ബിഎസ് 6 വാഹനങ്ങളിലെ മാറ്റങ്ങൾ എന്തൊക്കെ?

diesel-adblue
Ad Blue
SHARE

ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരമുള്ള വാഹനങ്ങളും ഇന്ധനവും 2020 ഏപ്രിൽ ഒന്നിനു നിലവിൽ വരുകയാണ്. വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. യൂറോപ്യൻ മാനദണ്ഡങ്ങളുടെ (യൂറോ) ചുവടുപിടിച്ച് മോട്ടോർ വാഹനങ്ങൾക്ക് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണത്തോതുകളാണ് ഭാരത് സ്റ്റേജ്. പെട്രോൾ, ഡീസൽ മുതലായ വാഹനങ്ങൾക്ക് പരമാവധി പുറംതള്ളാവുന്ന വിഷഘടകങ്ങളുടെ അളവ് ഭാരത് സ്റ്റേജ് നിലവാരങ്ങൾ കൊണ്ട് സർക്കാർ‌ നിജപ്പെടുത്തിയിരിക്കുന്നു. 

നിലവിൽ ഭാരത് സ്റ്റേജ് 4 (ബിഎസ് 4) നിലവാരമുള്ള വാഹനങ്ങളും ഇന്ധനവുമാണ്. അതിൽ നിന്ന് ബിഎസ് 5 എന്ന നിലവാരത്തെയും മറികടന്ന് ബിഎസ് 6 എന്ന നിലവാരം എത്തിപ്പിടിക്കുകയാണു രാജ്യം. വാഹന നിർമാതാക്കൾ ഭീമമായ തുക ചെലവഴിച്ചും മികച്ച ഗവേഷണങ്ങൾ നടത്തിയും ബിഎസ് 6 നിലവാരമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നിലവിലെ ബിഎസ് 4 ഡീസൽ എൻജിൻ‌ വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്താൻ വാഹനങ്ങളുടെ സാങ്കേതിക വിദ്യയിൽ, എൻജിനീയറിങിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

∙ ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടർ (ഡിപിഎഫ്) ഡീസൽ എൻജിൻ വാഹനങ്ങളെ ബിഎസ് 6 നിലവാരത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മികച്ച രീതിയിൽ ഇവ പ്രവർത്തിക്കുന്നതിന് ഒരു നിശ്ചിത താപനില ആവശ്യമായുണ്ട്. എൻജിൻ കപ്പാസിറ്റി, ഡ്രൈവിങ് സ്പീഡ്, ട്രാഫിക് എന്നീ പരിമിതികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡിപിഎഫ് ഡിസൈൻ ചെയ്യേണ്ടതായുണ്ട്. 

∙ കാറ്റലിറ്റിക് കൺവേർട്ടർ – ഡീസൽ ഓക്സിഡേഷൻ കാറ്റലിസ്റ്റ് വഴി കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോ കാർബണിന്റെയും തോത് ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ കാറ്റലിസ്റ്റും വാഹന നിർമാതാക്കൾ ഉപയോഗിക്കേണ്ടതായി വരും. 

∙ ലീൻ എൻ‌ഒഎക്സ് ട്രാപ് – നൈട്രജൻ ഓക്സൈഡിന്റെ തോത് കുറയ്ക്കുവാൻ ഉപയോഗിക്കേണ്ടതുണ്ട്. 

∙ ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്സ് – ഒബിഡി അഥവാ ഒരു മിനി കംപ്യൂട്ടർ സിസ്റ്റം, വിവിധ ഘടകങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകുന്നു. അതിനാൽത്തന്നെ വാഹനത്തിന്റെ ആയുസ്സു തീരുവോളം അതിൽ നിന്നു പുറപ്പെടുന്ന മലിനീകരണം പരിധിക്കുള്ളിലാണെന്ന് ഉറപ്പു വരുത്തുന്നു. 

∙ ആഡ്ബ്ലൂ- എൻജിനിൽനിന്നു പുറത്തു വരുന്ന നൈട്രജൻ ഓക്‌സൈഡുകളെ സാധാരണ നൈട്രജനും ജലവുമായി രൂപാന്തരപ്പെടുത്തുകയാണ് എസ്‌സിആർ ചെയ്യുക. ഇതിനായി എസ്‌സിആറിനെ സഹായിക്കുന്ന ഒരു ദ്രാവകമാണ് ഡിഇഎഫ് അഥവാ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് അല്ലെങ്കിൽ ആഡ്ബ്ലൂ. ; 62.5 ശതമാനം ഡീഅയണൈസ്ഡ് വാട്ടറും 37.5 ശതമാനം യൂറിയയും അടങ്ങിയതാണ് ആഡ്ബ്ലൂ. നിലവിൽ ഹെവി വാഹനങ്ങളിലെല്ലാം ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നുണ്ട്.

ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കുവാൻ ഡീസൽ എൻജിൻ വാഹനങ്ങളിൽ കാര്യമായ മാറ്റം നടത്തേണ്ടി വരുന്നതിനാൽ വില ഉയരും എന്നതിൽ സംശയമില്ല. പെട്രോൾ–ഡീസൽ വിലകളിലെ അന്തരവും വലിയ ഘടകമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA