ADVERTISEMENT

ഡ്രൈവിങ് ലളിതമാക്കുന്ന സംവിധാനങ്ങൾ ഒട്ടേറെയുണ്ട് പുതുതലമുറ കാറുകളിൽ.  ഡ്രൈവർ ആവശ്യമില്ലാത്ത സ്വയം നിയന്ത്രിത കാറുകളുടെ ഗവേഷണവും ത്വരിതഗതിയിൽ മുന്നേറുന്നു. വാഹനലോകത്തെ മാറ്റിമറിക്കുന്ന പുത്തൻ സാങ്കേതികവിദ്യകളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും ഒന്നു മനസ്സിലാക്കാം.

വൈദ്യുതിയിലോടുന്ന വാഹനങ്ങളെക്കുറിച്ചാണ് ഇപ്പോൾ നാടു മുഴുവൻ സംസാരം; പ്രത്യേകിച്ച് വാഹനപ്രേമികളുടെ ഇടയിൽ. കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന നിയമത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ പുത്തൻ നയങ്ങളും കൂടിയായതോടെ ചർച്ചയ്ക്കു ചൂടു പിടിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഇത്ര തിടുക്കപ്പെട്ട് കൊണ്ടുവരേണ്ട കാര്യമുണ്ടോ? സാവധാനം പ്രാബല്യത്തിൽ വരുത്തിയാൽ പോരേ എന്നു ചോദിക്കുന്നവരാണ് ഭൂരിപക്ഷവും. നാം വൈദ്യുതവാഹനങ്ങൾ നിരത്തിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മറ്റു രാജ്യങ്ങൾ ഒരു പടികൂടി കടന്ന് ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ നിരത്തിലെത്തിക്കുന്നതിന്റെ ഗവേഷണത്തിലാണ്. കാരണം വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറച്ചതുകൊണ്ടു മാത്രം പ്രശ്നങ്ങൾ തീരില്ല എന്നവർക്കറിയാം. മലിനീകരണത്തോടൊപ്പമോ ഒരുപക്ഷേ അതിനേക്കാളോ പ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങൾ  ഇന്ന് വാഹനങ്ങൾകൊണ്ടുണ്ടാകുന്നുണ്ട്.

മുംബൈ, ബെംഗളൂരു, ചെന്നൈ എന്നു വേണ്ട നമ്മുടെ സ്വന്തം കൊച്ചി വരെ ഇന്ന്‌ നേരിടുന്ന പ്രധാന പ്രശ്നമാണു ഗതാഗതക്കുരുക്ക്. വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളാണു മറ്റൊന്ന്. വാഹന അപകടങ്ങൾ മൂലം ഇന്ത്യയിൽ നാലു മിനിറ്റിൽ ഒരാൾ മരിക്കുന്നു എന്നാണ് കണക്ക്. സ്വയം നിയന്ത്രിത വാഹനങ്ങൾ എത്തുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണു വാഹന ലോകം.

self-driving-car-3

സ്വയം നിയന്ത്രിതവാഹനങ്ങൾ

മനുഷ്യസഹായം കൂടാതെ ഉള്ളിലുള്ള കംപ്യൂട്ടർ സംവിധാനത്തിന്റെ നിർദേശങ്ങൾ മാത്രം ഉപയോഗിച്ചു സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് സ്വയം നിയന്ത്രിത വാഹനങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വണ്ടി ഓടിക്കാൻ ഡ്രൈവർ വേണ്ട എന്നർഥം. അതിനൂതന ക്യാമറ, റഡാർ, ജി പി എസ് എന്നിവയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കൃത്രിമബുദ്ധിയുള്ള കംപ്യൂട്ടർ സംവിധാനങ്ങളിലേക്കു കടത്തിവിട്ടാണ് ഇതു സാധിക്കുന്നത്.

സ്വയം നിയന്ത്രിത വാഹനങ്ങൾ വരുന്നതോടെ വാഹന ഉപയോഗത്തിൽ വലിയ മാറ്റം ഉണ്ടായേക്കാം. ഒരുപക്ഷേ, പഴ്‌സനൽ വാഹനം എന്ന കാഴ്ചപ്പാട് ഇല്ലാതായേക്കാം. ഉൗബർ, ഓല ടാക്സി ചെയിൻ പോലെ ആവശ്യമുള്ളപ്പോൾ മൊബൈലിൽ ബട്ടൺ അമർത്തുമ്പോൾ വണ്ടി തനിയെ ഓടി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കൊള്ളും. വാഹനം ഓടിക്കേണ്ട ആവശ്യമില്ല. പാർക്കിങ് ചെയ്യാനുള്ള സ്ഥലം തനിയെ കണ്ടെത്തിക്കൊള്ളും. കംപ്യൂട്ടർ നിയന്ത്രിതമായതിനാൽ രാപകലില്ലാതെ കൂടുതൽ ട്രിപ്പുകൾ നടത്താനാവും. സാധാരണ ടാക്സി സർവീസുകളെക്കാൾ ചെലവും കുറയും. സ്വയം നിയന്ത്രിത വാഹനങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള നിർമാതാക്കൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. 

self-driving-car-2

ഡ്രൈവർ വേണ്ടാത്ത വാഹനങ്ങൾ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിൽ ഇന്നും ഒരു വിദൂര സ്വപ്നമാണെങ്കിലും വികസിതരാജ്യങ്ങൾ അതിനു വളരെ അടുത്തെത്തിയിരിക്കുന്നു. തനിയെ സഞ്ചരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ വികസിപ്പിച്ചെങ്കിലും നിലവിലുള്ള സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയുടെ പക്വതക്കുറവും നിയമതടസ്സങ്ങളുമാണു പ്രധാന നിർമാതാക്കളായ ഗൂഗിൾ, ഉൗബർ , ടെസ്‌ല എന്നിവയെ സ്വയം നിയന്ത്രിത വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ  ഇറക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നത്.

സാങ്കേതികവിദ്യയുടെ പല തലങ്ങൾ  ഡ്രൈവറുടെ അശ്രദ്ധ മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള മുന്നറിയിപ്പുകൾ നൽകാൻ സാധിക്കുന്ന ലളിത സംവിധാനങ്ങൾ മുതൽ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന പൂർണമായും കംപ്യൂട്ടർ നിയന്ത്രിത വാഹനങ്ങൾ വരെ ഉൾപ്പെടുന്ന ഈ വിഭാഗത്തിലെ വാഹനങ്ങളെ വാഹന എൻജിനീയർമാരുടെ  സംഘടനയായ  സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്സ്  (എസ് എ  ഇ) പ്രധാനമായും 6 വിഭാഗമായി  തിരിച്ചിട്ടുണ്ട് 

∙ ലെവൽ 0 - ഒരു വാഹനം അപകടത്തിൽപെടാനുള്ള സാഹചര്യമുണ്ടെങ്കിൽ അതൊഴിവാക്കാനായി ഡ്രൈവർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനമാണ് ഈ വിഭാഗത്തിലുള്ള കാറുകളുടെ പ്രത്യേകത. എന്നാൽ വാഹനത്തിന്റെ ബ്രേക്ക്, സ്റ്റിയറിങ് എന്നിവ നിയന്ത്രിക്കാൻ ഈ സാങ്കേതികവിദ്യ മതിയാകില്ല.

∙ലെവൽ 1 - ഒരു ഡ്രൈവർ വാഹനം നിയന്ത്രിക്കാനായി ചെയ്യേണ്ട പല ജോലികളും ഈ വിഭാഗത്തിലെ കാറുകൾക്കു തനിയെ ചെയ്യാനാകും. മുന്നിലുള്ള വാഹനവുമായുള്ള ദൂരം മനസ്സിലാക്കി വാഹനത്തിന്റെ വേഗം സ്വയം ക്രമീകരിച്ചു സഞ്ചരിക്കാൻ സാധിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, നിരത്തുകളിലെ വരികൾ മനസ്സിലാക്കി വാഹനത്തിന്റെ സഞ്ചാരപാത അവയ്ക്കുള്ളിൽ കൂടി തനിയെ നിയന്ത്രിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്റ്റിയറിങ് സാങ്കേതികവിദ്യ എന്നിവ  ഈ വിഭാഗത്തിലുണ്ട്. ഡ്രൈവർ സ്റ്റിയറിങ്ങിന്റെ മുകളിൽ കൈ വച്ചാൽ മാത്രം മതി. റോഡ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന സ്റ്റിയറിങ് സംവിധാനങ്ങൾ ഉണ്ടെങ്കിലും സുരക്ഷാ കാരണങ്ങൾ മൂലം ഏതാനും നിമിഷങ്ങളിൽ കൂടുതൽ കൈ വിട്ട് ഓടിക്കാൻ ലെവൽ 1 കാറുകൾ അനുവദിക്കില്ല. യൂറോപ്പിലും അമേരിക്കയിലും വിൽപനയുള്ള മിക്ക നിസാൻ, ബെൻസ്, ഓഡി, ബിഎംഡബ്ല്യു കാറുകളിലും രണ്ടു വർഷമായി ഈ സംവിധാനങ്ങളുണ്ട്.

∙ലെവൽ 2 - ഡ്രൈവറുടെ പൂർണ ശ്രദ്ധ വേണമെങ്കിലും വാഹനം സ്വയം കാര്യങ്ങൾ ചെയ്യുന്നതാണു ലെവൽ 2. മാറുന്ന റോഡ് സാഹചര്യങ്ങൾക്ക് അനുസൃതമായി ആക്സിലറേഷൻ, ബ്രേക്ക്, സ്റ്റിയറിങ് നിയന്ത്രണം, ഒരു വരിയിൽനിന്നും മറ്റൊരു വരിയിലേക്കു മാറുക എന്നിവയൊക്കെ വാഹനത്തിനു സ്വന്തമായി തീരുമാനമെടുത്തു ചെയ്യാൻ സാധിക്കും. ടെസ്‌ലയുടെ മിക്ക മോഡലുകളും ലെവൽ 2 സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. വിമാനങ്ങളിൽ കാണുന്ന ഓട്ടോ പൈലറ്റ് സാങ്കേതികവിദ്യയോട് ഉപമിക്കാൻ സാധിക്കുന്നതാണ് ലെവൽ 2. അതുകൊണ്ടാകണം ടെസ്‌ല കാറുകളിൽ ഈ സാങ്കേതികവിദ്യയെ ടെസ്‌ല  ഓട്ടോ പൈലറ്റ് എന്നു തന്നെ വിശേഷിപ്പിക്കുന്നത്.

∙ലെവൽ 3 - ഈ വിഭാഗത്തിലുള്ള വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവറുടെ  ശ്രദ്ധ പൂർണമായും റോഡിൽ വേണമെന്നില്ല. പെട്ടെന്നുള്ള പ്രതികരണം വാഹനം തനിയെ ചെയ്തുകൊള്ളും. പക്ഷേ ഡ്രൈവർസീറ്റിൽ ആളുണ്ടാകണം. വാഹനം ഓടിക്കുന്ന അവസരത്തിൽ ഡ്രൈവർക്കു മറ്റു ജോലികളിൽ മുഴുകാൻ സാധിക്കും. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വെയിമോയുടെ കാറുകൾ ലെവൽ 3 വിഭാഗത്തിൽ ഉള്ളവയാണ്.

∙ലെവൽ 4 - ലെവൽ 3 യെക്കാളും കുറച്ചുകൂടി സ്വയംപര്യാപ്തമാണ് ലെവൽ  4. ഇത്തരം വാഹനങ്ങളിൽ ഡ്രൈവർ എല്ലാ സമയവും സീറ്റിൽ വേണമെന്നില്ല. ദൂരെ യാത്രകളിൽ ഡ്രൈവർ കുറച്ചു ദൂരം ഉറങ്ങിയാലും കുഴപ്പമില്ല. വേണ്ടി വന്നാൽ വാഹനം സ്വയം യാത്ര മതിയാക്കി സൈഡിൽ പാർക്ക് ചെയ്തുകൊള്ളും.

∙ലെവൽ 5 - പൂർണമായും സ്വയംപര്യാപ്തമായ റോബട്ടിക് കാറുകൾ.  ഡ്രൈവർ വേണ്ട. സ്റ്റിയറിങ്ങും പെഡലുകളും കാണണമെന്നില്ല. 

self-driving-car-1

സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനം

വാഹനാപകടങ്ങൾ കുറയ്ക്കാൻ വികസിപ്പിച്ച ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ) സംവിധാനങ്ങളാണ് സ്വയം നിയന്ത്രിത കാറുകളിലേക്കു വഴിവച്ചത്.  ലെവൽ 0 - ലെവൽ 1 സ്വയം നിയന്ത്രിത വാഹനങ്ങളിലെ സാങ്കേതികവിദ്യയാണ് ADAS സംവിധാനം. ഡ്രൈവറുടെ പിഴവുകൾ മൂലമുണ്ടാകാവുന്ന അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇത്തരം  സംവിധാനങ്ങളുടെ ലക്ഷ്യം.വാഹനത്തിന്റെ മുന്നിലും വശങ്ങളിലും പിന്നിലും ഘടിപ്പിച്ച ക്യാമറകളാണ് ഇത്തരം സാങ്കേതികവിദ്യയുടെ കണ്ണുകൾ. ഈ സംവിധാനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ കുറഞ്ഞത് 4 ക്യാമറ എങ്കിലും ഉണ്ടാകും.  ഈ ക്യാമറകളിൽനിന്നും ലഭിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഒരു ഇമേജ് പ്രോസസറിൽ കടത്തിവിടുന്നു. കൃത്രിമബുദ്ധിയുള്ള കംപ്യൂട്ടർ സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്ന ഇമേജ് പ്രോസസറിനു ക്യാമറ ദൃശ്യങ്ങളിലുള്ള വസ്തുക്കളെ തിരിച്ചറിയാൻ സാധിക്കും. ഉദാഹരണത്തിന് വാഹനത്തിനു കുറുകെഒരു കാൽനടയാത്രക്കാരൻ എടുത്തു ചാടുകയാണെങ്കിൽ മുന്നിലെ ക്യാമറയിൽ കാൽനടയാത്രക്കാരന്റെ ചിത്രങ്ങൾ പതിയുന്നു.  തൊട്ടു മുന്നിലെ വസ്തു ഒരു മനുഷ്യനാണെന്ന്  ഇമേജ് പ്രോസസർ  തിരിച്ചറിയുന്ന നിമിഷം വാഹനത്തിനുള്ളിൽ കംപ്യൂട്ടർ സംവിധാനം സ്വയം ബ്രേക്കു ചെയ്ത് അപകടം ഒഴിവാക്കും. 

ഇത്തരം ക്യാമറകൾക്ക് റോഡിലെ വരികൾ തിരിച്ചറിയാനുള്ള കഴിവുമുണ്ട്. ഒട്ടേറെ വരികളുള്ള നിരത്തുകളിൽ കൃത്യമായ സഞ്ചാരപാത കണ്ടെത്തി വാഹനത്തിനെ അതിനുള്ളിൽകൂടി നിയന്ത്രിച്ച് ഓടിച്ചുകൊണ്ടുപോകാൻ ലെയിൻ അസിസ്റ്റന്റ് സാങ്കേതികവിദ്യയ്ക്കു സാധിക്കും. ഒരളവു വരെ തനിയെ പ്രവർത്തിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്റ്റിയറിങ് സംവിധാനം, വാഹനത്തിന്റെ ഗതി കൃത്യമായി നിയന്ത്രിക്കുന്നു. ഡ്രൈവർ ശ്രദ്ധിച്ചില്ലെങ്കിലും വാഹനം റോഡിൽ നിന്നു പുറത്തുപോകാതെ സംരക്ഷിക്കാൻ ഇത്തരം സാങ്കേതികവിദ്യയ്ക്കാകും.പ്രധാനമായും വിഡിയോദൃശ്യങ്ങളെ ആശ്രയിക്കുന്നു എന്നതാണ് ഇവയുടെ പ്രധാന പോരായ്‌മ. ക്യാമറയിലെ ലെൻസിൽ വെള്ളം അല്ലെങ്കിൽ ചെളി പറ്റുന്നതു കംപ്യൂട്ടറിനു വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവിനെ ഗണ്യമായി ബാധിക്കാം. വ്യക്തമായി അടയാളങ്ങൾ നൽകി മികച്ച നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ഹൈവേകളിൽ മാത്രമേ ഇവയ്ക്കു ശരിയായി പ്രവർത്തിക്കാനാവൂ. അതിനാൽത്തന്നെ ഇത്തരം സംവിധാനങ്ങൾ മഴയും മഞ്ഞും ചെളിയുമുള്ള സാഹചര്യങ്ങളിൽ കാര്യക്ഷമമാകില്ല. 

ലെവൽ 2 മുതൽ മുകളിലേക്കു ക്യാമറയോടൊപ്പം റഡാർ അല്ലെങ്കിൽ ലൈഡർ സാങ്കേതികവിദ്യ കൂടി ഇടകലർത്തിയിട്ടുണ്ട്. ലൈറ്റ് ഇമേജിങ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് എന്നതാണ് ലൈഡറിന്റെ പൂർണരൂപം. 1970 കളിൽ നാസ വികസിപ്പിച്ച ഈ സാങ്കേതികവിദ്യയിൽ ലേസർ രശ്‌മികൾ ഉപയോഗിക്കുന്നതിനാൽ സാധാരണ ക്യാമറയെക്കാൾ മികച്ച റേഞ്ചു കിട്ടും. മോശമായ കാലാവസ്ഥയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കും. വാഹനത്തിന്റെ മുൻവശത്തേക്കു തിരിച്ചു വച്ചിരിക്കുന്ന ഇത്തരം ലൈഡർ/റഡാർ സംവിധാനങ്ങൾ വഴി വാഹനത്തിന്റെ 250 മീറ്റർ വരെ മുന്നിലുള്ള വസ്തുക്കളും അടയാളങ്ങളും മനസ്സിലാക്കാൻ സാധിക്കും.

വാഹനത്തിന്റെ സ്ഥാനം കിറുകൃത്യമായി കണ്ടുപിടിക്കാൻ സാധിക്കുന്ന ജി പി എസ് ആണു വാഹനത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു സംവിധാനം. സഞ്ചരിക്കുന്ന നിരത്തിലെ പരമാവധി വേഗവും വഴികളും ഈ കംപ്യൂട്ടർ സംവിധാനം  മനസ്സിലാക്കുന്നു. തിരക്കു കൂടിയ വഴികൾ ഒഴിവാക്കി വാഹനത്തെ കൃത്യസ്ഥാനത്തെത്തിക്കുന്നു. ഒരു സംവിധാനത്തെ മാത്രം ആശ്രയിക്കാതെ പല സംവിധാനങ്ങൾ കൂടിച്ചേർന്നുള്ള പ്രവർത്തനമായതിനാൽ ഒന്നു തകരാറിലായാലും വാഹനത്തിനു പ്രവർത്തിക്കാനാകും.  

കൃത്രിമബുദ്ധി

സെൻസറുകളിൽനിന്നും ലഭിക്കുന്ന വിവരം ശരിയായ രീതിയിൽ വിശകലനം ചെയ്യുക എന്നതാണ് സ്വയം നിയന്ത്രിത വാഹനങ്ങളിലെ പ്രധാന സംവിധാനം. നൂതന കംപ്യൂട്ടർ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു നിമിഷത്തിൽ 2000 ഫ്രെയിം വരെ കൈകാര്യം ചെയ്യാനുള്ള കഴിവ് ആധുനിക വാഹനങ്ങളിലെ കംപ്യൂട്ടറിനുണ്ട്. മനുഷ്യനിർമിതമായ നിർദേശങ്ങളെ കണ്ണടച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്ന പഴഞ്ചൻ കംപ്യൂട്ടർ സംവിധാനങ്ങൾ മതിയാകില്ല സ്വയംനിയന്ത്രിത വാഹനങ്ങൾക്ക്. മനുഷ്യരുടെ തലച്ചോറിന്റെ പ്രവർത്തനത്തോട് സമാനമായ ഡീപ് ലേണിങ്ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കിങ് സാങ്കേതികവിദ്യയാണ് ലെവൽ 2 ഉം അതിനു മുകളിലുള്ള സ്വയം നിയന്ത്രിത വാഹനങ്ങളിൽ  ഉപയോഗിക്കുന്നത്. നിലവിലെ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ റോഡിലുള്ള വരകളെയും സൈഡിലുള്ള അടയാളങ്ങളെയും വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. 

സ്വയം നിയന്ത്രിത കാർ 2022 ൽ

ടെസ്‌ല, ഗൂഗിൾ തുടങ്ങിയവയുടെ ടെസ്റ്റിങ് വാഹനങ്ങളിൽ ചിലത് ലെവൽ 4 നിലവാരത്തിലുള്ളവയാണ്. പക്ഷേ ശരിയായ സുരക്ഷാ നിയമനിർമാണമില്ലാത്തതും കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ അപൂർണതയും കാരണം വ്യാവസായിക ടിസ്ഥാനത്തിൽ നിർമാണം തുടങ്ങാൻ സാധിച്ചില്ല. ടെസ്‌ല, ഉൗബർ, ഗൂഗിൾ  തുടങ്ങിയവയുടെ സ്വയം നിയന്ത്രിത വാഹനങ്ങൾ  പരീക്ഷണ ഓട്ടത്തിനിടയിൽ ഒട്ടേറെ അപകടങ്ങളിൽ പെട്ടതും ഇവയുടെ പ്രവർത്തനക്ഷമതയെ കുറിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും തികച്ചും സ്വയം നിയന്ത്രിതമായ  കാറുകളുടെ വരവ് അധികം അകലെയാകാനിടയില്ല. 2020 - 2022 കാലഘട്ടത്തിൽ ഡ്രൈവർ ഇല്ലാതെ തനിയെ പ്രവർത്തിക്കുന്ന കാറുകൾ വിപണിയിൽ എത്തിയേക്കും. 

ഇന്ത്യയിൽ

ശരിയായ രീതിയിൽ അടയാളപ്പെടുത്തിയ റോഡുകളും, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരുമുള്ള സ്ഥലങ്ങളിൽ മാത്രമേ നിലവിലെ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ ഉപയോഗിച്ചു സ്വയം നിയന്ത്രിത വാഹനങ്ങൾക്കു സഞ്ചരിക്കാനാവൂ. നിയമങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും വാഹനമോടിക്കുന്ന ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ ഉപയോഗിച്ചു സഞ്ചരിക്കാൻ ഇത്തരം വാഹനങ്ങൾ പാടുപെടും. മനുഷ്യ തലച്ചോറിനോടു  കിടപിടിക്കുന്ന കംപ്യൂട്ടറുകൾ വന്നാലേ ഇന്ത്യൻ റോഡുകളിൽ ഇത്തരം വാഹനങ്ങൾക്കു രക്ഷയുള്ളൂ. അതുകൊണ്ട്, തൽക്കാലം വിദൂരസ്വപ്നം കണ്ടു നമുക്കു തൃപ്തിപ്പെടാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com