ADVERTISEMENT

ഇലക്ട്രിക് കാറുകളായിരിക്കും ഭാവിയുടെ വാഹനങ്ങൾ. കാഴ്ചയിൽ അവ സാധാരണ വാഹനങ്ങൾ തന്നെയാണെങ്കിലും പരമ്പരാഗത ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളിൽ നിന്നു അവ തികച്ചും വ്യത്യസ്തമായിരിക്കും. മറ്റു വാഹനങ്ങളെക്കാൾ മലിനീകരണം കുറവാണ് എന്നല്ല പലപ്പോഴും മലിനീകരണം അശേഷം ഉണ്ടാവില്ല. ബാറ്ററി പാക്കുകളില്‍ വൈദ്യുതി സംഭരിച്ചുവച്ചാണ് ഇലക്ട്രിക് വാഹനങ്ങൾ പ്രവർത്തിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളും ആന്തരിക ജ്വലന യന്ത്രത്തിനു (internal combustion engine) പകരമായി ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിക്കുന്നു. ഇത്തരം വാഹനങ്ങള്‍ വലിയ ട്രാക്ഷന്‍ ബാറ്ററി പാക്കുകള്‍ ഉപയോഗിച്ചാണ് അതിന്റെ എൻജിന് ശക്തി പകരുന്നത്. ഈ ബാറ്ററിയെ ചാര്‍ജിങ് സ്റ്റേഷനുകളിലെയോ സ്വന്തമോ ആയ വാള്‍ പ്ലഗുകളില്‍ കുത്തിയിട്ടാണ് ചാര്‍ജ് നിറയ്ക്കുന്നത്. ഇത്തരം വാഹനങ്ങള്‍ വൈദ്യുതിയെ മാത്രം ആശ്രയിക്കുന്നതിനാല്‍, അവയ്ക്ക് സങ്കീർണമായി എക്സ്ഹോസ്റ്റ് സിസ്റ്റത്തിന്റെ ആവശ്യമില്ല. കൂടാതെ ദ്രവ്യാവസ്ഥയിലുള്ള ഇന്ധനങ്ങളൊന്നും ഉപയോഗിക്കാത്തതിനാല്‍ അവ സംഭരിക്കാനുള്ള ടാങ്കുകളും ആവശ്യമില്ല. 

ഒരു പരിപൂര്‍ണ ഇലക്ട്രിക് കാറിന്റെ പ്രധാന ഘടകഭാഗങ്ങള്‍ ഇവയെല്ലാമാണ്:

∙ ബാറ്ററി: ഒരു ഇലക്ട്രിക് ഡ്രൈവ് വാഹനത്തില്‍ വാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ശക്തി പകരാനായി ബാറ്ററി ഉപയോഗിക്കുന്നു. ഓള്‍ ഇലക്ട്രിക് ഓക്‌സിലിയറി ബാറ്ററി എന്നാണ് ഇവയെ വിളിക്കുന്നത്.

∙ ചാര്‍ജ് പോര്‍ട്ട്:  വാഹനത്തെ പുറത്തുനിന്നുള്ള പവര്‍ സ്‌പ്ലൈയുമായി ബന്ധിപ്പിച്ച് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്നു. കാറിന്റെ ട്രാക്ഷന്‍ ബാറ്ററി പാക്ക് ചാര്‍ജ് ചെയ്‌തെടുക്കാനാണ് ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിക്കുന്നത്.

∙ ഡിസി/ഡിസി കണ്‍വേര്‍ട്ടര്‍: ഡിസി/ഡിസി കണ്‍വേര്‍ട്ടര്‍ (DC/DC converter) ആണ് ട്രാക്ഷന്‍ ബാറ്ററിയിലുള്ള കൂടിയ വോള്‍ട്ടേജ് ഉള്ള വൈദ്യുതിയെ കുറഞ്ഞ വോള്‍ട്ടേജ് ഉള്ള ഡിസി പവറായി പരിണമിപ്പിക്കുന്നത്. കുറഞ്ഞ ഡിസി പവര്‍ ആയിരിക്കും വാഹനത്തിന്റെ പല അക്‌സസറികള്‍ക്കും ആവശ്യം വരിക. ഓക്‌സിലിയറി ബാറ്ററി റീചാര്‍ജ് ചെയ്യുമ്പോഴും ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നു.

∙ ഇലക്ട്രിക് ട്രാക്‌ഷന്‍ മോട്ടര്‍: വാഹനത്തിന്റെ ചക്രങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പവർ ബാറ്ററി പാക്കില്‍ നിന്നും എത്തിക്കുന്നത് ഇലക്ട്രിക് ട്രാക്‌ഷന്‍ മോട്ടര്‍ ഉപയോഗിച്ചാണ്. ചില വാഹനങ്ങളില്‍ മോട്ടര്‍ ജനറേറ്ററുകള്‍ ഉപയോഗിച്ച് ഡ്രൈവ്, റീജെനറേഷന്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നു.

∙ ഓണ്‍ബോര്‍ഡ് ചാര്‍ജര്‍: എസി (AC) കറന്റ് ചാര്‍ജ് പോര്‍ട്ടിലൂടെ വലിച്ചെടുത്ത് ഡിസി പവറാക്കി മാറ്റി ട്രാക്ഷന്‍ ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്യുന്നു. ബാറ്ററിയുടെ വിവിധ കാര്യങ്ങള്‍ അത് പരിശോധിച്ചുകൊണ്ടിരിക്കുന്നു. വോള്‍ട്ടേജ്, കറന്റ്, താപം, എന്തുമാത്രം ചാര്‍ജായി എന്ന കാര്യങ്ങളൊക്കെ ചാര്‍ജിങ് സമയത്ത് ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് നിരീക്ഷിക്കുന്നത്. 

∙ പവര്‍ ഇലക്ട്രോണിക്‌സ് കൺ‌ട്രോളര്‍: ട്രാക്‌ഷന്‍ ബാറ്ററിയില്‍ നിന്നു വരുന്ന ഇലക്ട്രിക്കല്‍ ഊര്‍ജം നിയന്ത്രിക്കുന്നത് പവര്‍ ഇലക്ട്രോണിക്‌സ് കൺ‌ട്രോളര്‍ ആണ്. ഇലക്ട്രിക് ട്രാക്‌ഷന്‍ മോട്ടറിന്റെ സ്പീഡും അതിന്റെ ടോർക്കും നിയന്ത്രിക്കുന്നത് പവര്‍ ഇലക്ട്രോണിക്‌സ് കൺ‌ട്രോളര്‍ ആയിരിക്കും.

∙ കൂളിങ്ങിനുള്ള തെര്‍മല്‍ സിസ്റ്റം: ഈ സിസ്റ്റമാണ് വണ്ടി ഓടിക്കുന്ന സമയത്ത് ഇലക്ട്രിക് മോട്ടറിന്റെയും പവര്‍ ഇലക്ട്രോണിക്‌സിന്റെയും മറ്റു ഘടകഭാഗങ്ങളുടെയും താപം നിയന്ത്രിക്കുന്നത്. 

∙ ട്രാക്‌ഷന്‍ ബാറ്ററി പാക്ക്: വാഹനത്തിന്റെ ഇലക്ട്രിക് ട്രാക്‌ഷന്‍ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി സംഭരിച്ചു വയ്ക്കുന്നത് ഇവിടെയാണ്.

∙ ട്രാന്‍സ്മിഷന്‍: ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ആണ്, ഇലക്ട്രിക് ട്രാക്‌ഷന്‍ മോട്ടറില്‍ നിന്നുള്ള മെക്കാനിക്കല്‍ ശക്തി ചക്രങ്ങളുരുളാനായി എത്തിച്ചുകൊടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com