇഎസ്പി പ്രവർത്തിക്കുക. ഈ സമയം ഓട്ടമാറ്റിക് ആയി എൻജിൻ ടോർക്ക് കുറച്ചോ ആവശ്യമെങ്കിൽ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്സ് നൽകിയോ ആണ് ഇഎസ്പി വാഹനത്തെ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നും (വിഎസ്‌സി) ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നും പേരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com