ADVERTISEMENT

മോട്ടർ വാഹന പോളിസികളുടെ കാലാവധി സംബന്ധിച്ചും തേഡ് പാർട്ടി ഇൻഷുറൻസ്, വാഹനങ്ങളുടെ ഓൺ ഡാമേജ് പോളിസി, ഉടമയുടെ അപകട ഇൻഷുറൻസ് എന്നിവ ഒരുമിച്ചും വെവ്വേറെ എടുക്കുന്നതു സംബന്ധിച്ചും പുതിയ നിബന്ധനകൾ നിലവിൽ വന്നല്ലോ. വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? 

2018 സെപ്റ്റംബർ മുതൽ പുതുതായി വാങ്ങുന്ന കാറുകൾക്ക് 3 വർഷത്തെയും ഇരുചക്ര മോട്ടർ വാഹനങ്ങൾക്ക് 5 വർഷത്തെയും തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പോളിസികൾ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ അപകടങ്ങൾ സംഭവിക്കുമ്പോൾ വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ഓൺ ഡാമേജ് പോളിസികൾ സമാന കാലാവധിക്ക് കോംപ്രിഹെൻസീവ് പോളിസികൾ ആയിട്ടോ ഒരു വർഷത്തേയ്ക്ക് പ്രത്യേക പോളിസികളായോ എടുക്കാം. ഏതു തരം പോളിസി ആയാലും വാഹനത്തിന്റെ ഉടമയായ ഡ്രൈവർക്ക് കുറഞ്ഞത് 15 ലക്ഷത്തിന് മുകളിൽ പരിരക്ഷ ലഭിക്കുന്ന രീതിയിൽ വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ടതുണ്ട്. 2019 ജനുവരി 1 മുതൽ വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസി, മോട്ടർ ഇൻഷുറൻസ് പോളിസിയിൽനിന്ന് വേർപെടുത്തി എടുക്കാം എന്നും നിയമമായിട്ടുണ്ട്.  ഈ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടർ വാഹന പോളിസികൾ പുതുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 

∙ പഴയ പോളിസികൾ 

2018 സെപ്റ്റംബർ ഒന്നിനുമുൻപ് റജിസ്റ്റർ ചെയ്തിട്ടുള്ള കാറുകൾക്കും ഇരുചക്ര മോട്ടർ വാഹനങ്ങൾക്കും ദീർഘകാല തേഡ് പാർട്ടി ഇൻഷുറൻസ് പോളിസികൾ ബാധകമാക്കിയിട്ടില്ല. ഇത്തരം വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുമ്പോൾ ഒരു വർഷത്തേക്കുള്ള പോളിസികൾ എടുത്താൽ മതിയാകും. തേഡ് പാർട്ടി ഇൻഷുറൻസ് മാത്രം എടുത്തിട്ടുള്ളവർക്ക് ആവശ്യമെങ്കിൽ ഓൺ ഡാമേജ് പോളിസി കൂടി ഒരുമിച്ചോ പ്രത്യേകമായോ എടുക്കാവുന്നതും പുതുക്കാവുന്നതുമാണ്. തേഡ് പാർട്ടി ഇൻഷുറൻസും ഓൺ ഡാമേജ് ഇൻഷുറൻസും ഒരേ കമ്പനിയിൽനിന്നോ വ്യത്യസ്ത കമ്പനികളിൽനിന്നോ എടുക്കുന്നതിനു തടസ്സമില്ല. 

∙ ദീർഘകാല തേഡ് പാർട്ടി പോളിസികൾ 

കാറുകൾക്ക് 3 വർഷത്തെയും ഇരുചക്ര മോട്ടർ വാഹനങ്ങൾക്ക് 5 വർഷത്തെയും ദീർഘ കാലാവധിക്ക് വാഹന ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവർ വർഷംതോറും പോളിസികൾ പുതുക്കേണ്ടതായിവരുന്നില്ല. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും ഓൺ ഡാമേജ് പോളിസി ഒരു വർഷത്തെ കാലാവധിക്കോ തേഡ് പാർട്ടി ഇൻഷുറൻസിന്റെ നിലവിലുള്ള കാലാവധിക്കോ എടുക്കാവുന്നതാണ്. ഇത്തരത്തിൽ ഓൺ ഡാമേജ് പോളിസി മാത്രം എടുക്കുന്നതിന് 2019 സെപ്റ്റംബർ ഒന്ന് മുതൽ അനുവാദം നൽകി കൊണ്ട് ഇൻഷുറൻസ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകമായി വാങ്ങുന്ന ഒരു വർഷ കാലാവധി നിശ്ചയിച്ചിരിക്കുന്ന ഓൺ ഡാമേജ് പോളിസികൾ നിലവിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ള കമ്പനിയിൽനിന്നോ മറ്റു കമ്പനികളിൽനിന്നോ ഇഷ്ടാനുസരണം വാങ്ങാവുന്നതാണ്. വർഷം തോറും ഇവ പുതുക്കിക്കൊണ്ടിരുന്നാൽ മാത്രമേ പരിരക്ഷ തുടർന്നു ലഭിക്കുകയുള്ളൂ. 

∙ കോംപ്രിഹെൻസീവ് പോളിസികൾ 

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ 3 വർഷത്തെയും 5 വർഷത്തെയും തേഡ് പാർട്ടി പരിരക്ഷയും ഓൺ ഡാമേജ് പരിരക്ഷയും കൂടി ചേർത്ത് കോംപ്രിഹെൻസീവ് പോളിസികൾ വാങ്ങിയിട്ടുള്ളവർ ഇടയ്ക്കിടെ പോളിസി പുതുക്കുന്നതിനായി മെനക്കേടേണ്ടി വരുന്നില്ല. പോളിസിയുടെ കാലാവധി 3 വർഷം അല്ലെങ്കിൽ 5 വർഷം കഴിയുമ്പോൾ മാത്രം ഇടവേള വരാതെ പുതുക്കാൻ ശ്രദ്ധിക്കണം. 

∙ ഉടമയുടെ പരിരക്ഷ 

ഡ്രൈവിങ് ലൈസൻസുള്ള വാഹന ഉടമ ഡ്രൈവറായോ സഹ ഡ്രൈവറായോ വാഹനത്തിൽ ഉണ്ടായിരിക്കുകയും അപകടത്തിൽ കഷ്ടനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്താൽ നഷ്ടപരിഹാരം നൽകുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെങ്കിലും വാഹന ഇൻഷുറൻസ് പോളിസിയോടൊപ്പം കൂട്ടിച്ചേർത്തെടുക്കണമെന്നില്ല. വ്യക്തിഗത പരിരക്ഷ പ്രത്യേകമായി എടുക്കാവുന്നതും ഒന്നിലധികം വാഹനങ്ങൾ ഉള്ളവർക്ക് കൂടി 15 ലക്ഷത്തിന്റെ പരിരക്ഷ ലഭിക്കുന്ന ഒരു പോളിസി മാത്രം മതിയാകുന്നതുമാണ്. വ്യക്തിഗത പരിരക്ഷാ പോളിസികൾ ഒരു വർഷ കാലാവധി ഉള്ളവയായതിനാൽ കൃത്യമായി അവ പുതുക്കാൻ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com