വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനാണ് 2020 ഏപ്രിൽ ഒന്നു മുതൽ ബിഎസ് 6 നിലവാരം വാഹനങ്ങളിൽ എത്തുന്നു. എന്നാൽ ഇതിനു മുമ്പിലത്തെ നിലവാരമാറ്റങ്ങൾ പോലെ എളുപ്പമായിരിക്കില്ല കാര്യങ്ങൾ. 2005 ൽ ഇന്ത്യയിൽ ബിഎസ്–3 മലിനീകരണ നിയന്ത്രണമേർപ്പെടുത്തിയപ്പോഴാണ് വാഹന നിർമാതാക്കൾ ഡീസൽ എൻജിനുകളിൽ സിആർഡിഐ അഥവാ കോമൺ റെയിൽ ഡയറക്ട് ഇൻജക്ഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. കരുത്തു കുറഞ്ഞവയും പരുക്കനുമായ ഡീസൽ എൻജിനുകൾക്കു പുതുജീവൻ നൽകിയ ഒരു സാങ്കേതികവിദ്യയായിരുന്നു സിആർഡിഐ. എന്നാൽ 2005 ൽ ഡീസൽ എൻജിനുകളിൽ സംഭവിച്ച ഒരു മാറ്റമല്ല ബിഎസ് 6 ന്റെ വരവോടെ 2020 ൽ സംഭവിക്കാൻ പോകുന്നത്.
ഡീസൽ കാറുകളുടെ വില വർദ്ധിപ്പിക്കാനും ഒരുപക്ഷേ ജനപ്രീതി തന്നെ കുറയ്ക്കാനും പോന്നൊരു മാറ്റമായിരിക്കുമത്. ബിഎസ് 4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് എൻജിനുകളെ മാറ്റുന്നത് ഏറെ ചിലവുവരുന്ന കാര്യമാണെന്ന് പറഞ്ഞ് ചെറു ഡീസൽ എൻജിനുകളുടെ നിർമാണം പോലും പല കമ്പനികളും നിർത്താൻ ഒരുങ്ങുന്നതും ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മലീനീകരണം കുറയ്ക്കാനായി ഡീസൽ വാഹനങ്ങളിൽ എസ്സിആർ (സിലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ), ഡിപിഎഫ് (ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽറ്റർ) എന്നീ ഘടകങ്ങള് ഇടം പിടിക്കും. മാത്രമല്ല എൻജിൻ ഓയിലുകൾ പോലെ കൃത്യമായ ഇടവേളകളിൽ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് അല്ലെങ്കിൽ ആഡ്ബ്ലൂ ഒഴിച്ചു കൊടുക്കേണ്ടി വരും.
എന്താണ് ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ്?
ബിഎസ് 6 ഡീസൽ എൻജിനുകളിൽ നൈട്രജൻ ഓക്സൈഡുകളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എസ്സിആർ. എൻജിനിൽനിന്നു പുറത്തു വരുന്ന നൈട്രജൻ ഓക്സൈഡുകളെ സാധാരണ നൈട്രജനും ജലവുമായി രൂപാന്തരപ്പെടുത്തുകയാണ് എസ്സിആർ ചെയ്യുക. ഇതിനായി എസ്സിആറിനെ സഹായിക്കുന്ന ഒരു ദ്രാവകമാണ് ഡിഇഎഫ് അഥവാ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് അല്ലെങ്കിൽ ആഡ്ബ്ലൂ. 62.5 ശതമാനം ഡീഅയണൈസ്ഡ് വാട്ടറും 37.5 ശതമാനം യൂറിയയും അടങ്ങിയതാണ് ആഡ്ബ്ലൂ. നിലവിൽ ഹെവി വാഹനങ്ങളിലെല്ലാം ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നുണ്ട്.
ചെറു വാഹനങ്ങളിൽ ഏകദേശം 10 ലീറ്റർ വരെയുള്ള ചെറു ടാങ്കുകളിലായിരിക്കും ഇവ സൂക്ഷിക്കുക. എൻജിനിലേയ്ക്ക് കലരാതെ വാഹനത്തിന്റെ എക്സ്ഹോസ്റ്റ് സംവിധാനത്തിലെ എസ്സിആറിൽ (സിലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ) വെച്ചാണ് നൈട്രജൻ ഓക്സൈഡുകളെ സാധാരണ നൈട്രജനും ജലവുമായി രൂപാന്തരപ്പെടുത്തുന്നത്. നിലവിൽ ബിഎസ് 6 ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനമാണ് ജീപ്പ് കോംപസ് ട്രെയിൽഹോക്ക് . അതിലെ ഡീസൽ എക്സോസ്റ്റ് ഫ്ലൂയിഡ് ടാങ്ക് 13 ലീറ്ററാണ്. നിലവിൽ ഡീലർഷിപ്പുകളിൽ നിന്ന് മാത്രം ലഭിക്കുന്ന ആഡ്ബ്ലൂവിന്റെ വില ഒരു ലിറ്ററിന് 127 രൂപയാണ്. എന്നാൽ ബിഎസ് 6 ഡീസൽ വാഹനങ്ങൾ വ്യാപകമാകുമ്പോൾ ഇതിന്റെ വില കുറഞ്ഞേക്കാം. ഒരു തവണ ടാങ്ക് പൂർണമായും നിറച്ചാൽ 6000 കിലോമീറ്റർ മുതൽ 10000 കിലോമീറ്റർ വരെ ഓടാൻ സാധിക്കും. ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഇല്ലാതെ ബിഎസ് 6 ഡീസൽ വാഹനം സ്റ്റാർട്ടാക്കാൻ സാധിക്കില്ല.