നട്ടുച്ച നേരത്ത് എസിയുടെ സുഖകരമായ തണുപ്പ് ഇല്ലാതൊരു യാത്ര ആലോചിക്കാനേ വയ്യ. എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ലെന്ന് തന്നെ പറയാം. ലോറികളിൽ വരെ എസി ഇടം പിടിച്ചു കഴിഞ്ഞു. വാഹനത്തിലെ എസി ഉപയോഗിക്കുന്ന മിക്കവരും ചെയ്യുന്ന, എസിയുടെ കാര്യക്ഷമത കുറയ്ക്കുന്ന ഈ 5 തെറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.
∙ വാഹനത്തിൽ കയറിയാൽ ഉടൻ എസി ഓണാക്കുക: ചൂടത്ത് പാർക്ക് ചെയ്ത വാഹനം സ്റ്റാർട്ട് ചെയ്താൽ ആദ്യം ചെയ്യുക എസി മാക്സിമത്തിൽ ഇടുക എന്നതായിരിക്കും. എന്നാൽ ഇത് അത്ര നല്ല പ്രവർത്തിയല്ല. എസി ഇടുന്നതിന് മുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തിയാൽ ചൂടു വായു പുറത്തേക്ക് പോകും. അതിനു ശേഷം കുറച്ചു സമയം കഴിഞ്ഞ് മാത്രം എസി ഓണാക്കുക. നിങ്ങളുടെ എസിയുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വർദ്ധിക്കുകയും ചെയ്യും.
∙ റീസർക്കുലേഷൻ മോഡ്: വാഹനത്തിനുള്ള പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ മോഡിലിടുന്നത് നല്ലതല്ല. പുറത്തെ ചൂടിനെക്കാൾ വളരെ അധികമായിരിക്കും വാഹനത്തിന് അകത്തെ ചൂട് അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ള വായു എടുക്കുന്ന മോഡ് ഓൺചെയ്ത് കുറച്ചു നേരത്തിന് ശേഷം മാത്രമേ റീസർക്കുലേഷൻ മോഡ് ഇടാവൂ.
∙ രാവിലെ എസി ഇടാതയുള്ള യാത്ര: ചൂടു കുറവുള്ള സമയങ്ങളിൽ അതായത് അതിരാവിലെ മിക്ക ആളുകളും എസി ഉപയോഗിക്കാറില്ല. കഴിവതും എസിയിട്ടു തന്നെ ഓടിക്കാൻ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറയ്ക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകൾ ഡ്രൈയാകുന്നതു തടയാനും സഹായിക്കും. കൂടാതെ ഹൈവേകളിലൂടയുള്ള യാത്രയിൽ ചില്ല് ഉയർത്തി വയ്ക്കാതെയുള്ള പോക്ക് ചിലപ്പോൾ വാഹനത്തിന്റെ ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.
∙ ശരിയായ ദിശയിലേക്ക് വയ്ക്കാത്ത വെന്റ്: മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ് എസി വെന്റ് സ്വന്തം ദേഹത്തേക്ക് അല്ലെങ്കില് മുഖത്തേക്ക് തിരിച്ചുവയ്ക്കുക എന്നത്. എന്നാൽ വാഹനത്തിന്റെ ഉൾഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കിൽ വെന്റ് ശരിയായ പൊസിഷനിൽ വയ്ക്കണം. നാലു വെന്റുകളും നേരെ തന്നെ വച്ചാൽ മാത്രമേ പിന്നിലെ യാത്രകാർക്കും എസിയുടെ തണുപ്പ് ലഭിക്കുകയുള്ളൂ.
∙ കൃത്യമായ പരിപാലനം: ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. വാഹനം 25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി തീർച്ചയായും സർവീസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കുകയും വേണം.