ADVERTISEMENT

ഇന്ത്യയില്‍ ഒാട്ടമാറ്റിക്ക് കാറുകളുടെ പ്രചാരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എഎംടി ഗിയർബോക്സ് എന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്ന എഎംടി ഇന്ത്യയിൽ ഓട്ടമാറ്റിക് കാറുകളുടെ ജനപ്രിയത വർധിപ്പിച്ചു. ചെറു കാറുകളിൽ പോലും ഇന്ന് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളുണ്ട്. എന്നാൽ ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്‌സ് എന്ന എഎംടി കാറുകള്‍ ശരിക്കും ഓട്ടമാറ്റിക്കാണോ? ഇവയും പരമ്പരാഗത ഓട്ടമാറ്റിക് ഗിയർബോക്സും തമ്മിലുള്ള വ്യത്യാസമെന്ത്? ഒാട്ടമാറ്റിക്ക് കാർ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

നിലവിൽ ഇന്ത്യൻ നിരത്തിൽ വിവിധതരം ഓട്ടമാറ്റിക് കാറുകളാണുള്ളത്. എഎംടി, സിവിടി, ടോർക്ക് കൺവേർട്ടർ, ഡിഎസ്ജി അല്ലെങ്കിൽ ഡിസിടി. ഇതിൽ എഎംടി ഒഴികെയുള്ളതെല്ലാം ഓട്ടമാറ്റിക് ഗിയർബോക്സുകളാണ്. കുറഞ്ഞ മെയിന്റനൻസ്, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവ എഎംടിയുടെ പ്രത്യേകതകളാണ്.

എന്താണ് എഎംടി

എഎംടി പരമ്പരാഗത ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സല്ല. സിവിടി അല്ലെങ്കില്‍ ഡിടിസി ഗിയര്‍ബോക്‌സുകളെപ്പോലെയല്ല എഎംടി പ്രവര്‍ത്തിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സിന്റെ മെക്കാനിസം തന്നെയാണ് എഎംടിക്കും. ക്ലച്ചിന്റേയും ഗിയറിന്റേയും പ്രവര്‍ത്തനം മാത്രമാണ് ഓട്ടമാറ്റിക്. സാധാരണയായി ക്ലച്ച് അമര്‍ത്തുമ്പോള്‍ എൻജിനും ഗിയര്‍ ബോക്‌സുമായുള്ള ബന്ധം വേര്‍പെടുകയും അതുവഴി ഗിയര്‍ മാറുകയുമാണ് മാനുവൽ ഗിയർ ബോക്സുള്ള വാഹനങ്ങള്‍ ചെയ്യാറ്. എന്നാല്‍ എഎംടി പ്രകാരം വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് ഗിയര്‍ പ്രവർത്തിക്കുമ്പോഴെ ക്ലച്ച് ഒാട്ടമാറ്റിക്കായി പ്രവര്‍ത്തിക്കും അതുകൊണ്ട് ക്ലച്ച് പെഡലിന്റെ ആവശ്യമില്ല.

മാനുവൽ ഗിയർബോക്സിനെ ഓട്ടമാറ്റിക്കായി മാറ്റുന്നതുകൊണ്ട് അതിന്റേതായ ചില പ്രശ്നങ്ങൾ എഎംടി ഗിയർബോക്സിനുണ്ട്. ബജറ്റ് കാറുകള്‍ക്കാണ് എഎംടി ഗിയര്‍ബോക്‌സ് കൂടുതലും ഉപയോഗിക്കാറ്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സാധാരണയായി കാണില്ല. ഇത് കയറ്റത്തിലും ഇറക്കത്തിലും നിർത്തിയെടുക്കുമ്പോൾ വാഹനം തനിയെ ഉരുണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പുതിയ എഎംടി വാഹനങ്ങളിൽ ഹില്‍ ഹോള്‍ഡ് കണ്‍ട്രോളും ഹില്‍ ഡിസന്റ് കണ്‍ട്രോളുമെല്ലാം കമ്പനികൾ നൽകി തുടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള ഓവര്‍ടേക്കുകള്‍ എഎംടിയില്‍ കാറുകളില്‍ നടത്താതിരിക്കുന്നതായിരിക്കും നല്ലത്. കാരണം എഎംടി ഗിയര്‍ബോക്‌സിന് പ്രതികരിക്കാന്‍ അല്‍പ്പസമയം ആവശ്യമാണ്. അതുകൊണ്ട് നാം ഉദ്ദേശിക്കുന്ന വേഗത്തിൽ എഎംടി കാര്‍ ഓവര്‍ടേക്ക് ചെയ്യണമെന്നില്ല. കുറഞ്ഞ മെയിന്റനൻസ്, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവ എഎംടിയുടെ പ്രത്യേകതകളാണ്.

ടോർക് കൺവേർട്ടർ

പരമ്പരാഗത ഓട്ടമാറ്റിക്കാണ് ടോർക് കൺവേർട്ടർ. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഇതുതന്നെ. 4 സ്പീഡ്, 5 സ്പീഡ് എന്നൊക്കെ ഗിയറുകളുടെ എണ്ണം ഇത്തരം ഓട്ടോമാറ്റിക് കാറുകളിൽ കുറിച്ചിട്ടുണ്ടാകും. എത്ര ഗിയർ കൂടുന്നുവോ അത്രയും മികവുറ്റ പ്രകടനം പ്രതീക്ഷിക്കാം. കരുത്തുറ്റ പ്രകടനമാണ് ഇത്തരം ഗിയർബോക്സുകളുടെ സവിശേഷതകളിലൊന്ന്.

സിവിടി

മറ്റൊന്ന് സിവിടി, കണ്ടിന്യൂസ്‌ലി വേരിയിങ് ട്രാൻസ്മിഷൻ എന്നാണു മുഴുവൻ പേര്. ആദ്യത്തേതിൽനിന്നു വ്യത്യാസം ഗിയർ റേഷ്യോയിൽ മാത്രമാണ്. ഉദാഹരണത്തിന് സാധാരണ ഗിയർബോക്സ് അഞ്ചുസ്പീഡ് ആണെന്നു നാം കേൾക്കാറില്ലേ? സിവിടിയിൽ ഇങ്ങനെ എണ്ണം പറയാൻ കഴിയില്ല. ഗിയർറേഷ്യോ അനന്തമാണ്. പേടിക്കേണ്ട, രണ്ടും തമ്മിൽ സാങ്കേതികവിദ്യയിൽ മാത്രം മാറ്റം. പ്രവർത്തനത്തിൽ പുറമേ വലിയ വ്യത്യാസം അറിയില്ല. സിവിടിയിൽ ഗിയർഷിഫ്റ്റ് കുറേക്കൂടി സ്മൂത്താണ്. ഗിയർഷിഫ്റ്റിങ് അറിയില്ലെന്ന് സാരം. കൂടാതെ ടോർക്ക് കൺവേർട്ടറെ അപേക്ഷിച്ച് ഇന്ധനക്ഷമതയും കൂടുതലുണ്ടാകും.

ഡിസിടി

ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ ഏറ്റവും വികസിതമായ ടെക്നോളജിയാണ് ഡിസിടി എല്ലെങ്കിൽ ഡ്യുവൽ ക്ലച്ച്, ചില കമ്പനികൾ ഇതിനെ ഡിഎസ്‍ജി എന്നും വിശേഷിപ്പിക്കുന്നു. ഏറ്റവും കരുത്തുറ്റ പവർഡെലിവറിയാണ് ഈ ഗിയർബോക്സിന്റെ പ്രത്യേകത. പേര് സൂചിപ്പിക്കുന്നതുപോലെ രണ്ട് ക്ലച്ചുകളുണ്ട്. ഒറ്റ സംഖ്യ ഗിയറുകൾക്ക് ഒരു ക്ലച്ചും ഇരട്ടസംഖ്യ ഗിയറുകൾക്ക് മറ്റൊരു ക്ലച്ചും. അതുകൊണ്ട് തന്നെ ഗിയർമാറ്റങ്ങൾ വളരെ അനായാസം നടക്കും. ഗിയറുകൾക്കിടയിലെ ലാഗ് തീരെയില്ല. മികച്ച പെർഫോമൻസാണ് ഡിസിടി ഗിയർബോക്സുള്ള വാഹനങ്ങൾ നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com