ADVERTISEMENT

ഒരുവയസുകാരി ജീപ്പിൽനിന്നു തെറിച്ചു വീണ് വനപാതയിൽ അകപ്പെട്ട സംഭവം നടുക്കത്തോടെയാണ് നാം കേട്ടത്. ക്ഷീണം കാരണം ഉറങ്ങിപ്പോയ മാതാവിന്റെ കൈയിൽ നിന്നും കുട്ടി വഴുതിപ്പോയത് ഒഴിവാക്കാനാവാകുന്ന സംഭവം. കഴിഞ്ഞ ദിവസം സീറ്റ് ബെൽറ്റ് മുറുകി കുട്ടി മരിച്ചതുമായി ചേർത്തുവായിക്കുമ്പോൾ നമ്മുടെ വാഹനങ്ങളിലെ കുട്ടികളുടെ യാത്ര സുരക്ഷിതമാണോ?

കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

∙ മുൻസീറ്റിൽ ഇരുത്തരുത്: കുട്ടികളെ മുന്നിലിരുത്തരുതെന്ന് പറയുന്നതിന് കാരണം അപകടമുണ്ടാകുമ്പോൾ തുറന്നുവരുന്ന എയർബാഗിന്റെ ആഘാതം കുട്ടികൾക്ക് താങ്ങാനാവില്ലെന്നത് തന്നെയാണ്. മണിക്കൂറിൽ 250 കിലോമീറ്ററിലേറെ വേഗത്തില്‍ മുഖത്തു വന്ന് എയർബാഗ് ഇടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഘാതം താങ്ങാൻ കുട്ടികൾക്ക് കഴിയില്ല.

∙മടിയിലിരുത്തി യാത്ര വേണ്ട: കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഹാനികരമാകാം. മടിയിലോ കയ്യിലോ ഇരിക്കുമ്പോൾ ശക്തമായി ബ്രേക്കിടുമ്പോൾ പോലും കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാം.

∙ചൈൽഡ് സീറ്റിനോട് മുഖംതിരിക്കരുത്: പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നവയാണ്. എന്നാലും പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും. പിൻസീറ്റിൽ ഇസോഫിക്സ് ചൈൽഡ് പിറ്റ് സഹിതമുള്ള വാഹനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

∙ചൈൽഡ് സീറ്റ് ഡ്രൈവറിന് പിന്നിൽ വേണ്ട: പിൻസീറ്റിൽ ഡ്രൈവർക്കു പുറകിലായി ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുൻ സീറ്റിലുള്ള യാത്രക്കാരന്‍റെ പിൻവശത്തായി വരുന്ന ഇടത് ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്.

∙ചൈൽഡ് സീറ്റ് പാകമായിരിക്കണം: കുട്ടികൾക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവർക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെൽറ്റുകൾ കൃത്യമായി, മുറുകെ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

∙സെൻസറുണ്ടെന്ന ധൈര്യം വേണ്ട: ചൈൽ‍ഡ് സീറ്റ് സെൻസറുള്ള വാഹനങ്ങളിലും കുട്ടികളുടെ സീറ്റ് മുന്നിൽ ക്രമീകരിക്കരുത്.

മികച്ച രാജ്യാന്തര ബ്രാൻഡുകളുടെ ചൈൽഡ് സീറ്റുകൾക്ക് ഇന്ത്യയിൽ 30,000 രൂപയോളം വില വരും. കാറുകളിലെ ഇസോഫിക്സ് പിറ്റുകൾ കണ്ടെത്താൻ എളുപ്പമാണ്. ഇസോഫിക്സ് സീറ്റുകൾ നിലവിൽ ഇന്ത്യയിൽ നിർബന്ധമല്ല അതിനാൽ തന്നെ ഇവയോടു മുഖം തിരിക്കാനാണ് മിക്കവർക്കും താത്പര്യം. എന്നാൽ വാഹനാപകടങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഇത്തരം കാര്യങ്ങളിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകതയുണ്ട്. മിക്ക ന്യൂജൻ വാഹനങ്ങളും കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയാണ്.

ഇരുചക്ര വാഹനങ്ങളിലെ സുരക്ഷ

സുരക്ഷിതമായ യാത്രയും ഓരോ കുട്ടിയുടെയും അവകാശമാണ്. ഇരുചക്രവാഹനങ്ങളിൽ സ്കൂളുകളിലും മറ്റും പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

∙കുട്ടികൾ പിൻസീറ്റ് യാത്രക്കാരാകുമ്പോൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത്

∙സുരക്ഷാസംവിധാനമില്ലാതെ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകുന്നത് നിയമലംഘനമാണ്.

∙ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ മുന്നിലിരുത്തി യാത്രചെയ്യുന്നത് കൂടുതൽ അപകടകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com