ADVERTISEMENT

കനത്ത മഴയുമായി മൽപിടിത്തം സാധ്യമാക്കുവാൻ ടൂവീലർ ഉടമസ്ഥർ നിർബന്ധമായും തങ്ങളുടെ വാഹനത്തെ ഒരുക്കേണ്ടതുണ്ട്. മികച്ച കണ്ടിഷനുള്ള വാഹനങ്ങൾ ഒരു പരിധി വരെ അപകടം കുറയ്ക്കും എന്നതു കൊണ്ടുതന്നെ ഈ പ്രിവന്റീവ് മെയിന്റനൻസ് അത്യന്താപേക്ഷിതമാണ്.

1. വാഹനത്തിന്റെ ടയറുകൾ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളിൽ ബ്രേക്ക് ചെയ്താൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കണമെങ്കിൽ, അല്ലെങ്കിൽ തെന്നിപ്പോവാതിരിക്കാൻ മികച്ച ടയറുകൾ കൂടിയേ തീരൂ. ട്രെഡ് തേഞ്ഞുപോയ പഴയ ടയറുകൾ മഴക്കാലത്ത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. 

2. വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടാവുന്നതാണ്.

3. ഹെഡ്‌ലൈറ്റ് പരിശോധിക്കുക. ഹെഡ്‌ലൈറ്റ് അലൈൻമെന്റ് ഉറപ്പുവരുത്തുക. ‘ചന്ദ്രനിലേക്ക്’ ഫോക്കസ് ചെയ്യുന്ന പല ഹെഡ്‌ലൈറ്റുകളും അപകടമുണ്ടാക്കും.

4. ഇൻഡിക്കേറ്ററുകളുടെ പ്രവർത്തനവും ബ്രേക്ക്‌ലൈറ്റുകളുടെ പ്രവർത്തനവും ഉറപ്പുവരുത്തുക. 

5. കനത്ത മഴയിൽ മറ്റു വാഹനങ്ങൾക്ക് നമ്മളെ ശ്രദ്ധിക്കുവാനായി ടൂവീലറിന്റെ പുറകുവശത്ത് സ്റ്റൈലൻ വാചകങ്ങൾ ഒഴിവാക്കി, ലൈറ്റിൽ പ്രതിഫലിക്കുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാവുന്നതാണ്. ഹെൽമറ്റിന്റെ പിറകിലും ഇത് ഒട്ടിക്കാം.

മഴക്കാലത്ത് അപകടം ഒഴിവാക്കാൻ ചില പുതിയ ഡ്രൈവിങ് ശീലങ്ങൾ

1. ഹെൽമറ്റ് വേട്ടയിൽനിന്നു രക്ഷപ്പെടാൻ മാത്രം ഉപയോഗിക്കുന്ന പകുതി ഹെൽമറ്റ് (ചട്ടിത്തൊപ്പി), സ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റ്, അസ്ഥികൂടമായ പഴയ ഹെൽമറ്റുകൾ, ഇരുണ്ട ഗ്ലാസോടുകൂടിയ ഹെൽമറ്റുകൾ എന്നിവ മഴക്കാലത്തു നിർബന്ധമായും ഒഴിവാക്കണം. പകരം കൂടുതൽ വ്യക്തമായ കാഴ്ച പ്രദാനം ചെയ്യുന്ന, വൃത്തിയായ പ്ലെയിൻ ഗ്ലാസോടുകൂടിയ ഗുണനിലവാരമുള്ള ഹെൽമറ്റുകൾ സ്ട്രാപ് ചെയ്ത് ഉപയോഗിക്കാം. കണ്ണിനു മുകളിൽ ഒരു കൈ പിടിച്ച് മഴയിൽനിന്നു രക്ഷ നേടുന്നവരും കാഴ്ച കുറയുന്നതുകൊണ്ട് ഇരുണ്ട ഗ്ലാസ് പൊക്കി വയ്ക്കുന്നവരും മറ്റും അപകടം ക്ഷണിച്ചു വരുത്തുന്നു.

2. മഴയിൽ പൊലീസ് ചെക്കിങിനു സാധ്യതയില്ല എന്ന മുൻവിധിയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തീർച്ചയായും അപകടത്തിന് കാരണമാകുന്നു.

3. മഴ തുടങ്ങുന്നതിന് അൽപം മുൻപ് ലക്ഷ്യസ്ഥാനത്തെത്താൻ കുതിച്ചു പായുന്ന ടൂവീലറുകളെ നിരത്തിൽ ധാരാളമായി കാണാവുന്നതാണ്. ട്രാഫിക് സിഗ്നലുകൾക്കും സ്പീഡ് പരിധിക്കും മറ്റും അവിടെ പ്രസക്തിയുമില്ല. റെയിൻകോട്ടും ഹെൽമറ്റും ആദ്യമേ ധരിച്ച്  ഇത്തരം ധൃതിയിൽ നിന്നു സ്വയം ഒഴിവാകാം.

4. വാഹനം റോഡുകളിൽ ലെയ്ൻ മാറ്റുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നത്. വലിയ വാഹനങ്ങൾക്കും കാറുകൾക്കും മറ്റും മിററുകളിലൂടെയുള്ള കാഴ്ച മഴക്കാലത്ത് പലപ്പോഴും ഭാഗികമായി മാത്രമേ ലഭിക്കൂ. അതുകൊണ്ടു തന്നെ ട്രാഫിക് ബ്ലോക്കുകളിലും ട്രാഫിക് ജംക്‌ഷനുകളിലും മറ്റും സർക്കസ് അഭ്യാസികളെപ്പോലെ ലൈൻ ട്രാഫിക് തെറ്റിച്ച് മുന്നേറുന്ന  ബൈക്കുകളിൽ വാഹനങ്ങൾ ഇടിക്കുന്നു. അതിനാൽ ഇരുചക്ര വാഹനങ്ങൾ ശ്രദ്ധയോടെ മാത്രം ലെയ്ൻ ട്രാഫിക്കിൽ ഓടിക്കുക.

5. ഗട്ടറുകളിലും മറ്റും വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് ടൂ വീലർ ഡ്രൈവർമാർ രണ്ടു കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ചു മാത്രം വാഹനം ഓടിക്കുക. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. അത്തരം സാഹചര്യങ്ങളിൽ സ്പീഡ് കുറയ്ക്കുവാൻ സാധിച്ചാലും ഇല്ലെങ്കിലും വെട്ടിച്ചു മാറ്റാതെ അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ് നല്ലത്.

6. വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് കുട നിവർത്തി യാത്ര ചെയ്യുന്നത് അപകടത്തിന് കാരണമാകുന്നു. കാറ്റുകൊണ്ട് കുട വശങ്ങളിലേക്ക് ചാഞ്ഞുപോയും മുന്നോട്ടു നീങ്ങിപ്പോയും മറ്റും ഡ്രൈവറുടെ ശ്രദ്ധ  തെറ്റിപ്പോകുന്നു. ചിലർ കുട ഒരു കയ്യിലും ആക്സിലേറ്റർ മറുകയ്യിലുമായി വാഹനം ഓടിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇവിടെയെല്ലാം.

ഡോ.ബി.മനോജ് കുമാർ ,ഹെഡ്–ഓട്ടമൊബീൽ എസ്‌സിഎംഎസ്, കൊച്ചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com