വെള്ളം കണ്ടാൽ നിൽക്കും വണ്ടി:ഇൻഷുറൻസ് ബലപ്പെടുത്തണം

PTI7_14_2019_000084B
Flood
SHARE

ഈ പെരുമഴക്കാലത്ത് വാഹനങ്ങളുടെ സുരക്ഷിതത്വം ശ്രദ്ധിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളുടെ മുന്നറിയിപ്പുണ്ടായിരുന്നല്ലോ. പ്രളയസന്ദർഭങ്ങളിൽ പൂർണ പരിരക്ഷ ലഭിക്കുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം? 

കോംപ്രിഹെൻസിവ് വാഹന ഇൻഷുറൻസ് പോളിസി ഉണ്ടല്ലോ എന്ന് ആശ്വസിച്ചിരുന്നവർക്ക്, വെള്ളം കയറി കാർ പൂർണമായും നശിച്ചാൽ പല വകുപ്പുകളിലായി ഒഴിവാക്കലും കിഴിക്കലും ഒക്കെക്കഴിഞ്ഞു ലഭിക്കുന്ന ക്ലെയിം തുക സാമ്പത്തിക നഷ്ടം പൂർണമായും നികത്താൻ തികയില്ല. കാറിനു ചുറ്റും ക്രമാതീതമായി വെള്ളം കയറിയ സന്ദർഭങ്ങളിൽ എൻജിൻ സ്റ്റാർട്ട് ചെയ്ത് കാർ ഓടിച്ച് മാറ്റാൻ ശ്രമിക്കുമ്പോൾ എൻജിനുള്ളിലേക്കു വായുവിനു പകരം വെള്ളം വലിച്ചെടുക്കപ്പെടുകയും ഉള്ളിലുള്ള ഭാഗങ്ങൾ നശിച്ച് എൻജിൻ പൂർണമായും തകരാറിലാകുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിലെ നഷ്ടം 'കൺസീക്വൻഷ്യൽ ലോസ്' (പ്രവൃത്തിയുടെ അനന്തരഫലം) എന്ന് കണക്കാക്കുന്നതിനാൽ ക്ലെയിം തുക ലഭിക്കില്ല. 

പഴയ വാഹനങ്ങൾക്ക് ഡിപ്രിസിയേഷൻ കഴിച്ചുള്ള പരിരക്ഷ മാത്രം ലഭിക്കുന്നതിനാൽ വാഹനം പൂർണമായി നശിച്ചാലും ലഭിക്കുന്ന ക്ലെയിം തുക യഥാർഥ നഷ്ടം നികത്തില്ല. മാത്രമല്ല, കാറിൽ അപ്‌ഹോൾസ്റ്ററി, ഫൈബർ, പ്ലാസ്റ്റിക് ഭാഗങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളെല്ലാം കാറുടമ സ്വന്തമായി വഹിക്കേണ്ടിയും വരും.  

പ്രളയവും മറ്റ് ദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് സംഭവിക്കുന്ന യഥാർത്ഥ നഷ്ടങ്ങൾക്കനുസൃതമായി ക്ലെയിം ലഭിക്കുന്നതിന് ചില അധിക പരിരക്ഷകൾ കൂടി ഉൾപ്പെടുത്തി വേണം കോംപ്രിഹെൻസിവ് പോളിസികൾ എടുക്കാൻ. 

ഇൻവോയ്‌സ് കവർ

ഇൻവോയ്‌സ് കവർ ഉൾപ്പെടുത്തി കോംപ്രിഹെൻസിവ് വാഹന ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ, വാഹനം വാങ്ങിയ സമയത്തെ ഇൻവോയ്‌സ് വിലയ്ക്കു തുല്യമായ പരിരക്ഷ ലഭിക്കും. പോളിസി പുതുക്കുമ്പോഴും പരിരക്ഷത്തുക അതേ നിലയിൽ നിർത്താം. നഷ്ടം സംഭവിക്കുമ്പോൾ വാഹനം വീണ്ടും ഉപയോഗ യോഗ്യമാക്കാൻ പരിരക്ഷത്തുകയുടെ 75 ശതമാനത്തിലധികം ചെലവാക്കേണ്ടി വരുന്ന സന്ദർഭങ്ങളിലാണ് ടോട്ടൽ ലോസ് അഥവാ പൂർണമായും നഷ്ടപ്പെട്ട അവസ്ഥ എന്ന് കണക്കാക്കുക. പ്രളയം, മണ്ണിടിച്ചിൽ, കാർ മോഷണം എന്നിങ്ങനെ വാഹനം പൂർണമായും നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ ഇൻവോയ്‌സ് കവർ ഉണ്ടെങ്കിൽ വാഹനം വാങ്ങാൻ ചെലവാക്കിയ തുക പൂർണമായും ക്ലെയിം ലഭിക്കും. 

എൻജിൻ പ്രൊട്ടക്ടർ

എൻജിൻ, ഗിയർ ബോക്‌സ് തുടങ്ങിയവയിലെ സുപ്രധാന ഭാഗങ്ങൾക്കുണ്ടാകുന്ന നാശം കേവലം റിപ്പയർ ചെയ്തു പരിഹരിക്കുന്നത് ഗുണകരമാകില്ല.  പ്രളയ സന്ദർങ്ങളിൽ പലപ്പോഴും മാറ്റിവയ്ക്കൽ തന്നെ ആവശ്യമായി വരും. അപകടങ്ങളിലും മറ്റും എൻജിനും അനുബന്ധ ഭാഗങ്ങൾക്കും ഉണ്ടാകുന്ന കേടുപാടുകളും ഇത്തരത്തിലുള്ളതാകാൻ സാധ്യതയുണ്ട്. എൻജിൻ പ്രൊട്ടക്ടർ ആഡ് ഓൺ പരിരക്ഷ കൂടി കോംപ്രിഹെൻസിവ് പോളിസിയോടൊപ്പം ഉണ്ടെങ്കിൽ എൻജിനുണ്ടാകുന്ന നഷ്ടം പൂർണമായി പരിഹരിച്ചു കിട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA