ADVERTISEMENT

കേരളം വീണ്ടുമൊരു വെള്ളപ്പൊക്ക ദുരിതത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും ആളുകളെ ദുരിതത്തിലാഴ്ത്തി. കനത്ത കാറ്റിലും മഴയിലും നിരവധി വാഹനങ്ങൾക്കാണ് കേടു പറ്റിയത്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീഴുന്ന വാർത്തകൾ നാം ധാരാളം കേട്ടു. വൈദ്യുതി ലൈനുകൾ പൊട്ടി വീഴുന്നതും കുറവല്ല. ഓടിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തുചെയ്യണമെന്നതിൽ ഇപ്പോഴും പലർക്കും ആശങ്കയുണ്ട്.

വൈദ്യുതി ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. പുറത്തു വീണ വൈദ്യുതി ലൈനിൽ അറിയാതെയെങ്കിലും തൊട്ടാലുള്ള അവസ്ഥ പറയേണ്ട കാര്യമില്ല. കാറിന്റെ ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം. വാഹനത്തിന് തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചാൽ മതി. എങ്കിലും വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക.

സ്വയരക്ഷയ്ക്കുള്ള മാർഗങ്ങൾക്കായി സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുന്നത് നന്നായിരിക്കും. വിജനമായ സ്ഥലത്താണ് അപകടം സംഭവിച്ചതെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുന്നതാണ് കൂടുതൽ ഉചിതം, 100 ൽ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കാം. അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ഒരിക്കലും വാഹനത്തിന് പുറത്തിറങ്ങാൻ ശ്രമിക്കരുത്

∙ടയർ റബറായതിനാൽ വാഹനത്തിൽ തുടരുന്നതാണ് സുരക്ഷിതം

∙തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങാം

∙വൈദ്യുതി ലൈനുകളിൽ സ്പർശിക്കരുത്

∙ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്

∙വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പുണ്ടാകണം, അങ്ങനെ ഉണ്ടെങ്കിൽ അപകടമാണ്

∙പുറത്തിറങ്ങുമ്പോൾ വെള്ളമില്ലാത്ത സ്ഥലം നോക്കി ഇറങ്ങുക

∙പുറത്തിറങ്ങുമ്പോൾ രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുവാൻ ശ്രമിക്കുക

∙വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക

∙ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കണം

∙വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന് അടുത്തേക്ക് പോകുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com