ADVERTISEMENT

മഴക്കാലമെത്തിയതോടെ റോഡുകളിൽ അപകടക്കെണികളും രൂപപ്പെട്ടു. വാഹനം ശ്രദ്ധിച്ച് ഓടിക്കുന്നവർക്കു പോലും അബദ്ധങ്ങൾ പറ്റാനുള്ള സാധ്യതയേറെയാണ്. അമിത വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങളുടെ കാര്യം പറയേണ്ട കാര്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലം വരുത്തിവയ്ക്കുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാവുന്നതാണ്.

വാഹനമോടിക്കുന്നവരോട്

1. മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.

2. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.

3. സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നു എന്ന് വരില്ല.

4. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.

5. വാഹനത്തിന്റെ വൈപ്പർ ബ്ലേഡുകൾ വെള്ളം വൃത്തിയായി തുടച്ചു നീക്കുന്നു എന്ന് ഉറപ്പു വരുത്തുക. വെയിലേറ്റ് അവ ഹാർഡ് ആയി മാറിയിട്ടുണ്ടെങ്കിൽ അവ മാറ്റി പുതിയത് ഘടിപ്പിക്കുക.

6. പഴയ മങ്ങിയ റിഫ്ലക്ടറുകൾ മാറ്റി പുതിയവ ഒട്ടിക്കുക

7. ഹോൺ ശരിയായി പ്രവർത്തിക്കുന്നവയായിരിക്കണം

8. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം ‘ഒരു വലിയ കുഴിയായിരിക്കും’ എന്ന ധാരണയിൽ വാഹനം ഓടിക്കുക.

9. പല റോഡുകളുടെ വശങ്ങളിലും മഴക്കാലത്തിന് മുൻപ് കേബിൾ കുഴികൾ എടുത്ത് മൂടിയും / മൂടാതെയും കിടക്കുന്നത് കാണാം. ആയതിനാൽ വശം ചേർന്ന് പോകുന്നത് ശ്രദ്ധയോടെ വേണം.

10. കുട ചൂടിക്കൊണ്ട് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യരുത്.

11. റൂഫുകൾക്കും ഷട്ടറുകളുകൾക്കും ചോർച്ച ഇല്ല എന്ന് ഉറപ്പ് വരുത്തണം.

12. ഹസാർഡസ് ലൈറ്റ് പ്രകാശിപ്പിച്ച് മഴക്കാലത്തും വാഹനമോടിക്കരുത്. അത് അപ്രതീക്ഷമായി റോഡിൽ നിർത്തേണ്ടി വരുമ്പോഴോ വാഹനം ബ്രേക്ക് ഡൗൺ ആകുമ്പോഴോ മാത്രം ഉപയോഗിക്കേണ്ടതാണ്. വെളിച്ചം കുറവാണെങ്കിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കുക.

13. വിൻഡ്ഷീൽഡ് ഗ്ലാസിൽ ആവി പിടിച്ച് കാഴ്ച മങ്ങുന്ന അവസരത്തിൽ എസി ഉള്ള വാഹനമാണെങ്കിൽ എസിയുടെ ഫ്ലോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചു വെക്കാവുന്നതാണ്.

14. ഓടിക്കാൻ പ്രയാസമുള്ള കോരിച്ചൊരിയുന്ന മഴയാണെങ്കിൽ വാഹനം റോഡിൽ നിന്ന് മാറി തുറസായ സ്ഥലത്ത് പാർക്ക് ചെയ്ത് മഴ കുറഞ്ഞ ശേഷം യാത്ര തുടരാവുന്നതാണ്.

പൊതുജനങ്ങളോട്

1. മഴക്കാലത്ത് പൊതുവെ കാഴ്ച കുറവായിരിക്കും അതിനാൽ റോഡിലൂടെ നടക്കുമ്പോഴും കുറുകെ കടക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കണം

2. കുട ചൂടി റോഡിലൂടെ നടക്കേണ്ടി വരുമ്പോൾ സ്വന്തം കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട ചൂടരുത്.

3. ഒന്നിൽ കൂടുതലാളുകൾ ഒരു കുട ചൂടി നടക്കേണ്ടി വരുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

4. മഴ തുടങ്ങുന്ന ഘട്ടത്തിൽ പെട്ടെന്ന് ഒരു ഷെൽട്ടറിലെത്താൻ ഓടുന്നത് ശ്രദ്ധയിൽ പെടാറുണ്ട്. ഒരു കാരണവശാലും റോഡിൽ കൂടി ഓടരുത്.

സൈക്കിൾ യാത്രക്കാരോട്

1. സൈക്കിളിൽ ഇരട്ട സവാരി ഒഴിവാക്കുക.

2. നല്ല ത്രെഡുള്ള ടയറുകൾ, ലൈറ്റ്, റിഫ്ലക്ടർ, ബെൽ, കാര്യക്ഷമമായ ബ്രേക്ക് എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

3. വളരെ വേഗത്തിൽ സൈക്കിൾ ഓടിക്കരുത്

4. ഒരു വാഹനത്തിനെയും മറികടക്കാൻ ശ്രമിക്കരുത്.

5. കുട ചൂടി സൈക്കിൾ ഓടിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com