ADVERTISEMENT

പൊന്നുപോലെ നോക്കുന്ന കാറിന്റെ പെയിന്റ് എങ്ങാനും പോറിയാൽ ചങ്ക് പറിയും. എന്നാൽ അല്ലറ ചില്ലറ പോറലില്ലാതെ റോഡിലൂടെ കാർ കൊണ്ടുനടക്കുക അസാധ്യം. എന്നാൽ നമ്മുടെതന്നെ ശ്രദ്ധക്കുറവുകൊണ്ട് ഉണ്ടാകുന്ന പെയിന്റ് തകരാറുകൾ ഒന്നു മനസ്സുവച്ചാൽ ഒഴിവാക്കാവുന്നതേയുള്ളു. കാറുകളെല്ലാം ഇന്നു മെറ്റാലിക് പെയിന്റിന്റെ പൊലിമയിലാണ് എത്തുന്നതെന്നതിനാൽ ചെറിയൊരു ഭാഗം പെയിന്റടിക്കുന്നതിനു പോലും നല്ല കാശിറക്കേണ്ടി വരും. 

സൂക്ഷിക്കണം കാർകവർ: പോർച്ചിൽ കയറ്റിയിടുന്ന കാർ, കവർ കൊണ്ടു മൂടിയില്ലെങ്കിൽ ചിലർക്ക് ഒരു സ്വസ്ഥതയുമില്ല. എന്നാൽ കവറിന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന പൊടി കാറിന്റെ പെയിന്റിൽ പോറലേൽപിക്കും. കവർ ഇടുമ്പോഴും വലിച്ച് ഊരുമ്പോഴുമാണ് ഇതിനു സാധ്യത. അതിനാൽ കാർ കവർ‌ വൃത്തിയാക്കി സൂക്ഷിക്കുക.

കിളികളുടെ കാഷ്ഠം: മരത്തിന് അടിയിലും മറ്റും കാർ പാർക്ക് ചെയ്യുമ്പോൾ കിളികൾ കാഷ്ഠിച്ചാ‌ൽ എത്രയും വേഗം വാഹനത്തിൽനിന്ന് അതു കഴുകിക്കളയണം. വിസർജ്യത്തിലെ ആസി‍ഡ് ഘടകങ്ങൾ കാർ പെയിന്റ് മങ്ങുന്നതിന് ഇടയാക്കും. ഇലകൾ ദിവസങ്ങളോളം കാറിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതും നല്ലതല്ല. പല ഇലകളുടെയും അമ്ലസ്വഭാവം പെയിന്റിനു ദോഷകരമാണ്. 

ഹൈപ്രെഷർ പമ്പ്: വെള്ളം ചീറ്റിക്കുന്ന പമ്പ് വച്ച് കാർ കഴുകുന്നത് കാർ പെയിന്റിനെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. നിങ്ങളുടെ കൈകൊണ്ട് നനഞ്ഞ തുണി ഉപയോഗിച്ച് കഴുകുന്നതാണ് കാർ പെയിന്റിന്റെ ആരോഗ്യത്തിന് നല്ലത്. ചീറ്റിക്കുന്ന വെള്ളത്തിന്റെ ശക്തി കൂടിയാൽ അതു പെയിന്റിന് മങ്ങലേൽപിക്കും എന്നതു തന്നെ കാര്യം. കാർ കഴുകുമ്പോൾ തുണിയിലോ ബ്രഷിലോ പൊടി പറ്റിപിടിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ പോറൽ വീഴും. 

കാർ പെയിന്റിന്റെ സുരക്ഷയ്ക്കായി ഇടയ്ക്ക് വാക്സ്, പോളിഷിങ്ങ് എന്നിവയും പരീക്ഷിക്കാം. വാക്സ് പെയിന്റിന് മുകളിൽ സുരക്ഷിത കവചമായി പ്രവർത്തിക്കും. പോളിഷിങ് പെയിന്റിന്റെ ഉപരിതലത്തിലുള്ള അഴുക്കിനെ ദോഷകരമല്ലാത്ത തരത്തിൽ നീക്കം ചെയ്യും. കാറിന് തിളക്കവും കൂടും. കാറിന്റെ പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന ടാർ അടക്കമുള്ള അഴുക്കുകൾ നീക്കം ചെയ്യാൻ തുടർച്ചയായി ഡീസൽ ഉപയോഗിച്ച് കാർ കഴുകുന്നതും പെയിന്റിന്റെ നിറം മങ്ങാൻ കാരണമായേക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com