ADVERTISEMENT

പ്രളയക്കെടുതിയിൽ നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിച്ചത്. പൂർണമായും മുങ്ങിയ വാഹനങ്ങളും ഭാഗികമായി മുങ്ങിയ വാഹനങ്ങളും നിരവധി. ഇവയുടെ അറ്റകുറ്റ പണികൾക്ക് ധാരാളം പണച്ചിലവുണ്ടാകും. അതുകൊണ്ടു തന്നെ ഇൻഷുറൻസ് കമ്പനികളുടെ സഹായം വാഹനയുടമകൾക്ക് കൂടിയേ തീരൂ. വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ ഇൻഷുറൻസ് ലഭിക്കും. 

വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ?

∙ വാഹനം അപകടത്തിൽ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങളിൽ പെട്ടാൽ ഏഴു ദിവസത്തിനുള്ളിൽ  ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം എന്നാണ് നിയമം. വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ എടുത്ത് സൂക്ഷിക്കുക. നമ്പർപ്ലേറ്റ് കണുന്ന തരത്തിൽ ചിത്രങ്ങൾ എടുക്കുന്നത് ഉത്തമം.

∙ പോളിസി പേപ്പറുകള്‍ വെള്ളത്തിൽ നഷ്ടപ്പെട്ടാലും  ഭയപ്പെടാനില്ല. വാഹനത്തിന്റെ നമ്പറോ, ഉടമയുടെ പേരോ നൽകിയും ഇൻഷുറൻസ് ക്ലെയിം ചെയ്യാം.

∙ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളുവെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല. നിയമം അനുസരിച്ചുള്ള മിനിമം ഇൻഷുറൻസ് (ആക്ട് ഒൺലി പോളിസി) മാത്രമേ ഉള്ളുവെങ്കിലും കിട്ടില്ല. ഫുൾ കവർ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. 

∙ ചെളിയിൽലോ വെള്ളത്തിലോ മൂടി കിടക്കുന്ന വാഹനം തുറക്കരുത്. സ്റ്റാർട്ട് ചെയ്യരുത്. പോളിസി നമ്പർ സഹിതം ഇൻഷുറൻസ് കമ്പനിയിൽ വിളിക്കുകയോ ഓൺലൈനിൽ ബന്ധപ്പെടുകയോ ചെയ്യുക. അവർ സർവെയറെ അയയ്ക്കും. സർവെയർ വന്നു ഫൊട്ടോ എടുത്തു കുറിപ്പു തയാറാക്കും. വണ്ടി കെട്ടിവലിച്ചു സർവീസ് സെന്ററിൽ കൊണ്ടു പോകാൻ നടപടി സ്വീകരിക്കും. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ചെലവ് തരാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമാണ്. 

∙ അറ്റകുറ്റപ്പണിക്ക് എത്ര തുക വേണ്ടിവരുമെന്നു കണക്കാക്കും. സർവീസ് സെന്ററും ഇൻഷുറൻസുകാരും ചേർന്ന് ഒത്തുതീർപ്പാകുന്ന തുക ഇ‍ൻഷുറൻസ് കമ്പനി നൽകും. ഉടമയ്ക്കു വേണമെങ്കിൽ സർവീസ് സെന്ററിനു പണം നൽകാം. പിന്നീട് ഇൻഷുറൻസ് കമ്പനി ആ തുകയ്ക്കുള്ള ചെക്ക് നൽകും.

∙ വാഹനത്തിന്റെ ലൈറ്റുകൾ, ഫൈബർ–പ്ലാസ്റ്റിക് ഭാഗങ്ങൾ, സീറ്റിന്റെ റെക്സിൻ തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് കിട്ടില്ല. മുൻപിലും പിറകിലുമുള്ള ഗ്ലാസ്, ഡോറിന്റെ ഗ്ലാസ് എന്നിവയ്ക്കു കിട്ടും.

∙ വണ്ടി നന്നാക്കാൻ കഴിയാത്തവിധം ‘ടോട്ടൽ ലോസ്’ ആയിട്ടുണ്ടെങ്കിൽ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും. വണ്ടി അവർ ഏറ്റെടുക്കും. എന്നാൽ, ടോട്ടൽ ലോസ് ആയി കണക്കാക്കണമെന്ന് ഉടമയ്ക്ക് നിർബന്ധിക്കാൻ കഴിയില്ല. ഇൻഷുറൻസ് കമ്പനിയാണ് അതു നിശ്ചയിക്കുക.

∙ വണ്ടിയിലെ എക്സ്ട്രാ ഫിറ്റിങ്സിന് പ്രത്യേകം ഇൻഷുർ ചെയ്തില്ലെങ്കിൽ തുക കിട്ടില്ല.

∙ . വാഹനം ഒലിച്ചുപോയി കണ്ടെത്താൻ കഴിയാതിരുന്നാലോ, വാഹനം തിരികെ കൊണ്ടു വരുന്നതിനു വൻ ചെലവാണെങ്കിലോ ടോട്ടൽ ലോസ് ആയി കണക്കാക്കി നഷ്ടപരിഹാരം തരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com